ലോകകപ്പ് ഫുട്‌ബോളിന്റെ  ഗ്രൂപ്പ് ഘട്ടം ഇഞ്ചുറി ടൈമിലേയ്ക്ക് പ്രവേശിക്കുകയാണ്. ജീവന്‍മരണ പോരാട്ടമാണ് തിങ്കളാഴ്ച മുതല്‍. പലര്‍ക്കും മടക്കടിക്കറ്റ് കണ്‍ഫേം ആയിക്കഴിഞ്ഞു. വമ്പന്മാരടക്കം പലരും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. വരാനിരിക്കുന്നത് വമ്പൻ ട്വിസ്റ്റുകളുടെ ദിനങ്ങളാണെന്ന് ഉറപ്പ്.

റഷ്യ, യുറഗ്വായ്, ഫ്രാന്‍സ്, ക്രൊയേഷ്യ, ബെല്‍ജിയം, ഇംഗ്ലണ്ട് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. ഈജിപ്ത്, സൗദി, മൊറോക്കോ, പെറു, കോസ്റ്ററീക്ക, ടുണീഷ്യ, പാനമ, പോളണ്ട് എന്നിവര്‍ പുറത്തായിക്കഴിഞ്ഞു.

സമനില പോലും ആത്മഹത്യാപരമാണ് അര്‍ജന്റീനയ്ക്ക്. ഓരോ ഗ്രൂപ്പിലും ആരൊക്ക പുറത്തായി, ആരൊക്കെ അകത്തായി. ആര്‍ക്കൊക്കെ ഇനി പ്രതീക്ഷയുണ്ടെന്ന് പരിശോധിക്കാം.

ഗ്രൂപ്പ് എ:

റഷ്യയും യുറഗ്വായും പ്രക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കാന്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടുകയാണ് തിങ്കളാഴ്ച. ഈജിപ്തും സൗദിയും ഗ്രൂപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പ് ബി:

മൊറോക്കോ പുറത്തായിക്കഴിഞ്ഞു. നാലു പോയിന്റ് വീതമുള്ള പോര്‍ച്ചുഗലും സ്‌പെയിനും മൂന്ന് പോയിന്റുള്ള ഇറാനും തമ്മിലാണ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തിനായുള്ള പോരാട്ടം. തിങ്കളാഴ്ച സ്‌പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ ഇറാനെയും നേരിടുകയാണ്. ജയിക്കുന്നവര്‍ പ്രീക്വാര്‍ട്ടറിലേയ്ക്ക് മാര്‍ച്ച ചെയ്യും.

ഗ്രൂപ്പ് സി:

ആറു പോയിന്റുള്ള ഫ്രാന്‍സ് നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചു. നാലു പോയിന്റുമായി ഡെന്‍മാര്‍ക്കാണ് രണ്ടാമത്. ഓസ്‌ട്രേലിയക്ക് ഒരു പോയിന്റുണ്ട്. പെറു പുറത്താവുകയും ചെയ്തു. ഡെന്‍മാര്‍ക്ക് ഫ്രാന്‍സിനെയും ഓസ്‌ട്രേലിയ പെറുവിനെയും നേരിടുകയാണ്. ഡെന്‍മാര്‍ക്കിന് സമനില മതി. ഓസ്‌ട്രേലിയക്ക് നല്ല മാര്‍ജിനിലുള്ള ജയം വേണം.

ഗ്രൂപ്പ് ഡി:

ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേയ്ക്ക് ടിക്കറ്റ് ഉറപ്പാക്കി. ആറു  പോയിന്റോടെ ഗ്രൂപ്പില്‍ മുന്നിലാണ് അവര്‍. അര്‍ജന്റീനയെ തോല്‍പിക്കാനായാല്‍ ഇപ്പോള്‍ മൂന്ന് പോയിന്റുള്ള നൈജീരിയ നോക്കൗട്ടിലേയ്ക്ക് മുന്നേറും. നല്ല മാര്‍ജിനില്‍  ക്രൊയേഷ്യയെ തോല്‍പിക്കുകയും അര്‍ജന്റീന നൈജീരിയയെ തോല്‍പിക്കുകയും ചെയ്താല്‍ ഐസ്ലന്‍ഡിനും സാധ്യതയുണ്ട്. അര്‍ജന്റീനയ്ക്ക് നൈജീരിയയെ തോല്‍പിച്ചാല്‍ മാത്രം പോര ക്രൊയേഷ്യ ഐസ്ലന്‍ഡിനെയും തോല്‍പിക്കണം. ഐസ്ലന്‍ഡ് ക്രൊയേഷ്യയെ തോല്‍പിക്കുകയും നൈജീരിയയും അര്‍ജന്റീനയും സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ ശരാശരി നിര്‍ണായകമാവും.

ഗ്രൂപ്പ് ഇ:

ബ്രസീലിനും സ്വിറ്റ്‌സര്‍ലന്‍ഡിനും നാലു പോയിന്റ് വീതമുണ്ട്. സെര്‍ബിയക്ക് മൂന്നും. ഇതില്‍ ആര്‍ക്കു വേണമെങ്കിലും നോക്കൗട്ടിലെത്താം എന്നതാണ് അവസ്ഥ. ബുധനാഴ്ച സെര്‍ബിയ ബ്രസീലിനെയും സ്വിറ്റ്‌സര്‍ലന്‍ഡ് കോസ്റ്ററീക്കയെയും നേരിടുകയാണ്. ഇതില്‍ കോസ്റ്ററീക്ക മാത്രമാണ് പുറത്തായത്.

ഗ്രൂപ്പ് എഫ്:

ആറു പോയിന്റുള്ള മെക്‌സിക്കോയാണ് ഗ്രൂപ്പില്‍ മുന്നില്‍. എങ്കിലും സുരക്ഷിതരാണെന്ന് പറയുക വയ്യ. ജര്‍മനി ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തുകയും സ്വീഡന്‍ മെക്‌സിക്കോയെ വീഴ്ത്തുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്കും ആറു പോയിന്റാവും. അപ്പോള്‍ ഗോള്‍ശരാശരി നിര്‍ണായകമാവും. മെക്‌സിക്കോയും ദക്ഷിണ കൊറിയയും ജയിച്ചാല്‍ മെക്‌സിക്കോ കയറും. ജർമനി, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവർക്ക് ഗോള്‍ശരാശരി നിര്‍ണയാകമാവും.

ഗ്രൂപ്പ് ജി:

ഇവിടെ നിന്ന് ബെല്‍ജിയവും ഇംഗ്ലണ്ടും പ്രക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. പാനമയും ടുണീഷ്യയും പുറത്തായിക്കഴിഞ്ഞു. ഇംഗ്ലണ്ടും ബെല്‍ജിവും വ്യാഴാഴ്ച പരസ്പരം ഏറ്റുമുട്ടുകയാണ്. ഇതിലറിയാം ഗ്രൂപ്പ് ജേതാക്കളെ.

ഗ്രൂപ്പ് എച്ച്:

നാലു പോയിന്റോടെ ജപ്പാനും സെനഗലുമാണ് മുന്നില്‍. പോളണ്ടിനെ തോല്‍പിച്ച് കൊളംബിയയും സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. പോളണ്ട് പുറത്തായിക്കഴിഞ്ഞു. ജപ്പാനും പോളണ്ടും സെനഗലും കൊളംബിയയും തമ്മിലാണ്  മത്സരം. ഇതില്‍ ജപ്പാനും കൊളംബിയക്കും സെനഗലിനും നിര്‍ണായകമാണ്.

Content Highlights: World Cup 2018 Pre Quarter Possibilities