കൊല്‍ക്കത്ത: ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബ്ബ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. ടീം വിജയം ആഘോഷിക്കുന്ന ഈ വേളയില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് ടീമിന്റെ മുന്‍ പരിശീലകനും നിലവിലെ ടെക്‌നിക്കല്‍ ഡയറക്ടറുമായ ബിനോ ജോര്‍ജ്. 

കിരീടം എന്ന ഒറ്റ സ്വപ്‌നം ഒന്നിച്ച് കണ്ട് ടീം കളിച്ചുനേടിയ വിജയമാണിതെന്ന് ബിനോ പറഞ്ഞു. മലയാളി താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ഒരു ക്ലബ്ബാണ് ഗോകുലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഠിനാധ്വാനം കൊണ്ട് നേടിയ വിജയം

''വളരെയധികം സന്തോഷം കേരളത്തിലേക്ക് നമ്മള്‍ ആദ്യമായി ഐലീഗ് കിരീടം കൊണ്ടുവന്നിരിക്കുകയാണ്. വനിതാ ലീഗ് ആണെങ്കിലും പുരുഷ ലീഗ് ആണെങ്കിലും അതിന്റെ പിന്നില്‍ കഠിനാധ്വാനം ഒന്ന് മാത്രമാണ്. അവസാന കളികളിലെല്ലാം ടീം കിരീടം എന്ന ഒറ്റ സ്വപ്‌നം ഒന്നിച്ച് കണ്ട് കളിച്ചു. അതിന്റെ ഫലം നമുക്ക് കിട്ടി. കിരീടം നേടണമെന്ന വാശിയിലാണ് കുട്ടികള്‍ കളിച്ചത്.''

ടീമിന്റെ മുന്‍ പരിശീലകനെന്ന നിലയില്‍

''ഈ ടീമിനെ ആദ്യമായി പരിശീലിപ്പിച്ചത് ഞാനായിരുന്നു. ടീമിനൊപ്പം തുടക്കം മുതല്‍ തന്നെ ഞാനുണ്ട്. നമ്മുടെ സ്വന്തം കുട്ടികള്‍ തന്നെയാണ് കളിക്കുന്നത്. മലയാളി താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ഒരു ക്ലബ്ബാണ്. റിസര്‍വ് ടീമില്‍ നിന്ന് പ്രൊമോട്ട് ചെയ്ത എമില്‍ ബെന്നിയാണ് ഇന്നത്തെ മത്സരത്തിലെ താരമായിരിക്കുന്നത്. വ്യക്തിപരമായ മികവല്ല ഈ വിജയത്തിന് അടിസ്ഥാനം ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ ഒന്നിച്ച് കളിച്ച് നേടിയ ജയമാണിത്.''

Content Highlights: I-League Gokulam Kerala FC technical director Bino George interview