കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിന് ശനിയാഴ്ച കൊല്‍ക്കത്തയില്‍ കിക്കോഫ്. ആദ്യ ദിനത്തില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും. 

ലീഗിലേക്ക് തിരിച്ചെത്തിയ കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങും പുതുതായി എത്തിയ സുദേവ മൂണ്‍ലൈറ്റ് ഡല്‍ഹിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഉച്ചയ്ക്ക് രണ്ടിന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് കളി. 

വൈകുന്നേരം നാല് മണിക്ക് കല്യാണി സ്റ്റേഡിയത്തില്‍ പഞ്ചാബ് എഫ്.സിയും ഐസോള്‍ എഫ്.സിയും തമ്മില്‍ കളിക്കും. 

രാത്രി ഏഴ് മണിക്ക് ഇതേ സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്.സിയും ചെന്നൈയിന്‍ സിറ്റിയും കൊമ്പുകോര്‍ക്കും.

11 ടീമുകള്‍

കൊല്‍ക്കത്തയിലെ നാല് സ്റ്റേഡിയങ്ങളിലായിട്ടാണ് ലീഗ് നടക്കുന്നത്. 11 ടീമുകളാണ് മത്സരിക്കുന്നത്. സുദേവ ഡല്‍ഹി കോര്‍പ്പറേറ്റ് എന്‍ട്രി വഴി ലീഗില്‍ അരങ്ങേറുന്നു. രണ്ടാം ഡിവിഷനില്‍ നിന്ന് യോഗ്യത നേടി മുഹമ്മദന്‍സ് തിരിച്ചെത്തി. കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഇല്ലാതെ ആദ്യമായാണ് ഐ ലീഗ് നടക്കുന്നത്.

ഇത്തവണ കളിരീതിയില്‍ മാറ്റങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ എല്ലാ ടീമുകളും പരസ്പരം കളിക്കും. തുടര്‍ന്ന് പോയന്റിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളാക്കിയാണ് രണ്ടാംഘട്ടം നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ ആറ് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പ് സ്റ്റേജിലും ബാക്കി അഞ്ച് ടീമുകള്‍ റെലഗേഷന്‍ സ്റ്റേജിലും കളിക്കും.

രണ്ട്ഘട്ടങ്ങളിലായി ഏറ്റവും കൂടുതല്‍ പോയന്റ് ലഭിക്കുന്ന ടീം ചാമ്പ്യന്‍മാരാകും. വിദേശതാരങ്ങളുടെ എണ്ണം നാലായി കുറച്ചിട്ടുണ്ട്. ഇതില്‍ ഏഷ്യന്‍ താരം നിര്‍ബന്ധമാണ്. മാര്‍ച്ച് 28 വരെയാണ് ലീഗ്.

Content Highlights: The 2020-21 edition of I-League starts on Saturday