കൊല്‍ക്കത്ത: ഐ.ലീഗില്‍ ഗോകുലം കേരള എഫ്.സിയോട് തോല്‍വി വഴങ്ങിയെങ്കിലും ട്രാവുവിന്റെ അഭിമാനമായി മാറി ഇന്ത്യന്‍ യുവതാരം വിദ്യാസാഗര്‍ സിങ്. ഈ സീസണില്‍ 12 ഗോളുകള്‍ അടിച്ച് ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ ബൂട്ട് സ്വന്തമാക്കി തലയുയര്‍ത്തിയാണ് താരം കൊല്‍ക്കത്തയില്‍ നിന്നും മടങ്ങുന്നത്. 

ഈ നേട്ടത്തോടെ അപൂര്‍വമായ ഒരു റെക്കോഡാണ് വിദ്യാസാഗര്‍ സിങ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒറ്റയ്ക്ക് ഐ.ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്നത്. 2013-14 സീസണില്‍ സുനില്‍ ഛേത്രി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിലും അന്ന് കോര്‍ണെല്‍ ഗ്ലെന്‍, ഡാരല്‍ ടഫി എന്നിവര്‍ക്കൊപ്പം പുരസ്‌കാരം താരം പങ്കുവെയ്ക്കുകയായിരുന്നു.  ബെംഗളൂരു എഫ്.സിയ്ക്ക് വേണ്ടിയാണ് ഛേത്രി ഈ നേട്ടം കൈവരിച്ചത്. 14 ഗോളുകളാണ് താരം നേടിയത്.

ഈ സീസണില്‍ ഗോകുലത്തിനെതിരേ അവസാന മത്സരത്തില്‍ സ്‌കോര്‍ ചെയ്തതോടെയാണ് വിദ്യാസാഗര്‍ ഈ നേട്ടത്തിലെത്തിയത്.

2007 മുതലാണ് ഐ.ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ഇതുവരെ മിക്ക സീസണിലും വിദേശ താരങ്ങള്‍ തന്നെയാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. ഛേത്രിയും വിദ്യാസാഗറും മാത്രമാണ് ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയത്. 

ഏറ്റവുമധികം തവണ ഐ.ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് കിരീടം ചൂടിയത് റാന്റില്‍ മാര്‍ട്ടിന്‍സാണ്. അഞ്ചുതവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 

Content Highlights: Bidyasagar Singh became the first indian player to win golden boot in I league individually