പാരീസ്: വിശ്വകിരീടവുമായി ഫ്രഞ്ച് ടീം വന്നിറങ്ങിയത് ജനസാഗരത്തിലേക്ക്. തിങ്കളാഴ്ച്ച ഉച്ച മുതല്‍ പതിനായിരക്കണക്കിന് ആരാധകരാണ് ടീമിനെ വരവേല്‍ക്കാന്‍ ഷാംപ് എലീസിയില്‍ കാത്തുനിന്നത്. ആ ആരാധക്കൂട്ടത്തിനിടയിലേക്ക് കിരീടവുമായി ഫ്രഞ്ച് സംഘം വന്നിറങ്ങിയതോടെ ആരവം മുഴങ്ങി. തുറന്ന ബസില്‍ യാത്ര തുടങ്ങിയ ടീമംഗങ്ങള്‍ ആരാധകരെ അഭിവാദ്യം ചെയ്തു. 

ടീമംഗങ്ങളേയും വഹിച്ചുകൊണ്ടുള്ള എയര്‍ ഫ്രാന്‍സ് വിമാനം ഫ്രഞ്ച് സമയം വൈകുന്നേരം 4.40-ഓടെ ഷാര്‍ലെ ദെ ഗോള്‍ വിമാനത്താവളത്തില്‍  ലാന്‍ഡ് ചെയ്തു. കളിക്കാര്‍ പുറത്തിറങ്ങും മുമ്പെ വിമാനത്തിന് മുകളില്‍ ഇരുവശങ്ങളില്‍ നിന്നും വെള്ളം ചീറ്റി (വാട്ടര്‍ സല്യൂട്ട്‌). തുടര്‍ന്ന് സ്വര്‍ണക്കപ്പുമായി ആദ്യം പുറത്തിറങ്ങിയത് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സുമാണ്. ഇരുവരും ആള്‍ക്കൂട്ടത്തിലേക്ക് ട്രോഫി ഉയര്‍ത്തിക്കാട്ടി. പിന്നീട് ടീമംഗങ്ങള്‍ ഓരോരുത്തരായി താഴെ വിരിച്ച ചുവന്ന പരവതാനിയിലേക്കിറങ്ങി.

അതിനു ശേഷം തയ്യാറാക്കി വെച്ചിരുന്ന തുറന്ന ബസ്സില്‍ ടീം പാരിസ് നഗരത്തെ വലയം വെച്ചു. ആരാധകരുടെ സ്‌നേഹാരവങ്ങള്‍ ഏറ്റുവാങ്ങി. ഈ യാത്ര ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിലാണ് സമാപിച്ചത്.

paris
Photo: Twitter

കൊട്ടാരത്തില്‍ ഒരുക്കിയിരിക്കുന്ന വിരുന്നില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആയിരത്തോളം അതിഥികള്‍ പങ്കെടുക്കും. പാരീസിലെ യൂത്ത് ഫുട്‌ബോള്‍ ക്ലബ്ബുകളിലെ താരങ്ങളും അതിഥികളായുണ്ടാകും. ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ നല്‍കി താരങ്ങളെ ആദരിക്കും. ഈ ചടങ്ങിന്റെ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Victorious France team land back in Paris and head for Champs Elysees