കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി ഐ.ലീഗ് കിരീടം കേരളത്തിലെത്തിച്ച ഗോകുലം എഫ്.സി ഒരു സ്‌പെഷ്യല്‍ ടീമാണെന്ന് പരിശീലകന്‍ വിസെന്‍സോ അനീസെ. അവസാന റൗണ്ട് മത്സരത്തില്‍ ട്രാവു എഫ്.സിയെ കീഴടക്കിയ ശേഷമാണ് ഗോകുലത്തിന്റെ പരിശീലകന്‍ മനസ്സ് തുറന്നത്.

'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിത്. ഞങ്ങള്‍ കിരീടം നേടി എന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ടീമിന്റെ വിജയത്തില്‍ ഞാനേറെ അഭിമാനിക്കുന്നു. ശരിക്കും ചാമ്പ്യന്മാരെപ്പോലെയാണ് ഈ സീസണില്‍ ഞങ്ങള്‍ കളിച്ചത്. ഗോകുലം ഒരു സ്‌പെഷ്യല്‍ ടീമാണ്. ഈ ശൈലിയില്‍ ഐ ലീഗില്‍ മറ്റൊരു ടീമിനും കളിക്കാനാവില്ല'- അനീസെ പറഞ്ഞു

മത്സരത്തിന്റെ 69-ാം മിനിട്ടുവരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ നാലുഗോളുകള്‍ നേടിയാണ് ഗോകുലം ആദ്യമായി ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. 

'ഒരു ഗോളിന് പിന്നില്‍ നിന്നാല്‍ പോലും ഞങ്ങള്‍ ആത്മവിശ്വാസത്തോടെ പൊരുതി തിരിച്ചുവരും. ഞങ്ങള്‍ തിരിച്ചുവന്ന് വിജയം സ്വന്തമാക്കും എന്ന വിശ്വാസം എന്റെ ടീമിലെ ഓരോ കളിക്കാരനുമുണ്ട്. അതാണ് ഈ മത്സരത്തില്‍ ഞങ്ങള്‍ കാണിച്ചത് '- അനീസെ വ്യക്തമാക്കി

ആദ്യപകുതിയ്ക്ക് ശേഷം തീര്‍ത്തും വ്യത്യസ്തമായ പ്രകടനമാണ് രണ്ടാം പകുതിയില്‍ ഗോകുലം കാഴ്ചവെച്ചത്. 'രണ്ടാം പകുതിയില്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിനെ വിശ്വസിക്കുക എന്ന് മാത്രമാണ് ഞാന്‍ കളിക്കാരോട് പറഞ്ഞത്. അത് അവര്‍ ചെയ്തു.'- അനീസെ കൂട്ടിച്ചേര്‍ത്തു. 

ഇറ്റലിക്കാരനായ അനീസെ ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. 1999 മുതല്‍ ഫുട്‌ബോള്‍ കളിക്കാരനായി കരിയര്‍ ആരംഭിച്ച താരം 2010 മുതലാണ് പരിശീലകന്റെ കുപ്പായമണിയുന്നത്.

Content Highlights: Gokulam Kerala coach Vincenzo Annese 'proud' of 'special team' for lifting their maiden Hero I-League title