യണല്‍ മെസ്സിയില്ലാത്ത റഷ്യന്‍ ലോകകപ്പിനെ കുറിച്ച് നമുക്കാര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ? അങ്ങനെയൊരു സ്വപ്നം പോലും കാണരുതെന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് ഫുട്ബോള്‍ ആരാധകര്‍. കാരണം മെസ്സിയില്ലെങ്കില്‍ ലോകകപ്പിന്റെ പാതി നഷ്ടപ്പെട്ടുവെന്നാണ് അര്‍ത്ഥം. മെസ്സി വര്‍ത്തമാനകാലത്തെ ഹീറോ ആണെങ്കില്‍ പിന്നിലോട്ടു മാഞ്ഞുപോയെ ഓരോ ലോകകപ്പിലും ഇങ്ങനെ ഓരോ ഹീറോയുണ്ടായിട്ടുണ്ട്. ഫുട്ബോളില്‍ വിസ്മയം സമ്മാനിച്ച് ചുറ്റും ആരാധകരുടെ ഒരു വലയം തീര്‍ത്ത നായകന്‍മാര്‍. 

ഇണങ്ങിയ പട്ടിയെപ്പോലെ പന്തിനെ കാലുകളില്‍ കൊണ്ടുനടക്കുന്ന ബ്രസീല്‍ ഫുട്ബോളില്‍ സൂപ്പര്‍ ഹീറോ പ്രത്യക്ഷപ്പെടാത്ത ഒരൊറ്റ ലോകകപ്പ് പോലുമുണ്ടായിട്ടില്ല. പെലെ, ഗാരിഞ്ച, സീക്കോ, സോക്രട്ടീസ്, റൊണാള്‍ഡോ എന്നിങ്ങനെ നീണ്ടു പോകുന്നതാണ് ആ പട്ടിക. അതില്‍ തെരുവില്‍ നിന്ന് വന്നവനാണ് റൊണാള്‍ഡീന്യോയെങ്കില്‍ മട്ടുപ്പാവില്‍ നിന്ന് മൈതാനത്തെത്തിയവനാണ് കക്ക. ആ വ്യത്യാസം വേനലും വസന്തവും പോലെ അവരുടെ കളിയിലും കാണാം. വേനലിലും പച്ച മായാത്ത ചെടിയാണ് റൊണാള്‍ഡീന്യോയെങ്കില്‍ വസന്തത്തില്‍ മാത്രം പൂവിടാനേ കക്കയക്ക് കഴിഞ്ഞിട്ടുള്ളു. 

അച്ഛന്റെ സ്വപ്നസാക്ഷാത്കാരം

ബ്രസീലിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയമുള്ള ഗ്വയ്ബ തടാകത്തിന്റെ തീരനഗരമായ പോര്‍ടോ അലിഗ്രെയിലെ വെല്‍ഡറായ ജൂ ഡാസില്‍വ മൊറേയ്റയുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് കാണുന്ന റൊണാള്‍ഡീന്യോയെന്ന ഫുട്ബോള്‍ താരം. തുറമുഖത്തും കടലിലും വരെ ഫുട്ബോള്‍ കളിച്ചുനടന്ന അയാള്‍ക്ക് ജീവിക്കാന്‍ വേണ്ടി വെല്‍ഡറായി വേഷം കെട്ടേണ്ടിവന്നപ്പോള്‍ മക്കളായ റോബോര്‍ട്ടോവിനും റൊണാള്‍ഡൊ ഡി അസിസ് മൊറെയ്റോയ്ക്കും അയാള്‍ തന്റെ സ്വപ്നച്ചരട് കൈമാറുകയായിരുന്നു. ഒപ്പം മക്കളെ പോര്‍ടോ അലിഗ്രെയിലെ ഗ്രെമിയോ ക്ലബ്ബിന്റെ കളിക്കാരനാക്കാന്‍ അയാള്‍ ഒരു സാഹസം കൂടി കാണിച്ചു. വെല്‍ഡറുടെ ജോലി ഉപേക്ഷിച്ച് ക്ലബ്ബിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലെ സെക്യൂരിറ്റി ജീവനക്കാരനായി മാറി.  

ronaldinho
റൊണാള്‍ഡീന്യോയുടെ കുടുംബം   ഫോട്ടോ: ട്വിറ്റര്‍

ഗ്രെമിയോ ക്ലബ്ബില്‍ ആദ്യം കളിക്കാന്‍ തുടങ്ങിയത് റോബര്‍ട്ടോവായിരുന്നു. അന്നു തന്റെ പട്ടിക്കുട്ടിയുമായി റൊണാള്‍ഡൊ ഡി അസിസ് മൊറെയ്റോയും ചേട്ടന്‍ കളി കാണാന്‍ പോകും. അവിടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെല്ലാം അവന്‍ പന്തുമായി ചുറ്റി നടന്നു. ഒടുവില്‍ ഏഴാം വയസ്സില്‍ അവനും ഗ്രെമിയോ ക്ലബ്ബിന്റെ ഭാഗമായി. ബ്രസീലിന്റെ യുവസംഘത്തിലേക്ക് ഇതിഹാസ താരം പെലെയുടെ പിന്‍ഗാമിയായി റൊണാള്‍ഡോ കടന്നുവന്ന കാലമായിരുന്നു അത്. ഇതോടെ പോര്‍ടോ അലിഗ്രെയിലെ റൊണാള്‍ഡോയുടെ പേരിന് മാറ്റം വന്നു. കൂട്ടുകാരെല്ലാം ചേര്‍ന്ന് 'റൊണാള്‍ഡൊ' എന്ന പേരുമാറ്റി 'കുഞ്ഞുറൊണാള്‍ഡോ' എന്നര്‍ത്ഥം വരുന്ന റൊണാള്‍ഡീന്യോയാക്കി അവനെ മാറ്റിയെടുത്തു. 

എന്നാല്‍ റൊണാള്‍ഡീന്യോയുടെ പ്രതാപകാലം കാണാന്‍ അച്ഛന്‍ ജൂ കാത്തുനിന്നില്ല. റോബോര്‍ട്ടോവിന്റെ പിറന്നാള്‍ദിനത്തില്‍ ബലൂണ്‍ തൂക്കുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് ജൂ സ്വിമ്മിങ് പൂളിലേക്ക് വീണു. ജൂവിന്റെ അവസാന ശ്വാസമായിരുന്നു ആ ബലൂണുകളില്‍ നിറച്ചത്. അന്ന് റൊണാള്‍ഡീന്യോക്ക് പ്രായം എട്ടായിരുന്നു. ഗ്രെമിയോ ക്ലബ്ബധികൃതര്‍ റൊണാള്‍ഡീന്യോ കൈവിട്ടുപോകാതിരിക്കാന്‍ സമ്മാനിച്ച വില്ലയില്‍ ഒരു വര്‍ഷം ദാരിദ്ര്യമില്ലാതെ ജീവിച്ചത് മാത്രമാണ് ജൂവിന്റെ ജീവിതത്തിലെ നിറമുള്ള ഓര്‍മ്മ. 

11 വര്‍ഷം ഗ്രമിയോ ക്ലബ്ബിലെ യൂത്ത് ടീമില്‍ കളിച്ച റൊണാള്‍ഡീന്യോ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍, തന്റെ 13-ാം വയസ്സില്‍, ഒരു ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ എതിരാളിയുടെ വലയിലേക്ക് 23 ഗോളുകള്‍ അടിച്ചു കയറ്റി ചുറ്റും കൂടി നിന്നവരെയെല്ലാം അദ്ഭുതപ്പെടുത്തി. അന്ന് 23 ഗോളുകള്‍കക്ക് താന്‍ കളിച്ച ടീം ജയിച്ച കഥ റൊണാള്‍ഡീന്യോ പിന്നീട് ഓര്‍ത്തെടുത്ത്ത് ഇങ്ങനെയാണ് .'' ഞാന്‍ അത്രയും ഗോളടിച്ചു. പക്ഷേ എതിരാളികള്‍ മികച്ചവരായിരുന്നു. അവര്‍ക്ക് സ്‌കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസിന്റെ ഭാഗമായി കളിച്ച പരിചയമേയുള്ളു. പക്ഷേ ഞാന്‍ യൂത്ത് ടീമില്‍ അന്നേ കളിച്ചിരുന്നു. അത് എനിക്ക് ഗുണം ചെയ്തു. കുട്ടികള്‍ ഫുട്‌സാല്‍ കളിക്കുന്ന ആ പരസ്യത്തില്‍ നിങ്ങള്‍ എന്നെ കാണുന്നതിനും മുമ്പ് സംഭവിച്ചതാണ് അത്'

ronaldinho
മെസ്സിയോടൊപ്പം റൊണാള്‍ഡീന്യോ   ഫോട്ടോ: എഫ്ബി/ ലിയോ മെസ്സി

ഇതാ...പെലെയുടെ രണ്ടാം വരവ്...!

ആ 23 ഗോളുകള്‍ റൊണാള്‍ഡീന്യോയെ കൊണ്ടെത്തിച്ചത് ബ്രസീലിന്റെ അണ്ടര്‍-17 ടീമിലേക്കായിരുന്നു. ഈജിപ്തില്‍ നടന്ന ലോകകപ്പില്‍ കാനറികളെ നയിക്കാനുള്ള നിയോഗം അഞ്ചടി പതിനൊന്നു ഇഞ്ചുകാരനായിരുന്നു. ബ്രസീലിന് ആദ്യ യുവലോകകപ്പ് സമ്മാനിച്ചതിനൊപ്പം ടൂര്‍ണമെന്റിലെ മികച്ച താരവുമായി പലകപ്പല്ലുകാരന്‍ മാറി. ഇതേവര്‍ഷം ഗ്രെമിയോ ക്ലബ്ബിന്റെ സീനിയര്‍ ടീമിലും റൊണാള്‍ഡീന്യോ അരങ്ങേറ്റം കുറിച്ചു. 

1999 ജൂണ്‍ 26നായിരുന്നു ബ്രസീലിയന്‍ ദേശീയ ടീമില്‍ റൊണാള്‍ഡീന്യോയുടെ അരങ്ങേറ്റം. ലാത്വിയക്കെതിരായ സന്നാഹ മത്സരത്തില്‍ ആദ്യമായി റൊണാള്‍ഡീന്യോ മഞ്ഞക്കുപ്പായമണിഞ്ഞു. എന്നാല്‍ കോപ്പ അമേരിക്കയില്‍ വെനിസ്വേലക്കെതിരെ നേടിയ ഗോളായിരുന്നു റൊണാള്‍ഡീന്യോയെന്ന താരത്തെ ലോകം തിരിച്ചറിഞ്ഞത്. ഒരു പ്രതിരോധ താരത്തെ ലോപ്പ് ചെയതും മറ്റൊരാളെ കാഴ്ച്ചക്കാരനാക്കിയും റൊണാള്‍ഡീന്യോ നേടിയ ആ ഗോള്‍ കണ്ട് കമന്റേറ്റര്‍മാര്‍ പറഞ്ഞു 'ഇതാ...പെലെയുടെ രണ്ടാം വരവ്!'

ഇതോടെ യൂറോപ്യന്‍ ക്ലബ്ബുകള്‍ റൊണാള്‍ഡീന്യോയ്ക്ക് വേണ്ടി ഗ്രെമിയോ ക്ലബ്ബിനെ ശല്ല്യപ്പെടുത്താന്‍ തുടങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു ഇതില്‍ മുന്‍പന്‍. പക്ഷേ ഗ്രെമിയോ റൊണാള്‍ഡീന്യോയെ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ റോബര്‍ട്ടോ ഇതില്‍ ഇടപെടുകയും ഒടുവില്‍ 2001ല്‍ റൊണാള്‍ഡീന്യോ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക കുടിയേറി. അഞ്ചു വര്‍ഷത്തെ കരാറില്‍ പാരീസില്‍ കളിക്കാനെത്തിയ റൊണാള്‍ഡീന്യോക്ക് പക്ഷേ അവിടെ അത്ര സുഖകരമായിരുന്നില്ല. 

കരിയിലക്കാറ്റു പോലൊരു കിക്ക്

2002ലെ ലോകകപ്പില്‍ റൊണാള്‍ഡോ-റിവാള്‍ഡോ സഖ്യത്തിനൊപ്പം റൊണാള്‍ഡീന്യോ കൂടി ചേര്‍ന്നതോടെ ബ്രസീല്‍ കപ്പില്‍ തൊട്ടു. ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ച് ബ്രസീല്‍ കപ്പുയര്‍ത്തുകയും എട്ടു ഗോളുമായി റൊണാള്‍ഡോ താരമാവുകയും ചെയ്തെങ്കിലും ആ ലോകകപ്പില്‍ മായാതെ നില്‍ക്കുന്നത് റൊണാള്‍ഡീന്യോയുടെ ഒരു ഗോളാണ്. ലോകം പിന്നീട് അതിനെ ഫോഞ്ഞ സീക്ക (കിരയില കിക്ക്) എന്ന് വിളിച്ച താലോലിച്ചുകൊണ്ടേയിരുന്നു. 

ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു ആ ഗോളിന്റെ വേദി. ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ഷോള്‍സിന്റെ ഫൗളില്‍ വീണുകിട്ടിയ ഫ്രീ കിക്ക്. ഡേവിഡ് സീമാന്‍  കാത്ത വലയിലേക്ക് മൈതാന മധ്യത്ത് നിന്നായിരുന്നു റൊണാള്‍ഡീന്യോയുടെ കിക്ക്. വായുവില്‍ തിരശ്ചീനമായി പറന്നുവന്ന് ബാറിന് മുകളില്‍ നിന്ന് ഗതിമാറി അതു വലയില്‍ പതിക്കുകയായിരുന്നു. ആ കരിയില കിക്ക് കണ്ട് ഗരിഞ്ചയുടെ ആത്മാവ് റൊണാള്‍ഡീന്യോയിലൂടെ പറന്നിറങ്ങിയതാണെന്ന് ബ്രസീല്‍ ആരാധകര്‍ വിശ്വസിച്ചു. 

കരയിപ്പിച്ചവരെക്കൊണ്ട് കൈയടിപ്പിച്ചു

ഫുട്ബോളിനിടയില്‍ എതിരാളികളുടെ ആത്മവീര്യം കെടുത്താന്‍ വാക്കുകള്‍കൊണ്ട് കസര്‍ത്തു കാട്ടുന്ന കളിക്കാരുണ്ട്. അത് കളി കാണുന്ന ആരാധകരിലേക്കും പകരും. പലപ്പോഴും ബ്രസീല്‍-അര്‍ജന്റീന വൈരത്തില്‍ റൊണാള്‍ഡീന്യോയുടെ വിരൂപത കടന്നുവന്നിട്ടുണ്ട്. 

പക്ഷേ കടത്തിണ്ണിയിലുരുന്ന് കളി കാണുന്നതിനിടയില്‍ ഒരാരാധകന്റെ പരിഹാസം മാത്രമായിരുന്നില്ല റൊണാള്‍ഡീന്യോയുടെ വിരൂപത. ലോകഫുട്ബോളിനെ ഇളക്കിമറിച്ച ഒരു പരാമര്‍ശമായി പിന്നീട് അതിന് രൂപാന്തരം സംഭവിച്ചു. റയല്‍ മാഡ്രിഡ്-ബാഴ്സലോണ വൈരത്തിന്റെ തീയിലേക്ക് അത് വീണ്ടും എണ്ണയൊഴിച്ചു. 

കരിയില കിക്കിന് ശേഷം പി.എസ്.ജിയില്‍ നിന്ന് റൊണാള്‍ഡീന്യോയെ തട്ടകത്തിലെത്തിക്കാന്‍ റയല്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. ഡേവിഡ് ബെക്കാമിന് വേണ്ടി ബാഴ്സലോണയും റൊണാള്‍ഡീന്യോക്ക് വേണ്ടി റയല്‍ മാഡ്രിഡും രംഗത്തുവന്നു. എന്നാല്‍ കച്ചവടമൂല്യത്തില്‍ കണ്ണുടക്കി റയല്‍ ബെക്കാമിനെ ഏറ്റെടുത്തു. എന്നാല്‍ ആ കൈമാറ്റത്തിനിടയില്‍ റയലിന്റെ പ്രസിഡന്റ് ഫ്ളോറെന്റീന പെരസ് നടത്തിയ പരാമര്‍ശം ഫുട്ബോള്‍ ചരിത്രത്തില്‍ നിന്ന് ഒരിക്കലും മായ്്ച്ചുകളയാനാവാത്തതാണ്. 'ബെക്കാം റയലിന്റെ സുന്ദരമായ മുഖമാണ്. പല്ലുന്തിയ റൊണാള്‍ഡീന്യോ അതിന് ചേരുകയില്ല'.

എന്നാല്‍ അത് റൊണാള്‍ഡീന്യോയെന്ന താരത്തിന്റെ കരുത്ത് കൂട്ടിയതേയുള്ളു. 2005 നവംബര്‍ 19ന് സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ബാഴ്സലോണയുടെ ജഴ്സിയില്‍ വന്ന് റൊണാള്‍ഡീന്യോ തന്നെ കരയിപ്പിച്ചവരെക്കൊണ്ട് കൈയടിപ്പിച്ചു. 60, 77 മിനിറ്റുകളില്‍ അവതരിച്ച റൊണാള്‍ഡീന്യോയുടെ മികവില്‍ റയല്‍ മുട്ടുമടക്കിയപ്പോള്‍ റയല്‍ ആരാധകര്‍ അവനെ കഠിനമായി വെറുക്കേണ്ടതാണ്. എന്നാല്‍ സംഭവിച്ചത് വിപരീതമാണ്. പണ്ടൊരിക്കല്‍ വേണ്ടെന്ന്  പറഞ്ഞവരെല്ലാം അവരറിയാതെ എഴുന്നേറ്റു നിന്ന് കൈയടിച്ചു. പിന്നീടുള്ളതെല്ലാം ചരിത്രം.

............................................

ജീസസിന് പ്രിയപ്പെട്ടവന്‍

പ്രതിഭകളാല്‍ സമ്പന്നമായ കാലഘട്ടത്തില്‍ ബ്രസീല്‍ ഫുട്ബോളില്‍ സൂപ്പര്‍താര പദവിയിലേക്ക് കക്കയെത്തിയത് അര്‍പ്പണബോധവും കഠിനധ്വാനവും ഇച്ഛാശക്തിയും കൊണ്ടു മാത്രമാണ്. ജീവതത്തില്‍ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ട് മൈതാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ തന്റെ ഗോളാഘോഷത്തിലൂടെയാണ് കക്ക അതിന് ജീസസിന് നന്ദി പറഞ്ഞത്. തന്റെ ഓരോ ഗോളിന് ശേഷവും അവന്‍ മൈതാനത്തേക്ക് ഇരുകൈകളുമയര്‍ത്തി ജീസസിനെ കണ്ടു. 

ബ്രസീസിലെ ഫെഡററില്‍ ബോസ്‌കോ പെരേര- സിമോണ്‍ സാന്റോസ് ദമ്പതികളുടെ മകനായി ജനനം. ആവശ്യപ്പട്ടതെല്ലാം കക്കയ്ക്ക് വാങ്ങി നല്‍കാനുള്ള സാമ്പത്തിക ഭദ്രത സാന്റോസ് കുടുംബത്തിനുണ്ടായിരുന്നു. അതുകൊണ്ട് ദാരിദ്ര്യത്തിന്റെ ചുളിവുകള്‍ വീണ കഥകളൊന്നും പറയാന്‍ കക്കയുടെ ജീവതത്തിലില്ല. കക്കയുടെ സഹോദരനായ റോഡ്രിഗോയും കസിനായ ഡെലിനിയും പ്രഫഷണല്‍ താരങ്ങളായിരുന്നു.

kaka
കക്കയുടെ സഹോദരന്റെ വിവാഹം   ഫോട്ടോ: ട്വിറ്റര്‍

ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ അവരില്‍ നിന്ന് പഠിച്ച കുഞ്ഞു കക്ക  പെട്ടന്ന് തന്നെ മികച്ച ഡ്രിബ്ലിങ് പാടവവും റണ്ണിങ്ങും കാഴ്ച്ചവെച്ച് റോഡ്രിഗസിനേയും ഡെലിനിനേയും ഞെട്ടിച്ചു. കക്ക ലോകമറിയുന്ന താരമാകുമെന്ന് അവര്‍ കണക്കുകൂട്ടി. അതുതെറ്റിയില്ല, ബ്രസീലിലെ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ സാവോപോളോ ക്ലബ്ബ് കക്കയെ സ്വന്തമാക്കി. തന്റെ സമപ്രായക്കാരിലേറെ മികച്ച രീതിയില്‍ കളിയോട് ഒത്തിണങ്ങിയ കക്ക വളരെവേഗത്തില്‍ തന്നെ ശ്രദ്ധേയനായി.

സ്വിമ്മിങ് പൂളില്‍ കാത്തിരുന്ന വിധി

ഒരുപക്ഷേ ഒരു ഫുട്ബോള്‍ താരത്തിന്റെ കരിയറിന് തിരശ്ശീലയിടുന്ന ദുരന്തമാണ് കക്കയുടെ ജീവിതത്തില്‍ സംഭവിച്ചത്. കാല്‍ വഴുതി സ്വിമ്മിങ് പൂളിലേക്കുള്ള വീഴ്ച്ചയില്‍ കക്കയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഫുട്ബോളിലേക്ക് ബ്രസീല്‍ താരത്തിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് പലരും വിധിയെഴുതി.

എന്നാല്‍ കക്കയുടെ മനക്കരുത്തിനെയും അഭിനിവേശത്തേയും ഇല്ലാതാക്കാന്‍ ആ ദുരന്തത്തിന് കഴിഞ്ഞില്ല. എന്തിനേയും പൊരുതി തോല്‍പ്പിക്കുകയെന്ന തത്വവുമായി കക്ക തിരിച്ചുവന്നു. ആ തിരിച്ചുവരവില്‍ കക്കയോടൊപ്പം ജീസസുമുണ്ടായിരുന്നു. തന്റെ അര്‍പ്പണബോധത്തേക്കാളുപരി ആ തിരിച്ചുവരവിനെ ദൈവം തിരിച്ചുതന്ന ജീവിതമെന്നു  കരുതാനായിരുന്നു കക്ക ഇഷ്ടപ്പെട്ടത്. കളിയൊഴിഞ്ഞ നേരങ്ങളിലെല്ലാം ചര്‍ച്ചില്‍ പോയിരിക്കുന്ന കക്കയുടെ ഗോളാഘോഷത്തില്‍ പോലും ദൈവം കടന്നുവന്നു. 

2001-ല്‍ സാവോപോളയുടെ സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടക്കപ്പെട്ട കക്ക 53 കളികളില്‍ നിന്ന് 23 ഗോളുകള്‍ നേടി. ഇതോടെ കക്കയിലെ  അറ്റാക്കിങ് മിഡ്ഫീല്‍ഡറെ യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകളും തേടിയെത്തി. അങ്ങനെ 2003-ല്‍ ഇറ്റലിയിലെ കരുത്തരായ എസി മിലാന്‍ താരത്തെ പൊന്നുംവിലക്ക് സ്വന്തമാക്കി. അതിനു മുമ്പ് തന്നെ ലോകകപ്പില്‍ അരങ്ങേറാന്‍ കക്കയ്ക്ക് അവസരം ലഭിച്ചു. പക്ഷെ താരബാഹുല്യം കൊണ്ട് ലോകഫുട്ബോള്‍ അടക്കി ഭരിച്ചിരുന്ന ബ്രസീലിനു വേണ്ടി ആദ്യറൗണ്ടില്‍ കോസ്റ്റാറിക്കക്കെതിരെ വെറും ഇരുപത്തഞ്ച് മിനുട്ട് മാത്രമേ കളിയ്ക്കാന്‍ അവസരം ലഭിച്ചുള്ളു. പക്ഷേ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായെന്ന സ്വപ്നനേട്ടത്തിലെത്താന്‍ കക്കയ്ക്ക് കഴിഞ്ഞു. 

kaka
Photo Courtesy: Reuters

മിലാന് വേണ്ടി 193 മത്സരങ്ങളില്‍ നിന്ന് 70 ഗോളുകള്‍ നേടിയ കക്കയുടെ സുവര്‍ണ വര്‍ഷം  2007-ലായിരുന്നു.  ഈ വര്‍ഷത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോറെര്‍, യുവേഫ ക്ലബ് ഫോര്‍വേഡ് ഓഫ് ദി ഇയര്‍, യുവേഫ ക്ലബ്ബ് ഫുട്ബോളര്‍ ഓഫ് ദി ഇയര്‍, ഫിഫ പ്രൊ വേള്‍ഡ് പ്ലയെര്‍ ഓഫ് ദി ഇയര്‍, ഫിഫ വേള്‍ഡ് പ്ലയെര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് സോക്കര്‍ പ്ലയെര്‍ ഓഫ് ദി ഇയര്‍ തുടങ്ങി 
എണ്ണിയാലൊതുങ്ങാത്ത ബഹുമതികള്‍ തേടിയെത്തി. ഈ കാലയളവില്‍ തന്നെ 2005,2009 എന്നീ വര്‍ഷങ്ങളിലെ കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കളുടെ ഭാഗമാവാനും കക്കക്ക് കഴിഞ്ഞു. 

കക്കയുടെ ഈ സ്വപ്നതുല്യമായ കുതിപ്പ് കണ്ട് സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് 2009-ല്‍ താരത്തെ ടീമിലെത്തിച്ചു. റയലില്‍ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീടങ്ങോട്ട് പ്രതീക്ഷിച്ചത്രേ ഉയരാന്‍ കക്കക്ക് കഴിഞ്ഞില്ല. തുടര്‍ച്ചയായ പരിക്കുകളും മൗറിന്യോയുടെ കളിരീതിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്തതും കക്കയുടെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തി. 

റയലിന് വേണ്ടി 85 കളികളില്‍ നിന്ന് 23 ഗോളുകള്‍ നേടിയ കക്ക 2013-ല്‍ തന്റെ പഴയക്ലബ്ബായ മിലാനിലേക്ക് തന്നെ മടങ്ങി. ഒരു വര്‍ഷം അവിടെ ചിലവഴിച്ചു. പിന്നീട് ഒര്‍ലാന്‍ഡൊ സിറ്റിയില്‍ കളിച്ച കക്ക അവസാനമെത്തിയത് കളി തുടങ്ങിയ സാവോപോളയില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ബൂട്ടഴിച്ച കക്ക കളി പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

Content Highlights:: Ronaldinho, Kaka and Brazil Football