ദോഹ: ഖത്തര്‍ ലോകകപ്പിന് ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് അവശേഷിക്കുന്നത്. വമ്പന്‍മാര്‍ ഓരോരുത്തരായി യോഗ്യത ഉറപ്പിക്കുമ്പോള്‍ കെട്ടകാലമാണ് യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിക്കും സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും. 2022ലെ ലോകകപ്പിന് ഇവരില്‍ ഒരു ടീം മാത്രമേ യോഗ്യത നേടുകയുള്ളൂവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ കാല്‍പന്തുകളി ആരാധകര്‍ക്ക് അത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

പ്ലേ ഓഫ് സെമി ഫൈനലില്‍ പോര്‍ച്ചുഗല്‍ തുര്‍ക്കിയേയും ഇറ്റലി നോര്‍ത്ത് മാസെഡോണിയേയും നേരിടും. ഇരുവരും വിജയിച്ചാല്‍ ഗ്രൂപ്പ് സി ഫൈനലില്‍ പോര്‍ച്ചുഗലും ഇറ്റലിയും പരസ്പരം ഏറ്റുമുട്ടേണ്ടി വരും. അതില്‍ ഒരു ടീം മാത്രമേ ഖത്തറിലേക്ക് തിരിക്കുകയുള്ളൂ. ഇതിലേത് ടീം യോഗ്യത ലഭിക്കാതെ മടങ്ങിയാലും അത് ഫുട്‌ബോളിന് വലിയ നഷ്ടമാണ്. മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി 2018ലെ റഷ്യ ലോകകപ്പിനും യോഗ്യത നേടിയിരുന്നില്ല.

മെസിയുടേയും റോണോയുടേയും അവസാന ലോകകപ്പ് ആണ് ഖത്തറിലേതെന്ന് ഏറെക്കുറേ ഉറപ്പാണ്. ലോകകപ്പില്‍ ഇരുവരും അവസാനമായി തങ്ങളുടെ രാജ്യത്തിന്റെ കുപ്പായമണിഞ്ഞ് ഇറങ്ങുന്ന ടൂര്‍ണമെന്റ് എന്ന പ്രത്യേകത കൂടി ഇല്ലാതാകും പോര്‍ച്ചുഗലിന് യോഗ്യത ലഭിച്ചില്ലെങ്കില്‍. യൂറോപ്പില്‍ നിന്ന് പത്ത് ടീമുകളാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചത്. പ്ലേഓഫിലെ 12 ടീമുകളില്‍ നിന്ന് മൂന്ന് ടീമുകള്‍ പ്ലേ ഓഫില്‍ നിന്ന് ഇവര്‍ക്കൊപ്പം ചേരും. 

12 ടീമുകളെ നാല് ടീം വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ നോക്കൗട്ട് അടിസ്ഥാനത്തില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. പ്ലേ ഓഫ് സെമി, ഫൈനല്‍ എന്നിങ്ങനെ നടക്കുന്ന മത്സരങ്ങളില്‍ മൂന്ന് ഗ്രൂപ്പുകളുടേയും ജേതാക്കളാണ് ഖത്തര്‍ ലോകകപ്പില്‍ കളിക്കുക. നിലവില്‍ സെര്‍ബിയ, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നിവരാണ് യോഗ്യത ഉറപ്പിച്ചത്.

Content Highlights: only one of portugal or italy will qualify for qatar world cup