മോസ്‌കോ: ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ മുട്ടുകുത്തിച്ച മത്സരത്തിലൂടെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മെക്‌സിക്കന്‍ ക്യാപ്റ്റനായ റാഫേല്‍ മാര്‍ക്കേസ്. 39-കാരനായ മാര്‍ക്കസ് തന്റെ അഞ്ചാം ലോകകപ്പിനിറങ്ങി ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെയാളായിയിരിക്കുകയാണ്. 

നാട്ടുകാരന്‍ തന്നെയായ അന്റോണിയോ കര്‍ബജലും ജെര്‍മനിയുടെ ലോതര്‍ മത്തൗസുമാണ് മര്‍ക്കോസിന് മുമ്പ് അഞ്ച് ലോകകപ്പ് ടൂര്‍ണ്ണമെന്റുകളില്‍ കളത്തിലിറങ്ങിയവര്‍. ജര്‍മനിക്കെതിരായ മത്സരത്തിന്റെ ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന മാര്‍ക്കോസ് 75-ാം മിനിറ്റിലാണ് കളത്തിലെത്തിയത്.

ഇറ്റാലിയന്‍ ഗോള്‍കീപ്പറായ ജിയാന്‍ ലൂജി ബഫണ്‍ അഞ്ചു തവണ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. 1998 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ബഫണ്‍ ഇറ്റലിയുടെ ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നത്.

2002 മുതല്‍ തുടര്‍ച്ചയായ അഞ്ചു ലോകകപ്പിലും റാഫേല്‍ മാര്‍ക്കോസ് മെക്‌സിക്കന്‍ പ്രതിരോധ നിരയിലുണ്ട്. ഈ ലോകകപ്പോടെ അദ്ദേഹം വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2003- മുതല്‍ 2010 വരെ ബാഴ്‌സിലോണക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.