മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അർഹനായ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിനിന് ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ കൂവലും പരിഹാസവും. 

ഫൈനലിനുശേഷം ലുഷ്‌നികി സ്റ്റേഡിയത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കെയിനിന്റെ പേര് പ്രഖ്യാപിച്ചപ്പോഴായിരുന്നു ടോട്ടനം സ്‌ട്രൈക്കറെ കാണികള്‍ കൂവിവിളിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കെയിന്‍ എത്തിയിരുന്നില്ല. ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് മടങ്ങിയിരുന്നു. 

സമാനമായ പ്രതികരണമായിരുന്നു ഗോള്‍ഡന്‍ ഗ്ലൗവ് അവാര്‍ഡ് ലഭിച്ച ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൂട്ട് കുര്‍ട്ടോയ്‌സിന്റെ പേര് പ്രഖ്യാപിച്ചപ്പോഴും കാണികളില്‍ നിന്നുണ്ടായത്. അദ്ദേഹവും അവാര്‍ഡ് സ്വീകരിക്കാന്‍ ലുഷ്‌നികി സ്‌റ്റേഡിയത്തിലെത്തിയിരുന്നില്ല.

image
ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചും പ്രീ ക്വാര്‍ട്ടറില്‍ ഒന്നും അടക്കം ആറു ഗോളുകളാണ് റഷ്യന്‍ ലോകകപ്പില്‍ ഹാരി കെയ്ന്‍ നേടിയത്. 1986-ലെ ഗാരി ലിനേക്കര്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടിയതിന് ശേഷം ആദ്യമായിട്ടാണ് ഒരു ഇംഗ്ലീഷ് താരത്തിന് ഈ നേട്ടം ലഭിക്കുന്നത്.

Content Highlights: Harry Kane booed by fans in Russia after World Cup Golden Boot win