മോസ്‌കോ: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉത്സവം സമ്മാനിച്ചാണ് റഷ്യന്‍ ലോകകപ്പിന് തിരശ്ശീല വീണത്. സംഘാടനത്തിന്റെ കാര്യത്തിലും റഷ്യ ഒരുപടി മുന്നിലായിരുന്നു. എന്നാല്‍ ഫൈനലിന് ശേഷം റഷ്യയുടെ ആ പ്രയത്‌നത്തിനെല്ലാം ഇടിവ് സംഭവിക്കുന്ന കാഴ്ച്ചയ്ക്കാണ് ലുഷ്‌നിക്കി സ്റ്റേഡിയം വേദിയായത്.

റഷ്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയത് മറ്റാരുമല്ല. പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ തന്നെയാണ്. ഫൈനലിന് ശേഷം നടന്ന സമ്മാനദാനത്തിനിടയിലെ പുതിന്റെ പ്രവൃത്തിയാണ് റഷ്യക്ക് നാണക്കേടുണ്ടാക്കിയത്. റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യന്‍ താരങ്ങളെ അനുമോദിക്കുന്നതിനിടയില്‍ മഴ പെയ്തു. ഫ്രാന്‍സിന്റെ പ്രസിഡന്റ്  ഇമ്മാനുവല്‍ മാക്രോണും ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിണ്ട ഗ്രാബറും വേദിയില്‍ മഴ നനഞ്ഞു നില്‍ക്കെ പുതിന്‍ മാത്രം വലിയൊരു കുടയ്ക്ക് കീഴിലേക്ക് മാറുകയായിരുന്നു. പുതിന്റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയ പരിഹാസത്തോടെയാണ് സ്വീകരിച്ചത്. 

റഷ്യയില്‍ ഒരേ ഒരു കുട മാത്രമേയുള്ളൂവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ചോദ്യം. അതിഥികളായ ഫ്രാന്‍സ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ മഴ നനഞ്ഞ് നില്‍ക്കുമ്പോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റ് ഇങ്ങനെ ചെയ്തത് ശരിയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.

Content Highlights: Vladimir Putin Gets Trolled For Bringing Umbrella During Award Ceremony