നിഷ്‌നി: റഷ്യൻ ലോകകപ്പിൽ സെമിയിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്. ക്വാർട്ടറിൽ പ്രഥമ ചാമ്പ്യന്മാരായ യുറഗ്വായെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് 1998ലെ ചാമ്പ്യന്മാർ തോൽപിച്ചത്.

നാൽപതാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്കിൽ നിന്ന് റാഫേൽ വരാനേയാണ് ഹെഡ്ഡറിലൂടെയായിരുന്നു ആദ്യഗോൾ. ബന്റകൗർ ടൊലീസോയെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്കാണ് വലതു പാർശ്വത്തിൽ നിന്ന് ഗ്രീസ്മാൻ ബോക്സിലേയ്ക്ക് പായിച്ചത്.

അറുപത്തിയൊന്നാം മിനിറ്റിൽ ഒന്നാന്തരമൊരു വെടിയുണ്ടയിലൂടെ ഗ്രീസ്മാൻ ലീഡുയർത്തി. ബോക്സിന്റെ തൊട്ടു മുകളിൽ നിന്ന് ഗ്രീസ്മാൻ തൊടുത്ത ഷോട്ട് ഗോളി മുസ്ലേര കൈയിലൊതുക്കേണ്ടതായിരുന്നു. എന്നാൽ, പ്രതിരോധത്തിന്റെ വിടവിലൂടെ പായിച്ച വെടിയുണ്ട ഗോളിയുടെ കൈയിൽ നിന്ന് വഴുതിത്തെറിച്ച് വലയിലെത്തുകയായിരുന്നു.

 2006ൽ റണ്ണറപ്പായശേഷം പന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് ഫ്രാൻസ് ലോകകപ്പിന്റെ സെമി കളിക്കുന്നത്. യുറഗ്വായുടെ പേരുകേട്ട പ്രതിരോധ നിര ഒടുവില്‍ ഫ്രാന്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ വന്ന യുറഗ്വായ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ പ്രതിരോധത്തിലായ ഫ്രാന്‍സ് പതുക്കെ പതുക്കെ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ശക്തമായ പ്രതിരോധ നിരയുള്ള ടീമെന്ന ഖ്യാതിയുള്ള യുറഗ്വായുടെ വീക്ക്‌പോയിന്റുകള്‍ മനസ്സിലാക്കിയായിരുന്ന സാവധാനമുള്ള ആ നീക്കം. പരിക്കേറ്റ് എഡിന്‍സണ്‍ കവാനി ഇറങ്ങാതായതോടെ യുറഗ്വന്‍ മുന്നേറ്റ നിരയുടെ മൂര്‍ച്ചയേയും ബാധിച്ചിരുന്നു. സുവാരസിന് ഒറ്റയ്ക്ക് കടന്നെത്താനാവുന്നതായിരുന്നില്ല ഫ്രാന്‍സിന്റെ പ്രതിരോധ കോട്ട. പന്ത് കൈയടക്കം വെക്കുന്നതില്‍ ഫ്രാന്‍സിന് ചെറിയ മുന്‍തൂക്കമാണ് ഉണ്ടായിരുന്നതെങ്കിലും പാസ് കൃത്യതയില്‍ അവര്‍ ഏറെ മുന്നിലായിരുന്നു.

രണ്ടാം ഗോള്‍ വീണതിന് ശേഷം അരമണിക്കൂറോളം മത്സരത്തിലേക്ക് മടങ്ങിവരാന്‍ യുറഗ്വായ്ക്ക് സമയമുണ്ടായിരുന്നെങ്കിലും അതിനുള്ള കാര്യമായ ശ്രമങ്ങളൊന്നും അവരുടെ ഭാഗത്ത്‌നിന്നുണ്ടായിരുന്നില്ല. അതിനുള്ള കരുത്തും അവരുടെ മുന്നേറ്റ നിരയ്ക്കില്ലായിരുന്നു.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS
 

Content Highlights: World Cup 2018 France vs Uruguay Malayalam Commentary