ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടതോടെ വലിയൊരു കാത്തിരിപ്പിനാണ് ഗോകുലം എഫ്.സി വിരാമമിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി കേരളം കാത്തിരുന്ന ഐ.ലീഗ് കിരീടം ഒടുവില്‍ ഗോകുലത്തിലൂടെ മലയാളമണ്ണില്‍ താണിറങ്ങുമ്പോള്‍ ചരിത്രം വഴിമാറുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഗോകുലം വെറുമൊരു ഫുട്‌ബോള്‍ ക്ലബ്ബല്ല. ഇതുവരെ നേടാനാകാത്ത പല നേട്ടങ്ങളും കൈവരിച്ച ഗോകുലം മലയാളികളുടെ മനസ്സില്‍ മായാതെ ഇടം നേടിയിരിക്കുന്നു. ഡ്യൂറന്റ് കപ്പും ഐ ലീഗും നേടുന്ന ആദ്യ കേരള ക്ലബ്ബാണ് ഗോകുലം. ഈ നേട്ടങ്ങള്‍ മാത്രം മതി ഫുട്‌ബോള്‍ ഉള്ളയിടത്തോളം കാലം ഗോകുലത്തെ മലയാളികള്‍ ഓര്‍ക്കാന്‍.

ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടതോടെയാണ് ഗോകുലത്തെ മലയാളികള്‍ നെഞ്ചേറ്റാന്‍ തുടങ്ങിയത്. കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ചരിത്രം കുറിച്ചാണ് ഗോകുലം 2019 ഓഗസ്റ്റ് 24 ന് ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്നത്. 22 വര്‍ഷത്തിനുശേഷമായിരുന്നു ഗോകുലം അന്ന് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തിച്ചത്. 1997-ല്‍ എഫ്.സി കൊച്ചിനായിരുന്നു അവസാനമായി ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്നത്.

മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളുകളുടെ സഹായത്തോടെയാണ് ഗോകുലം ഫൈനലില്‍ മോഹന്‍ ബഗാനെ വീഴ്ത്തിയത്. സെമിയില്‍ ഈസ്റ്റ് ബംഗാളിനെ മറികടന്നാണ് കേരളം ഫൈനലിലെത്തിയത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്. 

ഇത്തവണ ആദ്യമായാണ് കേരളത്തിലേക്ക് ഗോകുലം ഐ.ലീഗ് കിരീടം കൊണ്ടുവന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോകുലം നാലുഗോളുകള്‍ എതിരാളികളായ ട്രാവുവിന്റെ പോസ്റ്റില്‍ അടിച്ചുകയറ്റി. ഇതോടെ ഗോകുലം കേരള ഫുട്‌ബോളിന്റെ മുഖമായി മാറി. കേരള ബ്ലാസ്‌റ്റേഴ്‌സ് മാത്രമല്ല ഗോകുലത്തിനും മലയാള മണ്ണില്‍ ആരാധകരുണ്ടെന്ന് ഈ മത്സരം തെളിയിച്ചു. പിന്നില്‍ നിന്നും തിരിച്ചുവന്ന പോരാട്ടവീര്യം ഇനിയും ഗോകുലത്തിന് ഉയരങ്ങള്‍ കീഴടക്കുന്നതിന് പ്രചോദനമാകും.

വരാനിരിക്കുന്ന എ.എഫ്.സി കപ്പിലും ചിലപ്പോള്‍ ഐ.എസ്.എല്ലിലും ഗോകുലം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിശ്വസിക്കുന്നു.

Content Highlights: Gokulam FC Kerala wins both durant cup and I league