ഗോവ: ഇന്ത്യന്‍ യുവനിരയെ അണിനിരത്തി ഐ-ലീഗില്‍ അരങ്ങേറിയ ഇന്ത്യന്‍ ആരോസിന് വിജയത്തുടക്കം. ചെന്നൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ആരോസ് തോല്‍പ്പിച്ചത്. 

ഇരട്ടഗോളുമായി തിളങ്ങിയ ഇന്ത്യയുടെ അണ്ടര്‍-17 താരം അനികെത് ജാദവാണ് ആരോസിന്റെ വിജയശില്‍പ്പി. മൂന്നാം ഗോള്‍ ബോറിസ് സിങ് താങ്ജം നേടി. കളി തുടങ്ങി 20-ാം മിനിറ്റില്‍ തന്നെ അനികെത് ആരോസിനെ മുന്നിലെത്തിച്ചു. പിന്നീട് രണ്ടാം പകുതിയില്‍ അനികെത് വീണ്ടും വല കുലുക്കി. 90-ാം മിനിറ്റിലായിരുന്നു ബോറിസിന്റെ ഗോള്‍ വന്നത്. 

അണ്ടര്‍-17 ലോകകപ്പില്‍ കളിച്ച താരങ്ങളുമായി ചെന്നൈ സിറ്റി എഫ്.സിക്കെതിരെ കളത്തിലറങ്ങിയ ആരോസിന് ഗ്രൗണ്ടിലും പിഴച്ചില്ല. ഒത്തിണക്കത്തോടെ കളിച്ച ടീം ഐ-ലീഗില്‍ തങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുണ്ടെന്നതിന്റെ സൂചനയാണ് നല്‍കിയത്.