പന്തുകൾ കൊണ്ട് മാത്രമല്ല, കുറിക്കുകൊള്ളുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ടുകൂടി കേമനായിരുന്നു ഡീഗോ മാറഡോണ. പല സന്ദർഭങ്ങളിലായി മാറഡോണ നടത്തിയ വിവാദ പ്രതികരണങ്ങൾ വായിക്കാം.
"പെലെ നിർബന്ധമായും മ്യൂസിയത്തിലേക്ക് തന്നെ തിരിച്ചുപോകുക.
അദ്ദേഹം ഗുളിക കഴിച്ചത് മാറിപ്പോയി. രാത്രി ഉറങ്ങുന്നതിനുമുമ്പ് കഴിക്കേണ്ടതെടുത്ത് രാവിലെ കഴിച്ചു. ആശയക്കുഴപ്പമായി. അടുത്ത തവണ ഒന്നുകിൽ അദ്ദേഹം കൃത്യമായി മരുന്ന് കഴിക്കണം, അല്ലെങ്കിൽ ഡോക്ടറെ മാറ്റിക്കാണിക്കണം"
(മെസ്സിയേക്കാൾ കേമൻ നെയ്മർ ആണെന്ന പെലെയുടെ അഭിപ്രായത്തോടുള്ള പ്രതികരണം).
"എന്റെ ടീമംഗങ്ങൾ ഓടി വന്ന് ആശ്ലേഷിക്കുന്നതും കാത്തുനിൽക്കുകയായിരുന്നു ഞാൻ. പക്ഷേ ആരും വന്നില്ല. ഞാനവരോട് പറഞ്ഞു. വരൂ, എന്നെ ആശ്ലേഷിക്കൂ. അല്ലെങ്കിൽ റഫറിയത് അംഗീകരിച്ചു തരില്ല."
('ദൈവത്തിന്റെ കൈ' എന്ന വിഖ്യാതപ്രയോഗത്തെക്കുറിച്ച്)
"ഞാൻ ഒന്നുകിൽ കറുത്തവനാണ് അല്ലെങ്കിൽ വെളുത്തവൻ. ജീവിതത്തിലൊരിക്കലും ഞാൻ രണ്ടുംകെട്ട നിറക്കാരനല്ല. നിങ്ങളെങ്ങനെയാണോ അങ്ങനെയാണ് എന്നെയും കാണുന്നത്. ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ കളിക്കാരോടും അർജന്റീനക്കാരോടുമാണ്. അവരോടല്ലാതെ ആരോടുമെനിക്ക് നന്ദിയില്ല. ബാക്കിയുള്ളവർ എന്റെ അര നക്കിക്കൊണ്ടേയിരിക്കട്ടെ.
"(അർജന്റീന ടീം കോച്ചായിരുന്നപ്പോൾ നേരിട്ട അപവാദങ്ങളോടുള്ള പ്രതികരണം)
"ബുഷ് ഒരു കൊലയാളിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അർജന്റീനയുടെ മണ്ണിൽ അയാൾ കാൽകുത്താതിരിക്കാൻ ഞാനിതാ ഒരുങ്ങിപ്പുറപ്പെടുകയാണ്.
ഞാൻ ഹ്യൂഗോ ഷാവേസിൽ വിശ്വസിക്കുന്നു. ഞാൻ ഷാവിസ്തനാണ്. ഫിഡൽ ചെയ്യുന്നതെല്ലാം, ഷാവേസ് ചെയ്യുന്നതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം എല്ലാറ്റിലും മികച്ചതാണ്."
(രാഷ്ട്രീയ നിലപാടുകളിലെ മറഡോണ)
"നിയപരമായി എന്റെ മക്കൾ ദാൽമയും ഗിയാനിയയുമാണ്.ബാക്കിയുള്ളതെല്ലാം എന്റെ പണത്തിന്റെയും അബദ്ധങ്ങളുടെയും ഉൽപന്നങ്ങളാണ്."
(മറഡോണയിൽ ആരോപിക്കപ്പെടുന്ന പിതൃത്വം)
"മറ്റുള്ളവരേക്കാൾ ശ്രേഷ്ഠർ ഇവർ രണ്ടുപേരും തന്നെയാണ്. മെസ്സി ക്രിസ്റ്റ്യാനോയേക്കാൾ കേമനല്ല, മറിച്ച് ക്രിസ്റ്റ്യാനോയും അങ്ങനെയല്ല. ക്രിസ്റ്റ്യാനോ ഒരു മൃഗമാണ്. അയാൾ അർജന്റീനക്കാരനായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു."
(റൊണാൾഡോയോ മെസ്സിയോ കേമൻ?)
"എഡ്ഗാർഡോ ബോസെയ്ക്കപ്പുറം അയാൾക്കൊരു ചുക്കുമറിയില്ല. 2015 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയുടെ കോച്ചായിരുന്നുകൊണ്ട് ഞങ്ങളെ തോല്പിച്ചില്ലായിരുന്നെങ്കിൽ അയാളുടെ കുടുംബത്തിനുപോലും അറിയുമായിരുന്നില്ല അയാളാരാണെന്ന്! "
(അർജന്റീനൻ നാഷണൽടീം മാനേജർ ജോർജ് സാമ്പോളിയെക്കുറിച്ച്)