പനാജി: ഉജ്വല ഫോമില്‍ കുതിക്കുകയായിരുന്ന ഗോകുലം എഫ്.സി.ക്ക് തിരിച്ചടിയായി ഇഞ്ചുറി ടൈം ഗോള്‍. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഒകേചുക്വു നേടിയ ഗോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഗോകുലത്തെ തളച്ചത്.

ഗോകുലം താരങ്ങള്‍ ഫൈനല്‍ വിസിലിനുവേണ്ടി കാതോര്‍ത്തിരിക്കുമ്പോഴായിരുന്നു ഞെട്ടുന്ന ഗോള്‍. ഗോകുലം ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് മുന്നേറിയ ഒകെചുക്വു ആദ്യം ഗോളിലേയ്ക്ക് നിറയൊഴിച്ചു. എന്നാല്‍, അത് പിടിക്കാന്‍ ഗോളിക്ക് കഴിഞ്ഞില്ല. റീബൗണ്ട് പിടിച്ചെടുത്ത ഒകെചുക്വു വീണ്ടും പന്ത് പിടിച്ചെടുത്ത് വല കുലക്കി.

എഴുപത്തിരണ്ടാം മിനിറ്റില്‍ ഹെന്‍ റി കിസെക്കയുടെ ഗോളിലാണ് ഗോകുലം ലീഡ് നേടിയിരുന്നത്. മഹ്മൂദ് അല്‍ അജ്മി നല്‍കിയ പാസാണ് കിസെക്ക ലക്ഷ്യത്തിലെത്തിച്ചത്. ബോക്‌സില്‍ ഇരുവരും കൈമാറി കൊണ്ടുവന്ന പന്ത് അല്‍ അജ്മി എല്‍ഡറിനെ മികടന്ന് ബോക്‌സിലേയ്ക്ക് തള്ളിക്കൊടുത്തു. പന്ത് പിടിച്ചെടുത്ത കിസെക്ക കിത്താനെ വെട്ടിച്ച് വല ചലിപ്പിക്കുകയും ചെയ്തു.

ഈ സമനില സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഗോകുലത്തിന്റെ ശ്രമത്തിന് തിരിച്ചടിയായിരിക്കുകയാണ്. പതിനാറ് കളികളില്‍ നിന്ന് ഇരുപത് പോയിന്റുള്ള ഗോകുലം ഇപ്പോഴും ഏഴാം സ്ഥാനത്തു തന്നെയാണ്. പതിനേഴ് പോയിന്റുള്ള ചര്‍ച്ചില്‍ ഒന്‍പതാമതും.

 അവസാനം കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചാണ് ഗോകുലം ചര്‍ച്ചിലിനെ നേരിടാനെത്തിയത്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മിനര്‍വ എന്നീ മുന്‍നിര ടീമുകളെയാണ് ഗോകുലം തറപറ്റിച്ചത്.