കോഴിക്കോട്: ഗോകുലം എഫ്.സി.ക്ക് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം തുണയാവുന്നില്ല. ഐ ലീഗില്‍ മൂന്നാം തോല്‍വിയാണ് അവര്‍ ഏറ്റുവാങ്ങിയത്. അഞ്ചാമത്തെ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഐസ്വാള്‍ എഫ്.സിയോട് മടക്കമില്ലാത്ത രണ്ട് ഗോളിനാണ് വിദേശ താരങ്ങളുടെ പരിക്കില്‍ വലയുന്ന ഗോകുലം പരാജയപ്പെട്ടത്. സീസണില്‍ ഐസ്വാളിന്റെ മൂന്നാം ജയമാണിത്.

നാല്‍പത്തിയഞ്ചാം മിനിറ്റില്‍ ഡാനിയല്‍ അഡ്ഡോയുടെ സെല്‍ഫ് ഗോളിലാണ് ഗോകുലത്തിന് ആദ്യ ഗോള്‍ വഴങ്ങേണ്ടിവന്നത്. 52-ാം മിനിറ്റില്‍ ലൊണെസ്‌ക്യു  പട്ടിക തികച്ചു. ലാമ്വാന്‍കിമയുടെ പാസില്‍ നിന്നാണ് ലൊണെസ്‌ക്കൊ ഗോള്‍ നേടിയത്.

കളിച്ച ആറു കളികളില്‍ നാലിലും തോറ്റ ഗോകുലം ഇപ്പോള്‍ നാലു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. കളിച്ച അഞ്ചു കളികളില്‍ അഞ്ചും തോറ്റ ചര്‍ച്ചിലാണ് പട്ടികയില്‍ ഏറ്റവും പിറകില്‍.

മൂന്ന് ജയം, ഒരു സമനില, ഒരു തോല്‍വി എന്നിവയില്‍ നിന്ന് പത്ത് പോയിന്റുള്ള ഐസ്വാള്‍ ആറാമതാണ്.

ജനുവരി പന്ത്രണ്ടിന് കോഴിക്കോട്ട് ആരോസുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Content Highlights: i League Football Gokulam FC Aiswal FC Soccer