ദൈവത്തിന്റെ പങ്ക് ദൈവത്തിനും ചെകുത്താന്റെ പങ്ക് ചെകുത്താനും തുല്ല്യമായി പകുത്തുനല്‍കിയാണ് ഡീഗോ മാറഡോണയുടെ ജീവിതത്തില്‍ കാലം അവസാന വിസിലൂതിയത്. പരസ്പരവൈരികളായ ദൈവത്തെയും ചെകുത്താനെയും ഒരുപോലെ നീലവരയന്‍ കുപ്പായമണിയിച്ച് കളിക്കാന്‍ ഇറക്കിയവര്‍ കളിക്കളത്തില്‍ ഏറെയണ്ടാവില്ല ഡീഗോയെ പോലെ. സ്‌നേഹിക്കുന്നവരെയും വെറുക്കുന്നവരെയും ഒരുപോലെ ഊട്ടിവളര്‍ത്താനുള്ള മിടുക്ക് ജീവിതത്തിന്റെ ഇഞ്ചുറി ടൈമിലെ സഡൻ ഡത്ത് വരെ നെഞ്ചില്‍ പച്ചകുത്തി കാത്തുസൂക്ഷിച്ചു ഡീഗോ. ഗോളുകള്‍ പോലെ ഈ വൈരുദ്ധ്യങ്ങളൊക്കെ ഉള്ളറിഞ്ഞ് ചിരിച്ച് ആസ്വദിക്കുക കൂടി ചെയ്തു ഫുട്‌ബോള്‍ ദൈവം. കളി മികവു മാത്രമല്ല, പുറത്ത് അലങ്കാരമായി കൊണ്ടുവന്ന ഈ ദ്വന്ദ്വവ്യക്തിത്വം കൂടിയാണ് ഡീഗോയെ മുന്‍ഗാമിയായ പെലെയില്‍ നിന്നും പിന്‍ഗാമിയായ മെസ്സിയില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്നത്.

കണ്ണുവെട്ടിച്ച് കൈ കൊണ്ട് കള്ളഗോള്‍ നേടുകയും അടുത്ത ക്ഷണം തന്നെ സ്വപ്‌നസുന്ദരമായ നൂറ്റാണ്ടിന്റെ ഗോള്‍ കൊണ്ട് അത് തിരുത്തുകയും ചെയ്ത ഈ വൈരുദ്ധ്യം കളിക്കളത്തില്‍ മാത്രമല്ല, മരണംവരെ പുറത്തും നെറ്റിപ്പട്ടം പോലെ ചാര്‍ത്തി എഴുന്നളളി ഡീഗോ. കളത്തിൽ പ്രതിരോധത്തെ നിഷ്പ്രയാസം ഡ്രിബിൾ ചെയ്യുന്ന അതേ വീര്യത്തോടെ രാഷ്ട്രീയത്തിലും വീര്യം ചോരാത്ത നിലപാടുകൾ കൊണ്ട് കത്തിക്കയറി ഡീഗോ. പല രാഷ്ട്രീയ വിഷയങ്ങളിലും സജീവമായി ഇടപെട്ടു. അമേരിക്കയുടെ അധീശത്വത്തെ പരസ്യമായി തന്നെ ചോദ്യം ചെയ്തു. ഫിഫയുടെ കള്ളക്കമ്മട്ടം തുറന്നുകാട്ടി. വിപണി കളി കൈയടിക്കിയപ്പോൾ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞു.

ഇക്കാര്യത്തി ക്യൂബൻ വിപ്ലവനായകൻ ഫിഡൽ കാസ്ട്രോയായിരുന്നു ഡീഗോയുടെ തലതൊട്ടപ്പൻ. അതുകൊണ്ടു തന്നെയാവണം ഡീഗോയുടെ ജീവിതത്തിന് അവസാന വിസിലൂതാന്‍ കാലം തിരഞ്ഞെടുത്തത് കാസ്‌ട്രോയുടെ മരണദിനം തന്നെ. ഗുരുവും ശിഷ്യനും അവസാനശ്വാസം വലിച്ചത് നവംബര്‍ ഇരുപത്തിയഞ്ചിന്. 2016 നവംബര്‍ ഇരുപത്തിയഞ്ചിന് ഹവാനയില്‍ വച്ചായിരുന്നു കാസ്‌ട്രോയുടെ അന്ത്യം.

വിപണി കളിയുടെ കടിഞ്ഞാണ്‍ ഏന്തുന്ന കാലത്തും തന്റെ രാഷ്ട്രീയം ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ചങ്കൂറ്റം കാട്ടിയവര്‍ ഡീഗോയെ പോലെ ഏറെയുണ്ടാവില്ല ഫുട്‌ബോളില്‍. കരിയറിന്റെ ഉച്ചിയില്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോഴും മരുന്നടിയും വിവാദങ്ങളും നിഴല്‍ വീഴ്ത്തിയ അസ്തമയകാലത്തും ഇക്കാര്യത്തില്‍ മാത്രം തെല്ലും വെള്ളം ചേര്‍ത്തില്ല ഇടങ്കൈയില്‍ ചെ ഗുവേരയെയും വലങ്കാലില്‍ ഫിഡലിനെയും പച്ചുകുത്തിയ ഡീഗോ. നാട്ടുകാരനായ ചെയെക്കാള്‍  ഇക്കാര്യത്തില്‍ ക്യൂബക്കാരനും ചെയുടെ സമരസഖാവുമായിരുന്ന കാസ്‌ട്രോയായിരുന്നു ഡീഗോയുടെ ഹീറോ.  കേവലം അമേരിക്കന്‍ വിരോധം മാത്രമായിരുന്നില്ല അര്‍ജന്റീനക്കാരനായ ഡീഗോയെ ക്യൂബയിൽ ചോരച്ചാലു നീന്തിയ കാസ്‌ട്രോയിലേയ്ക്ക് അടുപ്പിച്ചത്. ഒരുതരത്തില്‍ പറഞ്ഞാല്‍ അച്ഛനും മകനും തമ്മിലുള്ള ഒരു ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്.

1986ലെ ലോകകപ്പ് ലബ്ധിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് ക്രമേണ മയക്കുമരുന്നിന്റെ കറുത്ത ലോകത്തേയ്ക്ക് നിലതെറ്റി വീണ ഡീഗോയെ വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് കാസ്‌ട്രോയായിരുന്നു. അര്‍ജന്റീനയുടെ അവസാന ലോകകപ്പ് നേട്ടത്തോളം തന്നെ പഴക്കമുണ്ട് ഇവരുടെ ഈ ബന്ധത്തിനും. അര്‍ജന്റീന മെക്‌സിക്കോയില്‍ ജര്‍മനിയെ മുട്ടുകുത്തിച്ച് ലോകകപ്പില്‍ മുത്തമിട്ട 1986ല്‍ തന്നെയാണ് ഡീഗോ ആദ്യമായി കാസ്‌ട്രോയെ കണ്ടുമുട്ടുന്നത്. ക്യൂബന്‍ കാടുകളില്‍ ചെഗുവേരയ്‌ക്കൊപ്പം നടത്തിയ കാസ്‌ട്രോയുടെ ഐതിഹാസികമായ പോരാട്ടങ്ങളുടെ കഥകളാണ് ഡീഗോയെ ലഹരി പിടിപ്പിച്ചത്. ലാനൂസിലെ തെരുവിലെ ഇല്ലായ്മകളില്‍ പെറ്റുവീണ് പെങ്ങന്മാര്‍ക്ക് അടച്ചുറപ്പുള്ളൊരു വീടിനുവേണ്ടി കളിച്ചുവളര്‍ന്ന ഡീഗോയുടെ കഥകള്‍ ഫിഡലിനെ ആകര്‍ഷിച്ചതില്‍ തരിമ്പുമുണ്ടായിരുന്നില്ല അത്ഭുതം. പൂവിരിയും പോലെ സ്വാഭാവികമായിരുന്നു ആ ബന്ധത്തിന്റെ വളര്‍ച്ച. 

diego maradona

നപ്പോളിയില്‍ കളിക്കുമ്പോഴും ഡീഗോ തരംകിട്ടിയാല്‍ കരിബിയന്‍ ദ്വീപിലേയ്ക്ക് കാസ്‌ട്രോയെ തേടി പറന്നുവന്നു. ഓരോ തവണ വരുമ്പോഴും ഓരോ സമ്മാനങ്ങളുണ്ടാവും കാസ്‌ട്രോയ്ക്ക് സമ്മാനിക്കാന്‍. ഏറെയും പുല്‍നാമ്പുകളില്‍ തീപാറിച്ച പോരാട്ടത്തിന്റെ വലിയ കഥകള്‍ പേറുന്ന തന്റെ ഐക്കാണിക്ക് പത്താം നമ്പര്‍ കുപ്പായങ്ങള്‍. കോടികള്‍ വാരിയെറിഞ്ഞ ബാഴ്‌സയെ പുല്ലുപോലെ അവഗണിച്ച് വടക്കന്‍ ഇറ്റലിയില്‍ ദാരിദ്ര്യത്തിന്റെ പൊടിപിടിച്ചുകിടന്ന നപ്പോളിയെ പുല്‍കാന്‍ ഡീഗോയെ പ്രേരിപ്പിച്ചത് പഴയ കുട്ടിക്കാലത്തെ ഓര്‍മകളോ കാസ്‌ട്രോയുടെ രാഷ്ട്രീയമോ എന്നു വ്യക്തമല്ല. എങ്കിലും ഇറ്റാലിയന്‍ സീരി എയില്‍ പുറത്താകല്‍ ഭീഷണിയില്‍ കഴിഞ്ഞ നപ്പോളിയെ ലീഗ് ചാമ്പ്യന്മാരും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമാക്കി മാറ്റിയ ഡീഗോ മാജിക്കിന് പിറകില്‍ ഫിഡലിന്റെ പേരാട്ടക്കഥകളുടെ പ്രേരണയുണ്ടായിരുന്നുവെന്ന് വ്യക്തം. എന്നാല്‍, ഇതേ ആവേശത്തില്‍ തന്നെയാണ് ഡീഗോ നേപ്പിള്‍സിന്റെ മയക്കുമരുന്ന് മാഫിയയുടെ വലയിലായതും. വൈകാതെ നപ്പോളിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഏറെ കഴിയും മുന്‍പ് ലോകകപ്പിനിടെ പിടിക്കപ്പെടുകയും ചെയ്തു.

ഫിഡലുമായുളള ഹൃദയബന്ധം കൂടുതല്‍ ഊഷ്മളമായത് ഡീഗോയുടെ കളിക്കാലത്തല്ല. അതിനുശേഷമാണ്. മയക്കുമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് തലകുമ്പിട്ട് കളക്കളം വിടേണ്ടിവന്ന ഡീഗോ പിന്നെ നടന്നകന്നത് കൂടുതല്‍ വലിയ ഇരുട്ടിലേയ്ക്കായിരുന്നു. മയക്കുമരുന്ന് ഫുട്‌ബോള്‍ ദൈവത്തെ വിഴുങ്ങിക്കൊണ്ടിരുന്ന കാലം. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് രക്ഷ നേടാനായി ഓടിനടന്ന ഡീഗോയ്ക്ക് അന്ന് ആശ്രയമൊരുക്കിയത് കാസ്‌ട്രോയായിരുന്നു. ക്യൂബയിലെ ഏറ്റവും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ തന്നെ അന്ന് കാസ്‌ട്രോ ഡീഗോയുടെ ലാ പെഡ്രേര ക്ലിനിക്കിനുവേണ്ടി വിട്ടുകൊടുത്തു. നാലു വര്‍ഷമാണ് ഡീഗോ ഇവിടെ ചികിത്സ തേടിയത്. ആശുപത്രിവാസത്തിനിടെ എന്നും ഫിഡല്‍ ശിഷ്യനെ വിളിക്കും. ചിലപ്പോള്‍ പുലര്‍ച്ച രണ്ട് മണിക്കായിരിക്കും വിളി വരിക. യാതൊരു ഉറക്കച്ചടവുമില്ലാതെ ഡീഗോ ഫോണെടുക്കും. മണിക്കൂറുകളോളം പിന്നെ ചര്‍ച്ചയാണ്.  കളിയും കാര്യവും രാഷ്ട്രീയവും... ചര്‍ച്ചയങ്ങനെ നീണ്ടുപോകും. മയക്കുമരുന്നിന്റെ വല ഭേദിച്ച് പുറത്തുവരാന്‍ ഫിഡല്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. നാലു വര്‍ഷത്തിനുശേഷം ഹവാനയില്‍ നിന്ന് ഡീഗോ ജീവിതത്തിലേയ്ക്ക് വീണ്ടും ജെഴ്‌സിയണിഞ്ഞിറങ്ങി.

അര്‍ജന്റീന എന്റെ നേരെ വാതില്‍ കൊട്ടിയടച്ചപ്പോള്‍ അദ്ദേഹം എനിക്ക് ക്യൂബയിലേയ്ക്കുള്ള വാതില്‍ തുറന്നു തന്നുവെന്നാണ് നാല് വര്‍ഷം മുന്‍പ് കാസ്‌ട്രോയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഡീഗോ പ്രതികരിച്ചത്. എനിക്ക് അദ്ദേഹം ഒരു അച്ഛനെപ്പോലെയായിരുന്നു പില്‍ക്കാലത്ത് പല അഭിമുഖങ്ങളിലും ഡീഗോ ആവര്‍ത്തിച്ചു. സെഗ്‌രബ് അരീനയില്‍ നാട്ടുകാരനായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയുടെ ഡേവിസ് കപ്പ് മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ഡീഗോയെ തേടി ഫിഡലിന്റെ മരണവാര്‍ത്തയെത്തിയത്. വിവരമറിഞ്ഞ ഡീഗോയ്ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. അച്ഛന്റെ വിയോഗത്തിനുശേഷം ഞാന്‍ ഏറ്റവുമധികം കരഞ്ഞത് ഇന്നാണ്. മയക്കുമരുന്നിന്റെ ഇരുട്ടില്‍ നിന്ന് എനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് എന്നോട് പറഞ്ഞത് അദ്ദേഹമാണ്. ഞാന്‍ തിരിച്ചുവരിക തന്നെ ചെയ്തു. ഡേവിസ് കപ്പിനിടെ 107-ാം നമ്പര്‍ ബോക്‌സിലിരുന്ന് വിതുമ്പലടക്കാന്‍ പാടുപെട്ട് ഡീഗോ പറഞ്ഞു. അന്ന് ഏകാധിപതിയെന്ന് അമേരിക്ക മുദ്രകുത്തിയ ഫിഡലിന്റെ മരണം ആഘോഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ടിവിയില്‍ കണ്ട് പൊട്ടിത്തെറിക്കുക കൂടി ചെയ്തു ഡീഗോ. ഇത് സഹിക്കാവുന്നതില്‍ അപ്പുറമാണ്. എനിക്ക് ഉടനെ ഹവാനയിലെത്തണം. സഹോദരന്‍ റൗളിനും ഫിഡലിന്റെ മക്കള്‍ക്കുമൊപ്പമിരിക്കണം. എനിക്കെല്ലാം തന്നത് ക്യൂബയും അദ്ദേഹവുമാണ്-ഡീഗോ പറഞ്ഞു.

maradona
തന്റെ കാലിൽ പച്ചകുത്തിയത് കാസ്ട്രോയ്ക്ക് കാണിച്ചുകൊടുക്കുന്ന മാറഡോണ

ഹവാനയിലെ ചികിത്സ കഴിഞ്ഞിറങ്ങിയ ഡീഗോ 2005ല്‍ അര്‍ജന്റൈ ടിവിക്കുവേണ്ടി തന്റെ ഗുരുവിലെ അഭിമുഖം നടത്തുക വരെ ചെയ്തിരുന്നു. ആ അഭിമുഖത്തിലെ ഡീഗോയുടെ ഒരു ചോദ്യവും അതിന് ഫിഡല്‍ നല്‍കിയ സ്വാഭാവികമായ മറുപടിയും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ജോര്‍ജ് ബുഷ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയെന്നായിരുന്നു ഡീഗോയുടെ മുള്ളുവെച്ച ചോദ്യം. സംശയമെന്ത് തട്ടിപ്പ് തന്നെ. മിയാമിയിലെ തീവ്രവാദ മാഫിയയാണ് അതിന് പിന്നില്‍-വെട്ടിത്തുറന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ഫിഡലിന്. ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ പന്ത് തട്ടിക്കളിച്ചുകൊണ്ടാണ് അമേരിക്കയുടെ നെഞ്ചില്‍ തറച്ച ആ അഭിമുഖം അവസാനിച്ചത്.

ഇതിനിടെ അഞ്ചു വര്‍ഷം മുന്‍പ് ഫിഡലിന്റെ മരണവാര്‍ത്ത നിഷേധിച്ചുരംഗത്തുവരാനുള്ള നിയോഗവും ഡീഗോയ്ക്കുണ്ടായി. ഫിഡലിന്റെ മരണവാര്‍ത്ത പാശ്ചാത്ത്യ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രിയമിത്രം തനിക്കയച്ച കത്തും ഉയര്‍ത്തിക്കാട്ടിയാണ് ഡീഗോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. ക്യൂബയുടെ എണ്ണ ഉപഭോഗവും ക്യൂബയുടെ മൂന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ അമേരിക്ക വിട്ടയച്ച വിരവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുസഹയാത്രികരുടെ ഉച്ചകോടിയുമെല്ലാമായിരുന്നു കത്തിലെ പ്രതിപാദ്യ വിഷയമെന്നും അന്ന് ഡീഗോ വെളിപ്പെടുത്തിയതോടെയാണ് ഫിഡലിന്റെ മരണവാര്‍ത്തയുടെ തീയും പുകയും കെട്ടടങ്ങിയത്. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഫിഡല്‍ ജീവന്‍ വെടിയുന്നത്.

ഹവാനയിലെ ചികിത്സാകാലത്ത് ഫിഡല്‍ എന്ന ആത്മമിത്രത്തെ മാത്രമല്ല, മൂന്ന് കുട്ടികളെ കൂടി സമ്പാദിച്ചിരുന്നു ഡീഗോ എന്നത് മറ്റൊരു വസ്തുത. രണ്ട് ഭാര്യമാരിലായി ഉണ്ടായ ഈ കുട്ടികള്‍ തന്റെ മക്കളാണെന്ന് കഴിഞ്ഞ വര്‍ഷമാണ് ഡീഗോ പരസ്യമായി അംഗീകിച്ചത്. അങ്ങനെ മരിക്കുമ്പോള്‍ മൊത്തം എട്ട് കുട്ടികളുടെ അച്ഛനാണ് ഡീഗോ.

Content Highlights: Diego Maradona Fidel Castro Argentina Cuba 1986 World Cup