ബ്യൂണസ് ഏറീസ്: ലോകകപ്പ് ഫുട്ബോളിന് ഒരുങ്ങുന്ന അര്‍ജന്റീന ടീമിന് വീണ്ടും തിരിച്ചടി. വെസ്റ്റ്ഹാമിന്റെ മധ്യനിര താരം മാനുവല്‍ ലാന്‍സീനി ടീമിലുണ്ടാകില്ല. കാല്‍മുട്ടിന്റെ അസ്ഥിക്കേറ്റ പൊട്ടലാണ് ലാന്‍സീനിക്ക് തിരിച്ചടിയായത്. കഴിഞ്ഞ മാസം അര്‍ജന്റീന പരിശീലകന്‍ ജോര്‍ജ് സാംപോളി പ്രഖ്യാപിച്ച 23 അംഗ സംഘത്തില്‍ ലാന്‍സീനിയുണ്ടായിരുന്നു.  ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അര്‍ജന്റീന ഇക്കാര്യം വ്യക്തമാക്കിയത്. ലാന്‍സീനിക്ക് പകരക്കാരനെ ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ല. 

കഴിഞ്ഞ സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിനായി കളത്തിലിറങ്ങിയ ലാന്‍സീനി 27 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോള്‍ നേടിയിരുന്നു. ജൂണ്‍ 16ന് ഐസ്‌ലന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. കഴിഞ്ഞ ആഴ്ച്ച ഹെയ്ത്തിക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ലാന്‍സീനിയുണ്ടായിരുന്നു. 

ലാന്‍സീനിയെക്കൂടാതെ അര്‍ജന്റീനയുടെ മധ്യനിരയില്‍ എവര്‍ ബനേഗ, ലൂക്കാസ് ബിഗ്ലിയ, എയ്ഞ്ചല്‍ ഡി മരിയ, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റിയന്‍ പവൊന്‍, മാക്‌സിമിലിയാനൊ മെസ, എഡ്വാര്‍ഡൊ സാല്‍വിയോ എന്നിവരാണുള്ളത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പറായ സെര്‍ജിയൊ റൊമേരോയും അര്‍ജന്റീനയുടെ ടീമില്‍ നിന്ന് പുറത്തായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്ക് തന്നെയായിരുന്നു റൊമേരോയുടേയും വില്ലനായത്. 

Content Highlights: West Ham's Manuel Lanzini out of Argentina squad World Cup 2018