ഇംഗ്ലീഷ് ഫുട്ബോളില്‍ നടക്കുന്ന വലിയ മാറ്റങ്ങള്‍ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ പരിശീലകന്‍ സൗത്ത് ഗേറ്റിനെ സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി യുവത്വത്തിന് മുന്‍തൂക്കമുള്ള ടീമിനെയാണ് റഷ്യയില്‍ ഇറക്കുന്നത്.

പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന നിലപാടാണ് സൗത്ത്ഗേറ്റിന്റേത്. അതിന്റെ തുടര്‍ച്ചയായി ടീം തിരഞ്ഞെടുപ്പിനെ കാണാം. വെയ്ന്‍ റൂണി, ജോ ഹാര്‍ട്ട് എന്നിവരെ ഒഴിവാക്കിയും ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, കെയ്റന്‍ ട്രിപ്പിയര്‍, റുബന്‍ ലോഫ്റ്റസ് എന്നിവരെ ഉള്‍പ്പെടുത്തിയുമുള്ള ടീം ഇംഗ്ലീഷ് ടീമിന്റെ ആരാധകനായ എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല.

പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റി നടത്തിയ പ്രകടനത്തിന്റെ സ്വാധീനം ടീം തിരഞ്ഞെടുപ്പിലുണ്ട്. 4-4-2 എന്ന പരമ്പരാഗത ഇംഗ്ലീഷ് ശൈലിയില്‍നിന്ന് 4-2-3-1 ശൈലിയിലേക്ക് സൗത്ത് ഗേറ്റ് കളി മാറ്റിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മൂന്ന് പ്രതിരോധനിരക്കാരൈവച്ചും കളിപ്പിക്കുന്നു. പ്രതിരോധത്തില്‍ ഫുള്‍ബാക്കുകള്‍ക്കാണ് ആധിപത്യം.

ആഷ്ലി യങ്, അര്‍നോള്‍ഡ്, ട്രിപ്പിയര്‍, വാക്കര്‍, ഡാനി റോസ് എന്നിവര്‍ ഈ ഗണത്തില്‍പ്പെടും. സെന്‍ട്രല്‍ ഡിഫന്‍സില്‍ പരിചയസമ്പന്നനായ കാഹിലിനൊപ്പം ഫില്‍ ജോണ്‍സും ജോണ്‍ സ്റ്റോണ്‍സുമാണുള്ളത്. പ്രത്യാക്രമണം ലക്ഷ്യംവെച്ചുള്ള ഗെയിംപ്ലാന്‍ സൗത്ത് ഗേറ്റിന്റെ മനസ്സിലുണ്ടെന്ന് തോന്നുന്നു. സിറ്റിയില്‍ പെപ് ഗാര്‍ഡിയോള ഫുള്‍ബാക്കുകളെ നന്നായി ഉപയോഗിച്ചിരുന്നു.

മധ്യനിരയില്‍ ചെറിയ ക്ഷീണമുണ്ട്. ആദം ലല്ലാന, ജാക് വില്‍ഷെയര്‍ എന്നിവരുടെ അഭാവം പ്ലേമേക്കിങ് കരുത്ത് കുറയ്ക്കും. ഹെന്‍ഡേഴ്സന്‍ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. മര്‍ക്കസ് റാഷ്ഫോഡിനെയും സ്റ്റര്‍ലിങ്ങിനെയും വിങ്ങര്‍മാരാക്കി ഡാലെ അലിയെ സപ്പോര്‍ട്ടിങ് സ്ട്രൈക്കറുടെ റോളില്‍ കളിപ്പിക്കാനാകും തീരുമാനം. 

മികച്ച മുന്നേറ്റനിര ടീമിനുണ്ട്. ഹാരി കെയ്ന്‍ എന്ന ക്ലിനിക്കല്‍ ഫിനിഷര്‍. ഒപ്പം ജെയ്മി വാര്‍ഡിയും പരിചയസമ്പന്നനായ വെല്‍ബെക്കും. കെയ്ന്‍, വാര്‍ഡി എന്നിവരുടെയു സാന്നിധ്യമാണ് ഒറ്റ സ്ട്രൈക്കറെന്ന ഫോര്‍മേഷനിലേക്ക് സൗത്ത് ഗേറ്റിനെ നയിക്കുന്നത്.

Content Highlights: Jo Paul Ancheri On England Team and World Cup