സോച്ചി: ഗോളുകൾ കടലെടുത്തുപോയ പാനമയ്ക്ക് മുകളിൽ കരുത്തോടെ ചിറകു വിരിച്ച് ചുവന്ന ചെകുത്താന്മാർ. ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ അവർ കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്.

പല അവസരങ്ങളും ഒന്നൊന്നായി പൊലിഞ്ഞുപോയശേഷം മെർട്ടെൻസാണ് തന്ത്രപരമായ ഒരു ഗോളിലൂടെ ബെൽജിയത്തെ ആദ്യം മുന്നിലെത്തിച്ചത്. നാൽപത്തിയേഴാം മിനിറ്റിലായിരുന്നു ഗോൾ. ബോക്സിൽ നിന്നു കിട്ടിയ പന്ത് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിന്റെ മൂലയിലേയ്ക്ക് കോരിയിടുകയായിരുന്നു മെർട്ടെൻസ്. പിന്നീട് ലുക്കാക്കുവിന്റെ ഊഴമായിരുന്നു. ആറു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ലുക്കാക്കുവിന്റെ രണ്ട് ഗോളുകളും. ആദ്യം അറുപത്തിയൊൻപതാം മിനിറ്റിലും രണ്ടാമത്തേത് എഴുപത്തിയഞ്ചാം മിനിറ്റിലും. 

 എല്ലാം കൊണ്ടും ശക്തരായിരുന്നു ബെൽജിയം. കിക്കോഫ് മുതൽ ചെങ്കടൽ ഇരമ്പുകയായിരുന്നു. എന്നാൽ, പാനമയുടെ തീരം വിറച്ചില്ല. വിൻസന്റ് കംപാനിയില്ലാതെ ഇറങ്ങിയ ബെൽജിയത്തിന്റെ ഓരോ നീക്കവും  പാനമയുടെ ഗോൾ ഏരിയയിൽ എരിഞ്ഞടിങ്ങി. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ എഡൻ ഹസാർഡിനും ലുക്കാക്കുവിനും കഴിഞ്ഞിരുന്നില്ല. പാനമയുടെ പ്രതിരോധഭടൻ ടോറസാണ് ഈ മുന്നേറ്റങ്ങളുടെ മുനയൊടിച്ചവരിൽ മുമ്പൻ. എന്നാൽ, ഈ പിഴവുകൾക്ക് ഹസാർഡും ലുക്കാക്കുവും രണ്ടാം പകുതിൽ പ്രായശ്ചിത്തം ചെയ്തു. എണ്ണം പറഞ്ഞ മൂന്ന് ഗോളുകളിലൂടെ.

LIVE BLOG STATISTICS LINE-UPS

Loading Live Blog..

Content Highlights: World Cup 2018 Belgium vs Panama