റോസ്‌തോവ്: ദൈവത്തിനുപോലും ഉണക്കാനാകാതെ നെഞ്ചിൽപ്പൊള്ളുന്ന ആ ‘മുറിവി’ൽ തലോടി ബ്രസീൽ വീണ്ടും ലോകകപ്പ് ഫുട്‌ബോളിന്റെ കളത്തിലേക്ക്. നാലു കൊല്ലംമുമ്പ് ബെലെഹൊറിസോണ്ടയിൽ ലോകകപ്പ് സെമിയിൽ ജർമനിക്കുമുന്നിൽ 1-7ന് അടിയറവു പറഞ്ഞത് ബ്രസീലിന് ഇന്നും തീരാമുറിവാണ്. ആ മുറിവുകൾ തുന്നിക്കൂട്ടി നെയ്മറും കൂട്ടരും കളത്തിലെത്തുമ്പോൾ എതിരിൽവരുന്നത് പ്രതിരോധ ഫുട്‌ബോളിന്റെ ഉസ്താദുമാരായ സ്വിറ്റ്‌സർലൻഡ്. റോസ്തോവിൽ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 11.30-നാണ് മത്സരം. ഞായറാഴ്ച നടക്കുന്ന മറ്റൊരു ഗ്ലാമർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ജർമനി മെക്സിക്കോയെ നേരിടും. മോസ്കോയിൽ ഇന്ത്യൻ സമയം രാത്രി 8.30-നാണ് ലോകചാമ്പ്യൻമാരുടെ പോരാട്ടം.

നാലു കൊല്ലംമുമ്പ് സ്വന്തം മണ്ണിൽ ജർമനിക്കുമുന്നിൽ ചിതറിത്തെറിച്ച ബ്രസീലല്ല റഷ്യയുടെ മണ്ണിൽ മറ്റൊരു ലോകകപ്പ് അശ്വമേധത്തിനായി അണിനിരക്കുന്നത്. മഞ്ഞപ്പടയുടെ ആരാധകർ ഒരുപാടുനാളായി കാത്തിരുന്ന ചതുർമുഖ ആക്രമണം കളിക്കളത്തിൽ വിജയസമവാക്യമായി മാറ്റിയെടുത്ത ടിറ്റെ എന്ന കോച്ചിനു കീഴിൽ ബ്രസീൽ അടിമുടി മാറിയിരിക്കുന്നു. നെയ്മർ, ഗബ്രിയേൽ ജീസസ്, ഫിലിപ്പെ കുട്ടീന്യോ, വില്യൻ എന്നിവരടങ്ങുന്ന സംഘത്തിന്റെ പ്രകടനം തന്നെയാകും സ്വിസ്സിനെതിരെയും ബ്രസീലിന്റെ ജാതകം കുറിക്കുക.

യോഗ്യതാമത്സരങ്ങളിൽ കുട്ടീന്യോയെയും വില്യനെയും ഒരുമിച്ചിറക്കാതെ വലതുവിങ്ങിൽ ഒരാൾക്കുമാത്രം അവസരം നൽകിയിരുന്ന ടിറ്റെ ഇപ്പോൾ കുട്ടീന്യോയെ ഓർഗനൈസർ റോളിലും വില്യനെ റൈറ്റ് അറ്റാക്കിങ്‌ മിഡിലും വിന്യസിച്ചാണ് ബ്രസീലിനെ ലോകകപ്പിനായി വാർത്തെടുത്തിരിക്കുന്നത്. വിങ്ങർമാരെ കാര്യമായി ആശ്രയിക്കാതെ മിഡ്ഫീൽഡിൽ നിന്നുതന്നെ കുട്ടീന്യോയും വില്യനും നെയ്മറും സംഘടിതമായ കളിയൊഴുക്ക് തുറന്നിടുമ്പോൾ ബ്രസീൽ ‘ജോഗെ ബോണിറ്റോ’ കളിസങ്കല്പത്തിന്റെ സൗന്ദര്യം മുഴുവൻ പ്രകടമാക്കുന്നുണ്ട്.

സ്വിറ്റ്സർലൻഡിനെതിരേ 4-3-3 എന്ന ശൈലിയിൽ ജീസസിനെ സെൻട്രൽ സ്‌ട്രൈക്കറാക്കി വശങ്ങളിൽ നെയ്മറിനെയും വില്യനെയും അണിനിരത്തുന്നതാകും ടിറ്റെയുടെ വിജയസമവാക്യമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റ ആൽവ്‌സിന്റെ അഭാവം പ്രതിരോധനിരയിൽ അല്പം നിരാശപടർത്തുന്നുണ്ടെങ്കിലും മാഴ്‌സലോയും മിറാൻഡയും സിൽവയും ഡാനിലോയും അടങ്ങുന്ന സംഘം അത് പരിഹരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാലിന് പരിക്കേറ്റ ഫ്രെഡ് ആദ്യമത്സരത്തിൽ ബ്രസീൽ നിരയിലുണ്ടാകില്ല.

ലോകകിരീടം നിലനിർത്താനുള്ള പോരാട്ടങ്ങൾക്കായി റഷ്യയിലേക്കെത്തിയ ജർമനിയുടെ ആദ്യ എതിരാളി കടുപ്പക്കാരായ മെക്സിക്കോയാണ്. സന്നാഹമത്സരങ്ങളിൽ പ്രതീക്ഷിച്ച മികവ് പ്രകടിപ്പിക്കാൻ കഴിയാതെപോയ ജർമനി ലോകകപ്പിന്റെ കളത്തിലെത്തുമ്പോൾ കളിമാറ്റുമെന്നാണ് പ്രതീക്ഷ. പരിക്കുമാറി ടീമിൽ തിരിച്ചെത്തിയ ഒന്നാം നമ്പർ ഗോളി മാനുവൽ നൂയറിന്റെ സാന്നിധ്യം ജർമനിക്ക് ആത്മവിശ്വാസം പകരുമ്പോൾ മെസ്യൂട്ട് ഓസിലിന്റെ പരിക്ക് അവർക്ക് അല്പം ആശങ്കകളും സമ്മാനിക്കുന്നുണ്ട്. എന്നാൽ, യോഗ്യതാറൗണ്ടിൽ അഞ്ചുഗോളടിച്ച തോമസ് മുള്ളറും പുതിയ താരോദയമായ തിമോ വെർണറും അടങ്ങിയ മുന്നേറ്റനിര ഫോം തുടർന്നാൽ മെക്സിക്കോയെ മറികടക്കാൻ ജർമൻപടയ്ക്ക് ബുദ്ധിമുട്ടേണ്ടിവരില്ല.