കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ ഗോകുലം കേരള എഫ്.സി. പ്രതീക്ഷകാത്തു. വെള്ളിയാഴ്ച ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ചു. എമില്‍ ബെന്നി (47), ഡെന്നീസ് ആന്റ്വി (പെനാല്‍ട്ടി 50), ലാല്‍റോമാവിയ (78), റൊണാള്‍ഡ് സിങ് (90+4) എന്നിവര്‍ ഗോള്‍ നേടി.

40-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോകുലം താരം ഷെരീഫ് മുഹമ്മദ് പാഴാക്കി. ജയത്തോടെ എട്ടു കളിയില്‍ 13 പോയന്റായ ഗോകുലം നാലാം സ്ഥാനത്തേക്കുയര്‍ന്നു.

ഡെന്നീസ് ആന്റ്വിയെ ഗുര്‍ബചന്‍ സിങ് വീഴ്ത്തിയതിനാണ് പെനാല്‍ട്ടി ലഭിച്ചത്. എന്നാല്‍, ഷെരീഫ് മുഹമ്മദിന്റെ കിക്ക് ആരോസ് ഗോളി അഹാന്‍ പ്രകാശ് രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഷെരീഫ് മുഹമ്മദിന്റെ ഫ്രീകിക്ക് ആരോസ് ഗോളി തടുത്തിട്ടപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത് എമില്‍ ബെന്നി സ്‌കോര്‍ ചെയ്തു.

മൂന്നു മിനിറ്റിനകം വിന്‍സി ബാരറ്റോയെ ഗുര്‍ബചന്‍ സിങ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയില്‍നിന്ന് രണ്ടാം ഗോള്‍ വന്നു. ഇത്തവണ കിക്കെടുത്ത ഡെന്നീസ് ആന്റ്വിക്ക് പിഴച്ചില്ല. പകരക്കാരന്‍ ലാല്‍റോമാവിയയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡ് സിങ് പട്ടിക പൂര്‍ത്തിയാക്കി.

Content Highlights: i league gokulam kerala clinical second half performance to defeat indian arrows