കൊല്‍ക്കത്ത: കിഷോര്‍ ഭാരതി ക്രീരാംഗനില്‍ ഇതാ കേരളം ചരിത്രമെഴുതി. ഐ ലീഗ് ഫുട്‌ബോള്‍ കിരീടം ഇതാദ്യമായി ഗോകുലം കേരളയുടെ ചിറകിലേറി കേരളത്തിലേയ്ക്ക് പറന്നുവരികയാണ്. ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പൂരിൻറെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് മുക്കിക്കളഞ്ഞാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോ​ഗ്യത നേടി

പതിനഞ്ച് കളികളില്‍ നിന്ന് ഇരുപത്തിയൊന്‍പത് പോയിന്റുമായാണ് ഗോകുലം ചാമ്പ്യന്മാരായത്. അവസാന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിനും ഇരുപത്തിയൊന്‍പത് പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് ഗോകുലത്തിന് കിരീടം ഉറപ്പിച്ചത്. ഗോകുലം പതിനഞ്ച് കളികളില്‍ ഒന്‍പതെണ്ണം ജയിക്കുകയും നാലെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. രണ്ടെണ്ണം സമനിലയിലായി. മുപ്പത് ഗോള്‍ അടിച്ചപ്പോള്‍ പതിനേഴെണ്ണം മാത്രമാണ് വഴങ്ങിയത്.

തുടക്കത്തില്‍ ഗോള്‍ വഴങ്ങുകയും നിറംമങ്ങി തപ്പിത്തടഞ്ഞ് കളിക്കുകയും ചെയ്തശേഷമാണ് സ്വിച്ചിട്ടപോലെ ഗോകുലം തിരിച്ചുവന്നത്. ഏഴ് മിനിറ്റില്‍ മൂന്ന് ഗോള്‍ നേടിക്കൊണ്ടായിരുന്നു അവിശ്വസനീയമായ തിരിച്ചുവരവ്. . ഇരുപത്തിനാലാം മിനിറ്റില്‍ ലീഗ് ടോപ് സ്കോറർ ബിദ്യാസാഗര്‍ സിങ്ങിന്റെ ഗോളില്‍ ട്രാവുവാണ് ആദ്യം മുന്നിലെത്തിയത്. എഴുപതാം മിനിറ്റിലാണ് ഗോകുലം തിരിച്ചടിച്ചത്. അഫ്ഗാന്‍ താരം ഷെരീഫിന്റെ ഫ്രീകിക്കിലൂടെ. നാലു മിനിറ്റിനുള്ളില്‍ എമില്‍ ബെന്നി ലീഡ് നേടിക്കൊടുത്തു.  എഴുത്തിയേഴാം മിനിറ്റില്‍ ഡെന്നിസ് മൂന്നാം ​ഗോൾ നേടി. മത്സരമവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ മുഹമ്മദ് റാഷിദ് ടീമിനായി ​ഗോൾനേട്ടം പൂർത്തിയാക്കി.

ആദ്യ നിമിഷങ്ങളില്‍ മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. അഞ്ചാം മിനിറ്റില്‍ ഗോകുലത്തിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ താരത്തിന് സാധിച്ചില്ല. ആറാം മിനിറ്റിൽ ഗോകുലത്തിന്റെ ഡെന്നീസ് അഗ്വാരെയെ ഫൗള്‍ ചെയ്തതിന് ഗോകുലത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. അഫ്ഗാന്‍ താരം ഷരീഫാണ് കിക്കെടുത്തത്. പക്ഷേ അദ്ദേഹത്തിന്റെ കിക്ക് പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു. 

12-ാം മിനിട്ടില്‍ ഗോകുലത്തിന്റെ വിന്‍സിയുടെ ലോങ് റേഞ്ചര്‍ ട്രാവുവിന്റെ ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. 15-ാം മിനിറ്റിൽ ട്രാവുവിന്റെ ജോസഫ് മികച്ച മുന്നേറ്റം നടത്തി ഗോകുലം പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 

21-ാം മിനിറ്റില്‍ മലയാളി താരം എമിലിന്റെ കിടിലന്‍ ലോങ്‌റേഞ്ചര്‍ ട്രാവും ഗോള്‍കീപ്പര്‍ അമൃത് കൈയ്യിലൊതുക്കി. എന്നാല്‍ 23-ാം മിനിറ്റില്‍ ഗോകുലത്തിന്റെ നെഞ്ചില്‍ നിറയൊഴിച്ചുകൊണ്ട് ട്രാവു ലീഡെടുത്തു. 

ട്രാവുവിന്റെ ഗോളടിയന്ത്രം വിദ്യാസാഗര്‍ സിങ്ങാണ് ടീമിനായി ഗോള്‍ നേടിയത്. ബോക്‌സിന് വെളിയില്‍ വെച്ച് പന്ത് സ്വീകരിച്ച വിദ്യാസാഗര്‍ പന്ത് കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാഗറിന്റെ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ ഉബൈദിന് സാധിച്ചുള്ളൂ. വിദ്യാസാഗര്‍ ഈ സീസണില്‍ നേടുന്ന 12-ാം ഗോളാണിത്. ഗോള്‍ നേടിയതോടെ ട്രാവു കൂടുതല്‍ ഉണര്‍വോടെ കളിച്ചു. ഗോകുലം കൂടുതല്‍ പരുങ്ങലിലായി. 

36-ാം മിനിട്ടില്‍ വീണ്ടും വിദ്യാസാഗര്‍ ബോക്‌സിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ഉബൈദ് കൈയ്യിലൊതുക്കി. 41-ാം മിനിട്ടില്‍ ഗോകുലത്തിന് മത്സരത്തിലെ ആദ്യ കോര്‍ണര്‍ ലഭിച്ചു. എന്നാല്‍ നവോച്ച സിങ്ങെടുത്ത കിക്ക് പാഴായിപ്പോയി. ഇതിനുശേഷം ആദ്യ പകുതിയില്‍ കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോകുലത്തിന്റെ ഡെന്നിസ് ഒരു കിടിലന്‍ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ അമൃത് അത് തട്ടിയകറ്റി. 51-ാം മിനിട്ടില്‍ ട്രാവുവിന്റെ ചാന്‍സോയ്ക്ക് മികച്ച അവസരം ലഭിച്ചു. ബോക്‌സിനകത്തുവെച്ച് പന്ത് ഗോള്‍ കീപ്പര്‍ ഉബൈദിന്റെ തലയ്ക്ക് മുകളിലൂടെ കോരിയിടാനുള്ള ശ്രമം എന്നാല്‍ ഫലവത്തായില്ല. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 

53-ാം മിനിട്ടില്‍ ട്രാവുവിന്റെ കെ.കെ.സിങ്ങിന് ഒരു ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ഗോകുലത്തിന്റെ നവോച്ച സിങ്ങിന്റെ ഉഗ്രന്‍ ഷോട്ട് ട്രാവു ക്രോസ് ബാറിനെ ചുംബിച്ചുകൊണ്ട് പുറത്തേക്ക് പോയി. 

രണ്ടാം പകുതിയില്‍ ഗോകുലം ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്തിയാണ് ട്രാവു കളിച്ചത്. 62-ാം മിനിട്ടില്‍ ഗോകുലത്തിന്റെ ഡെന്നീസിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ട്രാവു പോസ്റ്റിലുരസി കടന്നുപോയി. 

66-ാം മിനിട്ടില്‍ ഗോകുലത്തിന്റെ എമില്‍ ബെന്നിയ്ക്ക് ഓപ്പണ്‍ ചാന്‍സ് ബോക്‌സിനകത്തുവെച്ച് ലഭിച്ചെങ്കിലും താരത്തിന് അത് വലയിലെത്തിക്കാനായില്ല. പന്ത് പുറത്തേക്ക് പറന്നു. 

67-ാം മിനിട്ടില്‍ വിന്‍സിയുടെ ക്രോസ് ട്രാവുവിന്റെ പ്രതിരോധതാരത്തിന്റെ കാലില്‍ തട്ടി വലയില്‍ കടന്നെങ്കിലും റഫറി ഗോള്‍കിക്ക് വിധിച്ചു. വിന്‍സി ലൈന്‍ മറികടന്നാണ് പാസ് നല്‍കിയത്. 

തൊട്ടടുത്ത മിനിട്ടില്‍ 69-ാം മിനിട്ടില്‍ ഗോകുലത്തിന് ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഗോകുലത്തിന്റെ അഫ്ഗാന്‍ താരം ഷരീഫ് പന്ത് അനായാസം വലയിലെത്തിച്ച് ടീമിന് സമനില സമ്മാനിച്ചു. 

തൊട്ടുപിന്നാലെ  74-ാം മിനിട്ടില്‍ എമില്‍ ബെന്നിയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി. ബോക്‌സിനകത്തേക്ക് പന്തുമായി കുതിച്ച എമില്‍ ബെന്നി ഗോള്‍കീപ്പര്‍ അമൃതിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് ഗോകുലത്തിനായി രണ്ടാം ഗോള്‍ നേടി. ഇതോടെ ട്രാവു ഞെട്ടി.

രണ്ടാം ഗോള്‍ നേടിയിട്ടും ഗോകുലം ആക്രമണം നിര്‍ത്തിയില്ല. അതിന്റെ ഭാഗമായി 77-ാം മിനിട്ടില്‍ ടീം ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇത്തവണ സൂപ്പര്‍താരം ഡെന്നീസാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്. ബോക്‌സിനകത്തുവെച്ച് പന്ത് സ്വീകരിച്ച ഡെന്നീസ് ഗോള്‍കീപ്പര്‍ അമൃതിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. പന്ത് പോസ്റ്റില്‍ തട്ടി വലയില്‍ കയറി. ഇതോടെ സ്‌കോര്‍ 3-1 എന്ന നിലയിലായി. അവിശ്വസനീയ പ്രകടനമാണ് ഗോകുലം രണ്ടാം പകുതിയില്‍ കാഴ്ചവെച്ചത്. 

പിന്നീട് പൂര്‍ണമായും പ്രതിരോധത്തിലേക്ക് ശ്രദ്ധിച്ച ഗോകുലം മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ മുഹമ്മദ് റാഷിദിലൂടെ നാലാം ഗോള്‍ നേടി വിജയമുറപ്പിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം.....

Content Highlights: I League Gokulam Kerala and TRAU face off in title decider