ബെലോ ഹൊറിസോണ്ടയിലെ ശപിക്കപ്പെട്ട രാത്രിയിലെ ഓര്‍മകളില്‍നിന്നുള്ള ബ്രസീല്‍ ടീമിന്റെ തിരിച്ചുവരവാണ് റഷ്യയില്‍ ഓരോ ആരാധകനും കാത്തിരിക്കുന്നത്. ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ കോച്ച് ടിറ്റെ പ്രഖ്യാപിച്ചപ്പോള്‍ ആ വിശ്വാസത്തിന് ദൃഢത കൂടിയിട്ടുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്ട്രൈക്കര്‍ നെയ്മര്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷം ടീമിനുണ്ട്. എന്നാല്‍ റൈറ്റ് ബാക്ക് ഡാനി ആല്‍വ്സിന്റെ പരിക്കാണ് ടീമിന് അപ്രതീക്ഷിത ദുഃഖം. ആല്‍വ്സ് ഇല്ലെങ്കിലും കപ്പടിക്കാന്‍ കെല്‍പുള്ള സംഘത്തെ പരിശീലകന്‍ ടിറ്റെ അണിനിരത്തുന്നതാണ് ബ്രസീലിയന്‍ ആരാധകന്‍ എന്ന നിലയില്‍ സന്തോഷിപ്പിക്കുന്നത്.

ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിന്റെ പ്രതിസന്ധി പ്രതിരോധനിരയിലെ പിഴവുകളായിരുന്നു. ഇത്തവണ റയല്‍ മഡ്രിഡ് താരം മാഴ്സലോയും പി.എസ്.ജി. താരം ആല്‍വ്സും ടീമിലുള്ളപ്പോള്‍ അതിന് പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. ലെഫ്റ്റ് ബാക്കായി മാഴ്സലോയും റൈറ്റ്ബാക്കായി ആല്‍വ്സും നിന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു വിങ്ബാക്കുകള്‍ ബ്രസീലിന് സ്വന്തമാകുമായിരുന്നു. ആ പ്രതീക്ഷക്ക് തിരിച്ചടിയേറ്റെങ്കിലും ടിറ്റോ കൊണ്ടുവന്ന പുതിയ താരങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 

ആരാധകരെ സംബന്ധിച്ചിടത്തോളം അത്ര പ്രശസ്തരല്ലെങ്കിലും കൊറിന്ത്യന്‍സ് താരം ഫാഗ്‌നറോ മാഞ്ചെസ്റ്റര്‍ സിറ്റി താരം ഡാനിലോയോ ആകും ആല്‍വ്സിന്റെ സ്ഥാനത്ത് കളിക്കുന്നത്. പരിചയസമ്പന്നരായ മാഴ്സലോയും തിയാഗോ സില്‍വയും മിറാന്‍ഡയും ബ്രസീല്‍ പ്രതിരോധം കരുത്തുറ്റതാകും. മധ്യനിരയില്‍ ഫിലിപ്പ് കുട്ടീന്യോയും വില്യനും പൗളിഞ്ഞോയും അണിനിരക്കുമ്പോള്‍ ബ്രസീലിയന്‍ മധ്യനിരയ്ക്ക് കളിയൊഴുക്കുണ്ടാകും.

മുന്നേറ്റത്തില്‍ നെയ്മര്‍ തിരിച്ചെത്തുന്നതാണ് ബ്രസീലിന്റെ പ്രതീക്ഷയും പ്രചോദനവും. നെയ്മര്‍ക്കൊപ്പം അണിനിരത്താന്‍ ഗബ്രിയേല്‍ ജീസസും ഡഗ്ലസ് കോസ്റ്റയും ഫെര്‍മിനോയും അടങ്ങിയ തകര്‍പ്പന്‍ സ്ട്രൈക്കര്‍മാരുടെ നിരയുള്ളതും ടിറ്റെയ്ക്ക് വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. 4-2-3-1 ശൈലിയിലും 4-3-3 എന്ന അറ്റാക്കിങ്ങ് ശൈലിയിലും ടിറ്റെ ടീമിനെ വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. കാര്യമായ സമ്മര്‍ദങ്ങളില്ലാതെ ഇറങ്ങാന്‍ കഴിയുന്ന യുവസംഘം തന്നെയാണ് ഇത്തവണ ബ്രസീലിന്റെ പ്ലസ് പോയന്റ്. ശക്തമായ റിസര്‍വ് ബഞ്ചും ടീമിന്റെ അനുകൂലഘടകമാണ്. 

Content Highlights: Rino Anto On Brazil Team and World Cup