കോഴിക്കോട്: ഇത്തവണ ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ഏക ടീമായ ഗോകുലം എഫ്.സി യുടെ ആദ്യ ഹോം ഗ്രൗണ്ട് മത്സരം ചെന്നൈ എഫ്.സിക്കെതിരെ തിങ്കളാഴ്ച കോഴിക്കോട് നടക്കുകയാണ്. ഏഴുവര്‍ഷത്തിന് ശേഷമാണ് ഒരു കേരള ടീം ഐ-ലീഗില്‍ പന്തു തട്ടാനെത്തുന്നത്. 

മത്സരത്തിന് മുന്നോടിയായി കാലിക്കറ്റ് പ്രസ്‌ക്ലബ് കേരള ടീമിന് നല്‍കിയ മുഖാമുഖം പരിപാടിയില്‍ ക്യാപ്റ്റന്‍ സുശാന്ത് മാത്യു, കോച്ച് ബിനോ ജോര്‍ജ്, ഗോകുലം ക്ലബ് പ്രസിഡന്റ് വിസി പ്രവീണ്‍ എന്നിവര്‍ ടീമിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ് ചടങ്ങില്‍ ടീമിനുള്ള ഉപഹാരം സമര്‍പ്പിച്ചു. 

കേരളത്തിലേക്ക് ഐ ലീഗ് മത്സരങ്ങളുടെ തിരിച്ചുവരവ് കേരള ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും വിവ കേരളയുടെ സമയത്തെ സുവര്‍ണ കാലഘട്ടം വീണ്ടും തിരികെ ലഭിക്കുമെന്നും കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. 

മികച്ച ടീമാണ് കേരളത്തിനുള്ളത്, ആരാധകരുടെ പിന്തുണയുണ്ടെങ്കില്‍ സ്വന്തം തട്ടകത്തില്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ലീഗില്‍ ആദ്യനാലിനുള്ളില്‍ സ്ഥാനംപിടിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും ക്യാപ്റ്റന്‍ സുശാന്ത് മാത്യു പറഞ്ഞു.

Content Highlights: Gokulam FC I League Football