കോഴിക്കോട്: ഐ ലീഗിലെ അരങ്ങേറ്റ സീസണില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയാണ് ഗോകുലം എഫ്.സി.ക്ക്. ലീഗില്‍ ആറാം തോല്‍വിയാണ് അവര്‍ നേരിട്ടത്. സ്വന്തം തട്ടകത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ തലമുറയായ ഇന്ത്യന്‍ ആരോസിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം തോറ്റത്.

എഴുപത്തിയേഴാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുല്‍ നല്‍കിയ പാസില്‍ അഭിജിത്ത് സര്‍ക്കാരാണ് ആരോസിന്റെ ഗോള്‍ നേടിയത്.

ഇടതു ബോക്‌സില്‍ നിന്ന് രാഹുല്‍ കൊടുത്ത വളഞ്ഞുപുളഞ്ഞ ക്രോസ് അതേ കരുത്തോടെ പോസ്റ്റിലേയ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു അഭിജിത് സര്‍ക്കാര്‍.

 സ്വന്തം കാണികള്‍ക്ക് മുന്നില്‍ തീര്‍ത്തും നിരാശാജനകമായാ പ്രകടനമാണ്  ഗോകുലം പുറത്തെടുത്തത്. യാതൊരു ഭാവനയുമില്ലാത്ത നീക്കങ്ങളായിരുന്നു ഏറെയും. തുടക്കത്തില്‍ പന്തില്‍ നിയന്ത്രണം ലഭിച്ചെങ്കിലും നല്ല നീക്കങ്ങളായി അത് പരിവര്‍ത്തനപ്പെടുത്താന്‍ അവര്‍ക്കായില്ല. ഒരുപാട് തവണ എതിര്‍ ഏരിയയിലേയ്ക്ക് പോവാന്‍ കഴിഞ്ഞെങ്കിലും ഒരൊറ്റ തവണ പോലും നല്ലൊരു വെടിയുണ്ട നെറ്റിലേയ്ക്ക് ഉതിര്‍ക്കാന്‍ അവര്‍ക്കായില്ല. പരിചയസമ്പന്നനായ ഒഡേഫയെ പൂട്ടാന്‍ അന്‍വറിനും മറ്റും വലുതായി അധ്വാനിക്കേണ്ടിവന്നില്ല.

എതിര്‍ ചേരിയില്‍ അതി ദ്രുതമായിരുന്നു ആരോസിന്റെ നീക്കങ്ങള്‍. രാഹുല്‍ തന്നെയായിരുന്നു ഏറ്റവും അപകടകാരിയും. ഒരു കോര്‍ണറില്‍ നിന്നുള്ള രാഹുലിന്റെ തീപാറുന്ന ഹെഡ്ഡറില്‍ നിന്ന് കഷ്ടിച്ചാണ് ഗോകുലം രക്ഷപ്പെട്ടത്.

എട്ടു കളികളില്‍ ഗോകുലത്തിന്റെ ആറാം തോല്‍വിയാണിത്. ഒരു ജയവും ഒരു സമനിലയും സ്വന്തമായ അവര്‍ നാലു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. പത്ത് കളികളില്‍ നിന്ന് പതിനൊന്ന് പോയിന്റുള്ള ആരോസ് ഏഴാമതും.