കോഴിക്കോട്: ഗോകുലം കേരള എഫ്.സി.യുടെ ഐ ലീഗ് കിരീടനേട്ടം കേരള ഫുട്‌ബോളിന് സമ്മാനിച്ച പുത്തനുണര്‍വിന്റെ സാക്ഷ്യമായി ടീമിന്റെ വിക്ടറി പരേഡ്. അവിസ്മരണീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായ ഫുട്ബോള്‍ ആരാധകരുടെ നഗരത്തില്‍ ആവേശം വിതറുന്നതായിരുന്നു ഗോകുലത്തിന്റെ വിജയയാത്ര.

'ചാമ്പ്യന്‍സ് ഓഫ് ഇന്ത്യ' എന്ന് ആലേഖനം ചെയ്ത, പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ ഗോകുലം ടീം നഗരം ചുറ്റി. ടീം പരിശീലകന്‍ വിന്‍സെന്‍സൊ ആല്‍ബര്‍ട്ടൊ അന്നീസ്, ക്യാപ്റ്റന്‍ ഘാന താരം അവാല്‍ മുഹമ്മദ്, ടെക്നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ്, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, വൈസ് ചെയര്‍മാന്‍ ബൈജു ഗോപാലന്‍, ക്ലബ്ബ് പ്രസിഡന്റ് വി.സി. പ്രവീണ്‍, സി.ഇ.ഒ. അശോക് കുമാര്‍ തുടങ്ങിയവര്‍ ടീമിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.

ടീമിന്റെ മൈതാനമായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍നിന്ന് അഞ്ചുമണിക്ക് ഘോഷയാത്ര തുടങ്ങി. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയില്‍ മലബാറിയന്‍സിന്റെ നൂറുകണക്കിന് ആരാധകര്‍ ടീം വാഹനത്തെ അനുഗമിച്ചു. സ്റ്റേഡിയം ചുറ്റി മാവൂര്‍ റോഡുവഴി മാനാഞ്ചിറയിലെത്തി. ബീച്ചിലേക്ക്.

സ്വീകരണച്ചടങ്ങില്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷതവഹിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജോപോള്‍ അഞ്ചേരി, മുന്‍ ഇന്ത്യന്‍ താരങ്ങളായ എം. സുരേഷ്, എന്‍.പി. പ്രദീപ്, കാലിക്കറ്റ് സര്‍വകലാശാല കായികപഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള പോലീസ് ഫെഡറേഷന്‍ കപ്പ് ജയിച്ചശേഷം കേരളത്തിലെ ഒരു ക്ലബ്ബിനും ദേശീയ കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഗോകുലത്തിന്റെ ഐ ലീഗ് കിരീടനേട്ടം കേരള ഫുട്‌ബോളിന് വീണ്ടും ഉണര്‍വുപകര്‍ന്നിരിക്കുന്നു.

Content Highlights: Gokulam Kerala FC victory parade in Calicut