ഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ യുറഗ്വായുടെ എതിരാളികള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ പോര്‍ച്ചുഗലാണ്. ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തിയ സ്‌പെയിന്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റഷ്യയെ നേരിടും. ശനിയാഴ്ച്ച രാത്രി 11.30-നാണ് യുറഗ്വായ്Xപോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍. ഞായറാഴ്ച്ച വൈകുന്നേരം 7.30നാണ് സ്‌പെയിനും റഷ്യയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍.

മൂന്നു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും വിജയിച്ച് ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെയാണ് യുറഗ്വായ് അവസാന പതിനാറിലെത്തിയത്. യുറഗ്വായോട് തോറ്റ റഷ്യ രണ്ട് ജയവുമായി ആറു പോയിന്റ് നേടി. എട്ടു ഗോളടിച്ച റഷ്യ അതേസമയം നാല് ഗോള്‍ വഴങ്ങുകയും ചെയ്തു. യുറഗ്വായ്‌ക്കെതിരെയാണ് റഷ്യ നിറംമങ്ങിയ പ്രകടനം പുറത്തെടുത്തത്. മൂന്നു ഗോളാണ് യുറഗ്വായ് റഷ്യന്‍ വലയില്‍ അടിച്ചു കയറ്റിയത്. ഈജിപ്തിനെ തോല്‍പ്പിച്ച സൗദി അറേബ്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് റഷ്യയില്‍ നിന്ന് വിമാനം കയറുന്നത്. അതേസമയം ഒരൊറ്റ വിജയം പോലും ഈജിപ്തിന് അവകാശപ്പെടാനില്ല. മൂന്നു മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. 

അതേസമയം ഗ്രൂപ്പ് ബിയില്‍ സമനിലകളുടെ കളിയാണ്. രണ്ട് സമനിലയും ഒരു വിജയവും അക്കൗണ്ടിലുള്ള സ്‌പെയിനിനും പോര്‍ച്ചുഗലിനും അഞ്ച് പോയിന്റും ഒരേ ഗോള്‍ ശരാശരിയുമാണ്. എന്നാല്‍ സ്‌പെയിന്‍ ആറു ഗോളടിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ അഞ്ചു തവണയാണ് ലക്ഷ്യം കണ്ടത്. ഇതില്‍ നാലും ക്രിസ്റ്റ്യാനോയുടെ വകയാണ്. ഗോള്‍ കൂടുതലിടച്ച ആനുകൂല്യത്തില്‍ സ്‌പെയിന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുകയായിരുന്നു. പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിലെ ഗോളില്‍ സമനില പിടിച്ച ഇറാന്‍ നാല് പോയിന്റുമായി പുറത്തായി. മൊറോക്കോയ്‌ക്കെതിരെ വിജയിച്ച ഇറാന്‍ സ്‌പെയിനിനോട് തോറ്റിരുന്നു. സ്‌പെയിനിനെ സമനിലയില്‍ തളച്ച മൊറോക്കോ ഒരു പോയിന്റുമായി അവസാന സ്ഥാനക്കാരായി. പോര്‍ച്ചുഗലിനോടും ഇറാനോടും തോല്‍വി വഴങ്ങിയതാണ് മൊറോക്കോയ്ക്ക് വിനയായത്. 

Content Highlights: World Cup 2018 Pre Quarter Line Up Group A X Group B