2010 ജൂൺ 12. ജോഹാനസ് ബർഗ് സോക്കർ സിറ്റിയിലെ മഞ്ഞുനനഞ്ഞ പച്ചപ്പിലേക്ക് അർജന്റീനയുടെയും നൈജീരിയയുടെയും യാഗാശ്വങ്ങൾ നടന്നുവന്നു. ആകാശത്തോളമുയർന്ന ആരവങ്ങൾ അടങ്ങിയപ്പോൾ നിവർത്തിപ്പിടിച്ച ദേശീയപതാകയെ സാക്ഷിയാക്കി അർജന്റീനയുടെ ദേശീയഗാനം ഒഴുകി:
Hear, Mortals, The Sacred Cry:
''Freedom! Freedom! Freedom!''
Hear the noise of broken Chains
See the noble Equality enthroned....
ഗീതത്തിന്റെ ആരോഹാവരോഹണങ്ങൾക്കൊപ്പം ക്യാമറകളും കണ്ണുകളും കളിക്കാരിലൂടെ സഞ്ചരിച്ചു. ടെവസ്, മെസ്സി, അഗ്യൂറോ, റോഡ്രിഗസ്, ഹെയ്ൻസി, റോമറോ, വെറോൺ, ഗുട്ടിറെസ്, ഹിഗ്വയ്ൻ... എന്നാൽ, മൈതാനത്തെ പൊതിഞ്ഞ ലക്ഷത്തോളം കാണികളും ലോകമെങ്ങുമുള്ള പരകോടി ഫുട്‌ബോൾ പ്രണിയികളും അന്ന് തേടിയത് ആ മുഖങ്ങളൊന്നുമായിരുന്നില്ല. ഒരുപാടൊരുപാട് ഓർമകളാൽ നിറഞ്ഞ ദാഹത്തോടെ, പിടയ്ക്കുന്ന നെഞ്ചോടെ, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ, വികാരഭരിതരായി വിറയ്ക്കുന്ന ശബ്ദത്തിൽ അവർ ചോദിച്ചുപോയി: നിങ്ങളുടെ കോച്ചെവിടെ മക്കളേ?
കുമ്മായവരകൾക്കപ്പുറം, ചില്ലിന്റെ മേൽക്കൂരയിട്ട ബെഞ്ചിൽ അവർ തേടിയ കോച്ചുണ്ടായിരുന്നു. അഞ്ചടി നാലിഞ്ചുമാത്രം വലുപ്പമുള്ള ശരീരം കനപ്പെട്ട കോട്ടിലും സ്യൂട്ടിലും പൊതിഞ്ഞ്, ഇരുകരങ്ങളിലും വാച്ചുകെട്ടി, വലതുകൈയിൽ കൊന്ത ചുറ്റിപ്പിടിച്ച്, കാതുകളിൽ കടുക്കനിട്ട്, കീഴ്ത്താടിയിലേക്ക് വെട്ടിയിറക്കിയ മീശയും നരച്ച താടിയുമായി... ആ കണ്ണുകളിൽ നിറയെ എല്ലാറ്റിനെയും കടപുഴക്കിയെറിഞ്ഞ് കടന്നുപോയ കൊക്കെയ്‌ൻ ലഹരിയുടെ കൊടുങ്കാറ്റുകൾ ശേഷിപ്പിച്ച അശാന്തി. എവിടെയോ അണയാതെ കിടക്കുന്ന ഉന്മാദത്തിന്റെ ഉമിത്തീ...
മാറഡോണ. കളിച്ചില്ലെങ്കിലും ആ ലോകകപ്പിൽ ഏറ്റവുമധികം കാണാനാഗ്രഹിച്ച മുഖം ഈ മനുഷ്യന്റേതായിരുന്നു. താരങ്ങളുടെ താരം; ദൈവത്തിന് ഷെയ്ക്ക് ഹാൻഡ് കൊടുത്ത ഭൂമിയിലെ ഏക ഫുട്‌ബോളർ. കളിക്കാരേക്കാൾ, കളിയേക്കാൾ, അന്ന് അയാളായിരുന്നു, അയാളുടെ ഭാവഹാവാദികളായിരുന്നു ഏറ്റവും ആകർഷണ വിഷയം.
കടലിനെയും ഹിമാലയത്തെയും എത്രകണ്ടാലും മതിവരില്ല. മാറഡോണയെയും. ഓരോ കാഴ്ചയിലും അവർ പുതിയതാകുന്നു. കടലിനെയും ഹിമാലയത്തേയുമെന്നപ്പോലെ അപൂർവവും അനന്യവുമായ എന്തോ മാറഡോണയിൽ നിന്നും പ്രസരിച്ചുകൊണ്ടേയിരുന്നു. കുമ്മായവരയ്ക്കപ്പുറം ഫിഫ ഇട്ടുകൊടുത്ത ബെഞ്ചിൽ കൂമ്പൊതുങ്ങിയിരിക്കുകയും ഇടയ്ക്കിടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന പ്രൊഫഷണൽ കോച്ചുകളുടെ ശരീരഭാഷയായിരുന്നില്ല അന്ന് മാറഡോണയുടേത്. അതിൽ പ്രതിഭയുടെ എല്ലാവിധ കടുംനിറക്കൂട്ടുകളുമുണ്ട്. കളത്തിൽനിന്ന് പുറത്തേക്കുതെറിക്കുന്ന പന്തിനെ അദ്ദേഹം പുറംകാൽകൊണ്ട് മറിച്ചെടുത്തപ്പോൾ, ബൂട്ടിന്റെ തുമ്പുകൊണ്ട് പന്തിൽച്ചവിട്ടിനിന്നപ്പോൾ മുന്നിലൂടെ ഉരുണ്ടുപോകുന്ന പന്തിനെ ഒരു കുട്ടിയുടെ കൗതുകത്തോടെ നോക്കിനിന്നപ്പോൾ, ലോകം ഒറ്റനിമിഷംകൊണ്ട് ഒരു കുറിയ മനുഷ്യൻ തിടമ്പെടുത്ത ഫുട്‌ബോളിന്റെ ഉത്സവകാലങ്ങളെ ഓർത്തുപോയി.
ഒടുങ്ങാതെ വന്നുകയറുന്ന തിരമാലകളെപ്പോലെ അവ. ദൈവത്തിന്റെ കരം ഗ്രഹിച്ചുകൊണ്ട് ഒറ്റയ്ക്ക് ഒരു മനുഷ്യൻ നടത്തിയ പടയോട്ടങ്ങൾ, ആ കാലുകളുടെ രഥവേഗങ്ങൾ, ആ കരങ്ങളിലമർന്ന സ്വർണക്കപ്പ്, പിന്നീട് ലഹരിയുടെ ചുഴലിയിൽപ്പെട്ട് ചിതറിപ്പോയ ജീവിതം, പിരിഞ്ഞുപോയ ദാമ്പത്യം, മറ്റേതോ ആനന്ദത്തിൽപ്പിറന്ന മകൻ, തടിച്ചുതൂങ്ങിയ ശരീരം, ബ്യൂണസ് ഐറിസിലെ ആശുപത്രിയിൽ മരണത്തെ വിളിപ്പുറത്തിരുത്തി അദ്ദേഹം മയങ്ങിക്കിടന്ന ദിനങ്ങൾ, ലോകം പ്രാർഥിച്ച നിമിഷങ്ങൾ... ആ മനുഷ്യനിതാ മുന്നിൽ നിൽക്കുന്നു. നെപ്പോളിയൻ ബോണപ്പാർട്ടിനെപ്പോലെ കൈകൾ നെഞ്ചിൽക്കെട്ടി, അങ്കങ്ങളൊന്നും തോറ്റുകൊടുക്കാനുള്ളതല്ലെന്നും കൊടുങ്കാറ്റുകളെല്ലാം കടന്നുപോകും എന്നുമുള്ള പാഠവുമായി.
കളിക്കാർ ഗോളടിച്ചപ്പോൾ കോച്ചിനെപ്പോലെയല്ല, ഒരു കുട്ടിയെപ്പോലെയാണ് മാറഡോണ അന്ന് ആഹ്ലാദിച്ചത്. അവസരങ്ങൾ നഷ്ടപ്പെടുത്തുമ്പോൾ ആ മുഖത്ത് രോഷമായിരുന്നില്ല. പതിന്മടങ്ങ് പ്രയാസമുള്ള സന്ദർഭങ്ങളിൽ താനടിച്ച ഗോളുകൾപോലും ഈ കുട്ടികൾക്ക് പാഠമാവുന്നില്ലല്ലോ എന്ന നിരാശയായിരുന്നു. പിഴവുകൾക്കുനേരെ ആ വിരലുകൾ ചൂണ്ടപ്പെടുമ്പോൾ അതിന് മറുപടികളോ മറുവാദങ്ങളോ ഇല്ല. കാരണം, പറയുന്നത് മാറഡോണയാണ്. ഫുട്‌ബോളിനെ പ്രണയിക്കുകയല്ല, ഫുട്‌ബോൾ തിരിച്ചുപ്രണയിച്ച ഏകമനുഷ്യൻ. അതറിയുന്നതുകൊണ്ടാണ് ഓരോ വിജയത്തിനുശേഷവും അർജന്റീന താരങ്ങൾ കോച്ചിന് ചുംബിക്കാൻ തലതാഴ്ത്തിക്കൊടുത്തത്. കൈകൾ വിടർത്തി ക്രിസ്തുവിനെപ്പോലെ അദ്ദേഹം വരുമ്പോൾ അവർക്കറിയാമായിരുന്നു ആ നെഞ്ചിൽ ചെവിയോർത്തുനിന്നാൽ ദൈവത്തിന്റെ ശബ്ദം കേൾക്കാമെന്ന്. മാറഡോണ മടങ്ങിയപ്പോൾ ഒരു ജീവിതം മാത്രമല്ല ഒടുങ്ങിയത്; പ്രതിഭയും ഉന്മാദവും ഒത്തുചേർന്ന ഒരുപാടു കാഴ്ചകൾകൂടിയാണ്.
Content Highlights: Remembering Diego Maradona