ത്തവണത്തെ ഐ ലീഗ് സീസണില്‍ സ്വപ്‌ന തുല്യമായ കുതിപ്പാണ് കേരളത്തിന്റെ സ്വന്തം ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി നടത്തിയത്. ഐ ലീഗില്‍ കിരീടം നേടുന്ന ആദ്യ കേരള ക്ലബ്ബ് എന്ന നേട്ടം സ്വന്തമാക്കിയ ഗോകുലത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ ഡെന്നീസ് ആന്റ്‌വി അഗ്യാരെ എന്ന ഘാന താരത്തിന്റെ സ്ഥാനം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. 

2020 ഒക്ടോബറില്‍ ഗോകുലത്തിലെത്തിയ ആന്റ്‌വി ഐ ലീഗിലെ തന്റെ ആദ്യ സീസണില്‍ തന്നെ 11 ഗോളുമായി തിളങ്ങി. ശനിയാഴ്ച ട്രാവുവിനെതിരെയും ആന്റ്‌വിയുടെ ബൂട്ടില്‍ നിന്നും ഗോള്‍ പിറന്നു. 

മലേഷ്യ, സ്വീഡന്‍, നോര്‍വേ എന്നിവിടങ്ങളിലെ മികച്ച ക്ലബ്ബുകള്‍ക്കായി കളിച്ച പരിചയസമ്പത്തുമായാണ് ആന്റ്‌വി ഗോകുലത്തിനായി പന്ത് തട്ടാനിറങ്ങിയത്. 

ഘാനയുടെ തലസ്ഥാനമായ ആക്രയിലാണ് ആന്റ്‌വിയുടെ ജനനം. സ്വന്തം നാട്ടിലെ അയാക്‌സ് അക്കാദമിയിലൂടെ 12-ാം വയസില്‍ തന്നെ താരം പന്ത് തട്ടിത്തുടങ്ങി. പിന്നീട് ഘാനിയന്‍ പ്രീമിയര്‍ ലീഗില്‍ ആക്ര ഹാര്‍ട്ട്‌സ് ഓഫ് ഓക്ക് എസ്.സിയിലേക്ക് ആന്റ്‌വിക്ക് ക്ഷണം കിട്ടി. 

2011-ല്‍ 18-ാം വയസില്‍ മലേഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കെലന്റന്‍ എഫ്.സി ആന്റ്‌വിയെ സൈന്‍ ചെയ്തു. മലേഷ്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സീസണില്‍ തന്നെ 10 മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകളുമായി തിളങ്ങാനും ആന്റ്‌വിക്കായി. ആന്റ്‌വി ടീമിലെത്തിയ ആദ്യ സീസണില്‍ തന്നെ മലേഷ്യന്‍ സൂപ്പര്‍ ലീഗ് നേടിയ കെലന്റന്‍ എഫ്.സി മലേഷ്യന്‍ എഫ്.എ കപ്പിലും മുത്തമിട്ടു. 

തുടര്‍ന്ന് കെലന്റന്‍ എഫ്.സിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ആന്റ്‌വി മറ്റൊരു മലേഷ്യന്‍ ക്ലബ്ബായ പെര്‍ലിസിലെത്തി. തുടര്‍ന്ന് 2013-ല്‍ കെലന്റനുമായുള്ള കരാര്‍ അവസാനിപ്പിച്ച താരം ഘാനയിലേക്കു തന്നെ തിരികെയെത്തി. തുടര്‍ന്ന് ഘാന ക്ലബ്ബ് ഇന്റര്‍നാഷണല്‍ അല്ലീസ് എഫ്.സിക്കു വേണ്ടി കളിക്കാന്‍ ആരംഭിച്ചു. ഘാനയിലെ താരത്തിന്റെ പ്രകടനം കണ്ട് സ്വീഡിഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് എഫ്.സി റോസന്‍ഗാര്‍ഡ് താരത്തെ റാഞ്ചി. 

ഒരു വര്‍ഷം റോസന്‍ഗാര്‍ഡിനായി കളിച്ച ആന്റ്‌വി പിന്നീട് ഒന്നര വര്‍ഷത്തെ കരാറില്‍ നോര്‍വെ ക്ലബ്ബ് എഫ്.കെ ജെര്‍വിലേക്ക് മാറി. നോര്‍വീജിയന്‍ രണ്ടാം ഡിവിഷനില്‍ 11 മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകളും നേടി. ജെര്‍വിനായി 30 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ താരം 2016 സീസണില്‍ നോര്‍വീജിയന്‍ ക്ലബ്ബ് തന്നെയായ ഐ.കെ സ്റ്റാര്‍ട്ടിലേക്ക് മാറി. പിന്നീട് സ്വീഡനിലേക്കു തന്നെ തിരികെയെത്തിയ ആന്റ്‌വി അവിടെ രണ്ടാം ഡിവിഷന്‍ ക്ലബ്ബ് ട്രെല്ലെബോര്‍ഗ്‌സിനായും കളിച്ചു. അവിടെ നിന്നാണ് ഗോകുലത്തിലേക്ക് താരം എത്തിയത്.

ഇപ്പോള്‍ ഗോകുലത്തിലും ആദ്യ സീസണില്‍ തന്നെ കിരീട നേട്ടത്തോടെ ഭാഗ്യതാരമായിരിക്കുകയാണ് ആന്റ്‌വി. 

Content Highlights: I-League Dennis Antwi Agyare gokulam kerala FC star