കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനേട്ടത്തിനരികെ ഗോകുലം കേരള എഫ്.സി. ഐ ലീഗ് ഫുട്‌ബോള്‍ പ്ലേ ഓഫിലെ നാലാം മത്സരത്തില്‍ മുഹമ്മദന്‍സിനെ കീഴടക്കിയതോടെ കേരള ക്ലബ്ബ് കിരീടത്തിന് തൊട്ടരികിലെത്തി. അവസാന റൗണ്ടില്‍ ജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ഒരു കേരള ടീം ഐ ലീഗില്‍ കപ്പുയര്‍ത്തും.

ജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഗോകുലം മുഹമ്മദന്‍സിനെ 2-1 ന് മറികടന്നു. ഘാന സ്‌ട്രൈക്കര്‍ ഡെന്നീസ് ആന്റ്‌വി ഇരട്ടഗോള്‍ (20, 34) നേടി. അവസാനഘട്ടത്തില്‍ സുജിത്ത് സദ്ദുവിലൂടെ (85) മുഹമ്മദന്‍സ് ഒരുഗോള്‍ മടക്കി. ആന്റ്‌വി കളിയിലെ താരമായി.

ഒരു റൗണ്ട് ബാക്കിനില്‍ക്കെ ഗോകുലം, ട്രാവു എഫ്.സി., ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകള്‍ക്ക് 26 പോയന്റുണ്ട്. പരസ്പരം കളിച്ചതിലെ ആനൂകൂല്യത്തിലാണ് ഗോകുലം ഒന്നാം സ്ഥാനത്തുള്ളത്. 27ന് നടക്കുന്ന അവസാന റൗണ്ട് മത്സരത്തില്‍ ഗോകുലം ട്രാവുവിനെയും ചര്‍ച്ചില്‍ പഞ്ചാബ് എഫ്.സി.യെയും നേരിടും.

മനോഹരമായ വോളിയിലൂടെയാണ് ഡെന്നീസ് അന്റ്‌വി ഗോകുലത്തിനായി ലീഡെടുത്തത്. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് അസാധ്യ ആംഗിളില്‍നിന്ന് സ്‌കോര്‍ ചെയ്ത് ഘാന താരം ലീഡുയര്‍ത്തി. കളിയുടെ അവസാന ഘട്ടത്തില്‍ ഫ്രീകിക്കില്‍ നിന്ന് വന്ന പന്തിനെ ഹെഡറിലൂടെ സുജിത്ത് ഗോകുലം വലയിലെത്തിച്ചു. നേരത്തെ ട്രാവു എഫ്.സി ചര്‍ച്ചില്‍ മത്സരം 1-1 ന് സമനിലയില്‍ അവസാനിച്ചു.

Content Highlights: Gokulam Kerala beat Mohammedan Sporting 2-1 to remain in I-League title race