കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വിയോടെ തുടക്കം. ആദ്യകളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. 

എല്‍വെദിന്‍ സ്‌ക്രിജെല്‍ (പെനാല്‍റ്റി 27), വിജയ് നാഗപ്പന്‍ (50) എന്നിവര്‍ ചെന്നൈയ്ക്കും ഡെന്നീസ് ആന്റ്വി (3) ഗോകുലത്തിനായും ഗോള്‍ നേടി.

കളിയുടെ തുടക്കത്തില്‍തന്നെ ഗോകുലം ലീഡെടുത്തു. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോളിന്റെ വരവ്. ലാല്‍റോമാവിയ പന്ത് നവോച്ച സിങ്ങിന് തട്ടിക്കൊടുത്തു. നവോച്ച പോസ്റ്റിന് സമാന്തരമായ നല്‍കിയ പന്തിനെ ഡെന്നീസ് ആന്റ്വി വലയിലെത്തിക്കുകയായിരുന്നു.

27-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് എല്‍വെദിന്‍ ചെന്നൈയുടെ സമനിലഗോള്‍ കണ്ടെത്തി. അവ്ഡിക്കിന്റെ പാസ്സില്‍ നിന്ന് വിജയ് നാഗപ്പന്‍ ലക്ഷ്യം കണ്ടതോടെ ചെന്നൈ മുന്നിലെത്തി.

ലീഗിലെ മറ്റുമത്സരങ്ങളില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് സുദേവ ഡല്‍ഹി എഫ്.സിയെയും (1-0) പഞ്ചാബ് എഫ്.സി. ഐസോള്‍ എഫ്.സിയെയും (1-0) തോല്‍പ്പിച്ചു.

Content Highlights: I-League Former champions Chennai City beat Gokulam Kerala FC