കൊല്‍ക്കത്ത: ഇത്തവണ ഐ.ലീഗ് കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗോകുലം കേരള എഫ്.സിയുടെ പ്രസിഡന്റ് വി.സി പ്രവീണ്‍. കളിക്കാരുടെ പ്രകടനം അത്ഭുതമുളവാക്കുന്നതായിരുന്നുവെന്നും ഈ വിജയം അവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോകുലം ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടതിനുശേഷം ഐ ലീഗ് മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രവീണ്‍. 

'ഇത് മഹത്തരമായ വിജയമാണ്. ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ തൊട്ട് കിരീടം നേടുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. കഴിഞ്ഞ വര്‍ഷം ചെറിയ വ്യത്യാസത്തിനാണ് ഞങ്ങള്‍ക്ക് കിരീടം നഷ്ടമായത്. ഈ വര്‍ഷം കിരീടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്ഥിതി മറിച്ചായിരുന്നു. ആദ്യ ആറ് മത്സരങ്ങളുടെ ഫലം കണ്ടപ്പോള്‍ ഇത്തവണ ടീം കിരീടം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അടുത്ത വര്‍ഷം കിരീടം നേടാമെന്ന് കണക്കുകൂട്ടി. പക്ഷേ കളിക്കാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ചരിത്രം വഴിമാറി. അതോടെ ഞങ്ങള്‍ വീണ്ടും കിരീടം സ്വപ്നം കണ്ടു' പ്രവീണ്‍ പറഞ്ഞു.

ഇന്നത്തെ മത്സരത്തില്‍ ട്രാവുവിനെ കീഴടക്കിയാണ് ഗോകുലം ഐ.ലീഗ് ചാമ്പ്യന്മാരായത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം നാലുഗോളുകള്‍ അടിച്ചാണ് ഗോകുലം ആദ്യമായി കിരീടം കേരളത്തിലേക്കെത്തിച്ചത്.

'ഇന്നത്തെ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നപ്പോഴും ഞാന്‍ പതറിയില്ല. കാരണം അവര്‍ തിരിച്ചുവരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അവര്‍ അതുപോലെ ചെയ്തു. കളിക്കാരോട് നന്ദിയുണ്ട്. എ.എഫ്.സി കപ്പില്‍ പങ്കെടുക്കുക എന്നതാണ് ഇനി ഞങ്ങളുടെ ലക്ഷ്യം.'- പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.

ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ഗോകുലം എഫ്.സി യോഗ്യത നേടിയിട്ടുണ്ട്. 

Content Highlights: Gokulam Kerala President VC Praveen feeling proud of his team