ഗോകുലം കേരള എഫ്.സി ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ച് ചരിത്രമെഴുതിയിരിക്കുകയാണ്. കിരീട നേട്ടത്തില്‍ ഗോകുലത്തിന് നന്ദി പറയേണ്ട നിരവധി താരങ്ങളുണ്ട്. ഫിലിപ്പ് അഡ്ജ, ഡെന്നീസ് ആന്റ്വി, മുഹമ്മദ് ആവല്, ഉബൈദ് സി.കെ തുടങ്ങിയവര്‍ അതില്‍ ചിലരാണ്. എന്നാല്‍ ഗോകുലത്തിന്റെ ഈ സീസണിലെ കണ്ടെത്തല്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമേയുള്ളൂ. എമില്‍ ബെന്നി എന്ന 20-കാരന്.
വമ്പന്മാര് വിരാജിക്കുന്ന ഐ ലീഗില്‍ ഗോകുലം പോലൊരു ടീമിന്റെ മിഡ്ഫീല്‍ഡില്‍ സ്വപ്നതുല്യമായ പ്രകടനമാണ് എമില്‍ പുറത്തെടുത്തത്. വിസെന്‍സോ ആല്‍ബര്‍ട്ടോ എല്പ്പിച്ച ചുമതല നന്നായി നിര്‍വഹിക്കാന്‍ എമിലിന് സാധിച്ചതിന്റെ തെളിവാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കൈയടികള്‍.
ക്രിയേറ്റീവ് മിഡ്ഫീല്‍ഡറെന്ന സ്ഥാനം 20-കാരനായ ഈ താരത്തില്‍ ഭദ്രമായിരുന്നു. സീസണില്‍ നിര്‍ണായകമായ മൂന്നു ഗോളുകള്‍ നേടി ഗോളടിയും തനിക്ക് വഴങ്ങുമെന്ന് എമില്‍ തെളിയിച്ചു. സീസണില്‍ മൂന്ന് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരങ്ങള്‍ എമിലിനെ തേടിയെത്തിയത് താരത്തിന്റെ കഴിവിന്റെ തെളിവാകുന്നു. ഇക്കൂട്ടത്തില്‍ ഒന്ന് ശനിയാഴ്ച നടന്ന അവസാന മത്സരത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഗോകുലത്തിന്റെ റിസര്‍വ് ടീമില്‍ നിന്നാണ് കോച്ച് എമിലിന്റെ കഴിവ് കണ്ടെത്തുന്നത്. താരത്തിന്റെ ആദ്യ ഐ ലീഗ് സീസണായിരുന്നു ഇത്. ആദ്യ സീസണില്‍ തന്നെ ശ്രദ്ധ നേടാന്‍ താരത്തിന് സാധിച്ചു.
2019-ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലൂടെയാണ് എമില്‍ ശ്രദ്ധ നേടുന്നത്. ആ വര്‍ഷം സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് മികച്ച തുടക്കമാണ് കേരളം നേടിയത്. അന്ന് ഇരട്ട ഗോളുകളോടെ കേരളത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് എമിലായിരുന്നു.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്‍പ്പറ്റ സെപ്റ്റിലൂടെയാണ് ഫുട്ബോളിന്റെ ലോകത്തേക്ക് എമില്‍ എത്തിപ്പെടുന്നത്. 10-ാം ക്ലാസുവരെ സെപ്റ്റില് തുടര്‍ന്ന എമില്‍ തുടര്‍ പഠനത്തിനായി എത്തിപ്പെട്ടത് മലപ്പുറത്തെ ഫുട്ബോളിന്റെ ഈറ്റില്ലമായ എം.എസ്.പി സ്കൂളിലായിരുന്നു.
ഇപ്പോള്‍ കോതമംഗലം എം.എ കോളേജില്‍ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് എമില്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടര്‍ 18 ടീമിലും കളിച്ചിട്ടുണ്ട് ഈ വയനാട്ടുകാരന്. വയനാട് കല്‍പ്പറ്റ തൃക്കൈപ്പറ്റ നെല്ലിമാളം സ്വദേശിയാണ്. കുളക്കുറ്റിയില്‍ ബെന്നി - കവിത ദമ്പതികളുടെ മകനാണ് എമില്‍. അഭിന്‍ ബെന്നിയാണ് സഹോദരന്.
Content Highlights: I-League Youngster Emil Benny thrives in Gokulam Kerala s hunt for title