സ്ഥലം ഖത്തറിലെ അല്‍ഖോര്‍  സ്റ്റേഡിയം. അറബ് ചാമ്പ്യന്‍സ് ലീഗ് ആയ ജി.സി.സി ചാമ്പ്യന്‍ഷിപ്പിന്റെ  സെമിഫൈനല്‍ മത്സരം. ഗാലറി  മുഴുവന്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നു. പെട്ടെന്ന് ബാന്റിന്റെ  താളം മുറുകി. ആതിഥേയരായ അല്‍ഖോര്‍ ടീം നീല ജേഴ്‌സിയിലും എതിരാളികളായ യു.എ.ഇ അല്‍വാസല്‍ ടീം മഞ്ഞ ജേഴ്‌സിയിലും കളിക്കളത്തിലേക്ക് ഇറങ്ങി. പിറകെ കറുത്ത ടീഷര്‍ട്ടും കാല്‍മുട്ടു വരെയുള്ള അയഞ്ഞ പാന്‍സും ധരിച്ച് ഇടയ്ക്കിടെ അത്  വലിച്ചു കയറ്റി കൊണ്ട് ഒരു ചെറിയ മനുഷ്യന്‍ നടന്നുവരുന്നു. ഫോട്ടോഗ്രാഫര്‍മാരുടെ ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നാന്‍  തുടങ്ങി. സ്റ്റേഡിയം  മുഴുവന്‍ ഡീഗോ... ഡീഗോ  എന്ന മന്ത്രം മാത്രം.  അതെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ കണ്‍മുന്നില്‍.

1986 ലോകകപ്പില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ അര്‍ജന്റീനക്ക് വിജയം സമ്മാനിച്ച മറഡോണയുടെ ചിത്രമാണ് ആ നിമിഷം മുതല്‍ മനസ്സില്‍. അന്നത്തെ യുവതാരം ഇന്ന് പരിശീലകനാണ് അച്ഛനാണ് മുത്തശ്ശനാണ്. കൈകളില്‍ കൊച്ചു മകന്റെ  പേര് പച്ച കുത്തിയിട്ടുണ്ട് ബെഞ്ചമിന്‍. ഒരു സ്വപ്നം കാണുന്ന പ്രതീതിയായിരുന്നു എനിക്ക്. ഞാന്‍ ആരാധിക്കുന്ന ഒരിക്കലും നേരിട്ട് കാണുമെന്നു പ്രതീക്ഷിക്കാത്ത ഇതിഹാസം കണ്‍മുന്നില്‍. അതും കയ്യെത്തുംദൂരത്ത്. ഒരു ആവേശത്തിന് അടുത്തുപോയി കൂടെ നിന്ന് ഒരു ചിത്രം എടുത്തോട്ടെ എന്ന് ചോദിച്ചു. മറുപടിക്ക് പോലും കാത്തു നില്‍ക്കാതെ ഞാന്‍ കൂടെ കയറി നിന്നു. ഒട്ടും പ്രതീക്ഷിച്ചില്ല ഒരു കൊച്ചുകുട്ടിയെപ്പോലെ അരയിലൂടെ  കെട്ടിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം.

കളിയേക്കാള്‍ കൂടുതല്‍ എന്റെ ക്യാമറ ഫോക്കസ് ചെയ്തത് മാറഡോണ എന്ന ഇതിഹാസത്തെ ആയിരുന്നു. ആ മുഖത്ത്  മിന്നിമറയുന്ന ഭാവങ്ങള്‍ വികാരപ്രകടനങ്ങള്‍, ആര്‍പ്പുവിളി, ആക്രോശം , ശാസന, നിരാശ, അങ്ങനെ ഒന്നരമണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് വ്യത്യസ്ത ചിത്രങ്ങള്‍ എന്റെ ക്യാമറയില്‍ പതിഞ്ഞു . അന്നത്തെ കളിയില്‍ തോറ്റെങ്കിലും ഒരു ഗോള്‍ വ്യത്യാസത്തില്‍ മറഡോണയുടെ ടീം ഫൈനലില്‍ കടന്നു. തോല്‍വിയുടെ നിരാശ മറച്ചുവെച്ചില്ല വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു പച്ചയായ മനുഷ്യന്‍, ഒരുപിടി മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ സമ്മാനിച്ച ആ  ഇതിഹാസം ഇന്ന് ചരിത്രമായിരുന്നു.. എന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല  നിമിഷങ്ങള്‍ സമ്മാനിച്ച ഇതിഹാസ നായകന്  വിട...

(മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറാണ് ലേഖകന്‍)

Content Highlights: My camera that day focused more on the legend Diego Maradona