ഐ ലീഗ് കിരീടം ആദ്യമായി കേരളത്തിലെത്തിച്ചിരിക്കുകയാണ് ഗോകുലം കേരള എഫ്.സി. ലീഗിലെ അവസാന മത്സരത്തില്‍ ട്രാവുവിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് മറികടന്നായിരുന്നു ഗോകുലത്തിന്റെ കിരീട നേട്ടം. ഗോകുലത്തിന്റെ മുന്നേറ്റത്തില്‍ ടീമിന്റെ ഗോള്‍വല കാത്തത് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.കെ ഉബൈദായിരുന്നു. ഗോകുലത്തിന്റെ ചരിത്ര വിജയത്തിനു ശേഷം മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുകയാണ് ഉബൈദ്. 

ഗോകുലത്തിന്റെ വിജയത്തിനു പിന്നില്‍

കളിക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി കൂടെനിന്ന മാനേജ്‌മെന്റിന് തന്നെയാണ് ടീമിന്റെ വിജയത്തിന്റെ ക്രെഡിറ്റ്. കളിക്കാര്‍ക്ക് എന്തുകാര്യവും തുറന്ന് പറയാന്‍ സാധിക്കുന്ന ഒരു മാനേജ്‌മെന്റാണിത്. അതുപോലെ സീനിയര്‍-ജൂനിയര്‍ തുടങ്ങിയ വ്യത്യാസങ്ങളൊന്നും തന്നെ ഇവിടെയില്ലായിരുന്നു. എല്ലാവരേയും ഒരേപോലെ തന്നെ കണ്ടു. ആരോടും എന്ത് കാര്യവും തുറന്ന് പറയാന്‍ സാധിക്കുന്ന അന്തരീക്ഷമായിരുന്നു ഗോകുലത്തില്‍. എല്ലാവരും തന്നെ ഏറെ സൗഹൃദത്തോടെയാണ് പരസ്പരം പെരുമാറിയിരുന്നത്. 

കോവിഡ് അനുഗ്രഹമായി

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കളിക്കാര്‍ തമ്മിലുള്ള അടുപ്പവും സൗഹൃദവും ഒന്നുകൂടി ശക്തമായിരുന്നു. കോവിഡ് തന്നെയാണ് അതിന് കാരണമായത്. കോവിഡ് കാരണം കളിക്കാര്‍ എല്ലാവരും നാലഞ്ച് മാസം ഒരുമിച്ചായിരുന്നു താമസം. ബയോ ബബിളിനുള്ളിലായതിനാല്‍ ആര്‍ക്കും പുറത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് പോകാനൊന്നും സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ആരോടെങ്കിലും സംസാരിക്കാന്‍ ഉള്ളത് ടീം അംഗങ്ങള്‍ മാത്രമായിരുന്നു. അത് കളിക്കാര്‍ തമ്മിലുള്ള ആശയവിനിമയവും എളുപ്പമാക്കി. കളിക്കാര്‍ തന്നെ പരസ്പരം എല്ലാം തുറന്നുപറയുന്ന തരത്തില്‍ അടുത്തു. ആകെ പുറത്തുപോകുന്നത് പരിശീലനത്തിനായി മാത്രമാണ്. ബാക്കി സമയം മുഴുവന്‍ കളിക്കാര്‍ ഹോട്ടലിനുള്ളില്‍ തന്നെയായിരുന്നു. 

കോച്ച് വിന്‍സെന്‍സൊ ആല്‍ബര്‍ട്ടോ അന്നീസിനെ കുറിച്ച് 

കളിക്കാര്‍ക്ക് എല്ലാ കാര്യത്തിലും പിന്തുണ നല്‍കുന്ന കോച്ചാണ് അദ്ദേഹം. തുടക്കത്തില്‍  കോച്ചിന്റെ സിസ്റ്റവുമായി പൊരുത്തപ്പെട്ടു പോകാന്‍  കളിക്കാര്‍ക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. 4-3-3 ഫോര്‍മേഷനായിരുന്നു കോച്ചിന്റേത്. പലര്‍ക്കും ആ ഫോര്‍മേഷനുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തു. ശരിക്കും ആദ്യത്തെ ഒരു നാലഞ്ച് മത്സരങ്ങള്‍ക്ക് ശേഷമാണ് കോച്ചിന് കളിക്കാരെ ശരിക്കും മനസിലായത്. അതോടെ ഒരോ പൊസിഷനിലേക്കുമുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് എളുപ്പമായി. ശരിക്കും ഇതേപോലൊരു ടീമിനെ വെച്ച് ഐ ലീഗ് കിരീടം നേടുക എന്ന് പറഞ്ഞാല്‍ അത് ചില്ലറ കാര്യമൊന്നും അല്ല. കാരണം യുവതാരങ്ങളായിരുന്നു ടീമില്‍ കൂടുതലും. വലിയ മത്സരങ്ങളില്‍ കളിച്ചുള്ള അനുഭവം പലര്‍ക്കും ഉണ്ടായിരുന്നില്ല. പലരുടെയും ആദ്യ മേജര്‍ ടൂര്‍ണമെന്റും ഇതായിരുന്നു. റിസര്‍വ് ടീമില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തിയത് കോച്ചിന്റെ കഴിവ് തന്നെയാണ്.

ട്രാവുവിനെതിരായ മത്സരത്തിനു മുമ്പ് ലഭിച്ച ഉപദേശം

എല്ലാ കളിക്കു മുമ്പും തലേ ദിവസം ടീം മീറ്റിങ് ഉണ്ടാകും. കളി എങ്ങനെയാണെങ്കിലും ജയിക്കുക എന്ന ലക്ഷ്യം മാത്രമേ ടീമിന് മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ. കാരണം ട്രാവുവിനെതിരായ മത്സരം സമനിലയായാലും ചര്‍ച്ചിലിന്റെ കളിയുടെ ഫലം അനുസരിച്ചിരിക്കും കിരീടത്തിന്റെ കാര്യം. ടീം മീറ്റിങ്ങില്‍ കോച്ച് ഒറ്റക്കാര്യമേ പറഞ്ഞിരുന്നുള്ളൂ. നാം ഇത്രയേറെ നാളായി ഇവിടെ വന്നിട്ട് അവസാനം കിരീടത്തിന് അടുത്ത് വരെയെത്തി ഇനി ഇത് വിട്ടുകൊടുക്കരുത്. നമ്മളിലൂടെ ഇത്ര വലിയ ഒരു കിരീടം കേരളത്തിലെത്തുക എന്ന പറഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെയല്ലേ. അത് ഇനി എപ്പോഴും ഗോകുലത്തിന്റെ ചരിത്രം നോക്കുമ്പോഴോ നമ്മുടെ പ്രൊഫൈല്‍ നോക്കുമ്പോഴോ ഈ കിരീടനേട്ടം അവിടെയുണ്ടാകും. കാരണം ഒരുപാട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈവരിക്കാൻ കഴിയാതെ പോയ ഒരു നേട്ടമാണിത്.

ലക്ഷ്യം ഇന്ത്യന്‍ ടീം തന്നെ

ഐ.എസ്.എല്ലിലും ഇന്ത്യന്‍ ടീമിലും കളിക്കുക എന്നത് ഇന്ത്യയിലെ ഏത് ഫുട്‌ബോള്‍ താരത്തിന്റെയും സ്വപ്‌നമാണ്. ഇപ്പോള്‍ ഐ.എസ്.എല്ലില്‍ കളിക്കുന്നവര്‍ മാത്രമാണ് ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഐ ലീഗ് താരങ്ങള്‍ക്ക് ആ അവസരം ലഭിക്കുന്നില്ല. ഈ സിസ്റ്റം അങ്ങനെയാണ്. മികച്ച അവസരങ്ങള്‍ വരുമ്പോള്‍ സ്വീകരിക്കാതിരിക്കില്ല.

Content Highlights: Gokulam Kerala FC Goalkeeper Ubaid CK about I-league victory