മോസ്‌കോ: ലോകകപ്പ് കാണാനെത്തിയ ആരാധകര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ വക അപ്രതീക്ഷിത സമ്മാനം. വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചത്. 

ലോകകപ്പിന്റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് 2018 മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകുക. ലോകകപ്പ് കാണാണെത്തിയ ആരാധകര്‍ക്കുള്ള വിസയുടെ കാലാവധി നിലവില്‍ ജൂലായ് 25 വരെയായിരുന്നു. 

ഫാന്‍ ഐഡി ഉള്ള വിദേശികള്‍ക്ക് റഷ്യയില്‍ ഈ വര്‍ഷം എത്രതവണ വേണമെങ്കിലും വിസയില്ലാതെ സന്ദര്‍ശനം നടത്താമെന്ന്‌ പുടിന്‍ പറഞ്ഞു. 

റഷ്യയും പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള ബന്ധം അത്ര സുഖകരമല്ലാത്ത സമയത്താണ് ലോകകപ്പ് നടന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ ഫുട്‌ബോള്‍ ഓഫീഷ്യല്‍സും നേതാക്കളും റഷ്യയുടെ സംഘാടനത്തെ പുകഴ്ത്തിയിരുന്നു. 

ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരം പുടിനും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണും ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ കിടാരോവിച്ചും ഒന്നിച്ചാണ് കണ്ടത്. ഇരു നേക്കളെയും അഭിനന്ദിച്ച പുടിന്‍ ഇരു ടീമുകളും നന്നായി കളിച്ചുവെന്നും പറഞ്ഞു.