കോഴിക്കോട്: ഐ ലീഗ് ഫുട്ബോള്‍ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍ കിരീടപോരാട്ടം ശക്തമാകുന്നു. 

മണിപ്പൂര്‍ ക്ലബ്ബ് ട്രാവു എഫ്.സി, ഗോവന്‍ ടീം ചര്‍ച്ചില്‍ ബ്രദേഴ്സ്, ഗോകുലം കേരള എഫ്.സി. ടീമുകളാണ് കപ്പുയര്‍ത്താന്‍ മത്സരിക്കുന്നത്. ഇനിയുള്ള രണ്ട് റൗണ്ട് മത്സരങ്ങള്‍ ഇതോടെ നിര്‍ണായകമാകും.

നിലവില്‍ 13 കളിയില്‍നിന്ന് ട്രാവുവിനും ചര്‍ച്ചിലിനും 25 പോയന്റ് വീതമുണ്ട്. ഗോള്‍വ്യത്യാസത്തിലാണ് ട്രാവു ഒന്നാമതുള്ളത്. 23 പോയന്റുള്ള ഗോകുലം രണ്ടാം സ്ഥാനത്താണ്. ഗോകുലത്തിന് ഇനി മുഹമ്മദന്‍സ്, ട്രാവു ടീമുകളോടാണ് കളിക്കാനുള്ളത്. ട്രാവുവിന് ഗോകുലത്തിന് പുറമെ ചര്‍ച്ചില്‍ ബ്രദേഴ്സിനോടും കളിയുണ്ട്. ചര്‍ച്ചിലിന് അവസാന മത്സരം പഞ്ചാബ് എഫ്.സിയോടാണ്.

ഗോകുലത്തിന് അവസാന രണ്ട് കളികള്‍ ജയിക്കുന്നതിനൊപ്പം കിരീടം സ്വന്തമാക്കാന്‍ ട്രാവു, ചര്‍ച്ചില്‍ ടീമുകളുടെ ഫലംകൂടി നോക്കേണ്ടി വരും. അതേ സമയം ട്രാവു, ചര്‍ച്ചില്‍ ടീമുകളില്‍ രണ്ട് മത്സരവും ജയിക്കുന്ന ടീമിന് കപ്പുറപ്പിക്കാം. അടുത്ത റൗണ്ടിലാണ് നിര്‍ണായകമാകുന്ന ട്രാവു- ചര്‍ച്ചില്‍ പോരാട്ടം നടക്കുന്നത്. ഇതില്‍ ട്രാവുവും മുഹമ്മദന്‍സിനെതിരെ ഗോകുലവും ജയിച്ചാല്‍ അവസാന റൗണ്ടിലെ ട്രാവു- ഗോകുലം മത്സരം അക്ഷരാര്‍ഥത്തില്‍ കലാശക്കളിയാകും.

ആറ് ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫ് റൗണ്ടില്‍ തുടരെ മൂന്ന് മത്സരം ജയിച്ചതാണ് മണിപ്പൂര്‍ ക്ലബ്ബിന് ഗുണകരമായത്. അതേ സമയം തുടരെ രണ്ട് തോല്‍വി വഴങ്ങിയത് ചര്‍ച്ചിലിന്റെ കിരീടമോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. അവസാന കളിയില്‍ റിയല്‍ കശ്മീരിനോട് സമനില വഴങ്ങിയതാണ് ഗോകുലത്തെ പ്രതിസന്ധിയിലാക്കിയത്.

ലീഗില്‍ ഇരട്ട ഹാട്രിക് നേടിയ ബിദ്യാസാഗര്‍ സിങ്ങിന്റെ മികവിലാണ് ട്രാവു കുതിക്കുന്നത്. ഡെന്നീസ് ആന്റ്വിയുടെ ഗോളടിക്കുന്ന ബൂട്ടുകളിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ.

ഗോകുലവും ട്രാവുവും 25 ഗോളുകളുമായി ഗോള്‍വേട്ടയില്‍ മുന്നിലാണ്. തുല്യ പോയന്റ് വന്നാല്‍ പരസ്പരം കളിച്ചതിലെ പോയന്റാണ് വിജയികളെ കണ്ടെത്താന്‍ ആദ്യംപരിഗണിക്കുന്നത്. ഇതും തുല്യമായാല്‍ പരസ്പരം കളിച്ചതിലെ ഗോള്‍ വ്യത്യാസവും തുടര്‍ന്ന് ആകെ ഗോള്‍ വ്യത്യാസവുമൊക്കെ പരിഗണിക്കും.

Content Highlights: The title fight is intensifying in I-League