ട്രാവു എഫ്.സിയെ കീഴടക്കി ഗോകുലം കേരള എഫ്.സി ഐ.ലീഗ് ജേതാക്കളായപ്പോള്‍ പുതിയ ചരിത്രമാണ് പിറന്നത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം ഐ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. ട്രാവു എഫ്.സിയ്‌ക്കെതിരേ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം നാലുഗോളുകള്‍ തിരിച്ചടിച്ചാണ് ഗോകുലം കന്നിക്കിരീടം സ്വന്തമാക്കിയത്. ഇതിനുമുന്‍പും കേരളത്തിലേക്ക് പല പ്രമുഖ ദേശീയ കിരീടങ്ങളുമെത്തിയിട്ടുണ്ട്. അവയേതെന്ന് പരിശോധിക്കാം.

ഫെഡറേഷന്‍ കപ്പ് 

ഫെഡറേഷന്‍ കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. രണ്ടുതവണയും കേരള പൊലീസാണ് ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടത്. 1990-ലും 1991-ലുമാണ് കേരള പൊലീസ് ഫെഡറേഷന്‍ കപ്പ് വിജയിച്ചത്. 

1990-ല്‍ കേരള പൊലീസ് സാല്‍ക്കഗോറിനെ കീഴടക്കി ആദ്യമായി ഫെഡറേഷന്‍ കപ്പ് കേരളത്തിലെത്തിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു കേരള പൊലീസിന്റെ വിജയം. 

1991-ല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരള പൊലീസ് കിരീടത്തില്‍ മുത്തമിട്ടു. ഇത്തവണ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയായിരുന്നു കേരള പൊലീസിന്റെ എതിരാളികള്‍. മഹീന്ദ്രയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി കേരള പൊലീസ് ചരിത്രം കുറിച്ചു. അതിനുശേഷം ഒരു ടീമിനും കേരളത്തിലേക്ക് ഫെഡറേഷന്‍ കപ്പ് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. 

സന്തോഷ് ട്രോഫി

കേരള ഫുട്‌ബോള്‍ ടീം ആറുതവണ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. 1973-74 സീസണിലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. എറണാകുളത്തുവെച്ചുനടന്ന മത്സരത്തില്‍ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ടീം കിരീടം നേടിയത്. 

പിന്നീട് 1991-92 സീസണിലാണ് കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. അന്ന് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഗോവയെയാണ് കേരളം കീഴടക്കിയത്. അതിനടുത്ത സീസണിലും കേരളം തന്നെയായിരുന്നു കിരീടജേതാക്കള്‍. അന്ന് മഹാരാഷ്ട്രയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടീം വിജയിച്ചത്. 

അതിനുശേഷം കിരീടം നേടാന്‍ കേരളത്തിന് വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 2001-02 സീസണില്‍ കേരളം നാലാം സന്തോഷ് ട്രോഫി കിരീടം നേടി. ഗോവയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ടീം വിജയം നേടിയത്. ഒരു സീസണിനുശേഷം 2004-05 സീസണില്‍ കേരളം പഞ്ചാബിനെ 3-2 ന് കീഴടക്കി അഞ്ചാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി.

പിന്നീട് 2017-18 സീസണിലാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. അന്ന് പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് വെസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരളം ആറാം സന്തോഷ് ട്രോഫി കിരീടം നേടി. 

ഡ്യൂറന്റ് കപ്പ്

ഡ്യൂറന്റ് കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. 1997-ലാണ് ആദ്യമായി കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് എത്തുന്നത്. അന്ന് എഫ്.സി കൊച്ചിനാണ് ആദ്യമായി കേരളത്തിനുവേണ്ടി ഡ്യൂറന്റ് കപ്പ് കിരീടമുയര്‍ത്തിയത്. ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് എഫ്.സി കൊച്ചിന്‍ കിരീടം ചൂടിയത്.

പിന്നീട് 22 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു കേരളത്തിന് ഡ്യൂറന്റ് കപ്പ് സ്വന്തമാക്കാന്‍. 2019-ല്‍ ഗോകുലം കേരള എഫ്.സിയാണ് കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് വര്‍ഷങ്ങള്‍ക്ക് ശേഷം കൊണ്ടുവന്നത്. കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടമുയര്‍ത്തിയത്. 

Content Highlights: Major national tournaments won by Kerala teams