കൊല്‍ക്കത്ത: ഐ.ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്.സിയ്ക്ക് തോല്‍വി. ഐസ്വാൾ എഫ്.സിയോട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഗോകുലം തോല്‍വി വഴങ്ങിയത്. ഐസ്വാളിനുവേണ്ടി മാല്‍സാവുംസുവാലയും റാംമാവിയയും സ്‌കോര്‍ ചെയ്തു.

ഈ തോല്‍വിയോടെ ടീം പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുനിന്നും എട്ടാം സ്ഥാനത്തേക്ക് വീണു. എന്നാല്‍ മറുവശത്ത് ഐസോള്‍ ഈ വിജയത്തോടെ 10-ാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.

കളിയുടെ 40-ാം മിനിറ്റിൽ മാല്‍സാവുംസുവാലയാണ് ഐസ്വാളിനായി ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ വീണത്. 

ബോക്‌സിനകത്തേക്ക് കുതിക്കുകയായിരുന്ന മാല്‍സാവുംസുവാലയെ ഗോകുലം നായകന്‍ അവാല്‍ ഫൗള്‍ ചെയ്ത് വീഴ്ത്തി. ഇതിന്റെ ഭാഗമായാണ് ഗോള്‍ പിറന്നത്. കിക്കെടുത്ത മാല്‍സാവുംസുവാല ഗോള്‍കീപ്പര്‍ ഉബൈദിനെ അനായാസേന കീഴടക്കി പന്ത് വലയിലെത്തിച്ചു

തൊട്ടുപിന്നാലെ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പായി ഗോകുലത്തിന് ഐസ്വാൾ ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് ഒരു ഫ്രീകിക്ക് ലഭിച്ചു. ഷെരീഫ് മുഹമ്മദ് കൃത്യമായി കിക്കെടുത്തെങ്കിലും പന്ത് ക്രോസ്ബാറിലിടിച്ച് തെറിച്ചു. ആദ്യ പകുതിയില്‍ ഐസ്വാൾ ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാനാണ് ഗോകുലം ശ്രദ്ധിച്ചത്. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മ ടീമിന് വിലങ്ങുതടിയായി. മുന്നേറ്റനിര തീരെ നിറം മങ്ങി. 

പ്രതിരോധത്തിലും നിരവധി പാളിച്ചകള്‍ സംഭവിച്ചു. അതിന്റെ ഭാഗമായി ഐസ്വാൾ എഫ്.സി 76-ാം മിനിറ്റിൽ ലീഡുയര്‍ത്തി. മുന്നേറ്റതാരം റാംമാവിയയാണ് ഐസോളിനായി രണ്ടാം ഗോള്‍ നേടിയത്. കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗോകുലം ബോക്‌സിനകത്തേക്ക് ഉയര്‍ന്നുവന്ന പന്ത് താരം കൃത്യമായി കാലിലൊതുക്കി. പിന്നാലെ ഒരുഗ്രന്‍ ഷോട്ടിലൂടെ റാംമാവിയ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഗോകുലം തകര്‍ന്നു.

മൂന്നുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലത്തിന് ഒരു വിജയവും രണ്ടു തോല്‍വിയുമടക്കം മൂന്നുപോയന്റുകള്‍ മാത്രമാണുള്ളത്.

Content Highlights: Gokulam Kerala FC vs Aizawl Fc I League 2020