ബ്യൂണസ് ഏറീസ്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. സാംപോളി സ്ഥാനമൊഴിയാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തക്കിടെ സൗജന്യമായി അര്‍ജന്റീനയെ പരിശീലിപ്പിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് ഇതിഹാസ താരം മാറഡോണ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ച ഇപ്പോള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന, നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ്പ് ഗാര്‍ഡിയോള ബ്യൂണസ് ഏറീസിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഓരോ വര്‍ഷവും 83 കോടി രൂപയോളം വാഗ്ദാനം ചെയ്താണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഗാര്‍ഡിയോളക്കായി ചരടു വലിക്കുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും സൂചനയുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയിലും അര്‍ജന്റീനയിലും കളിക്കുന്ന സെര്‍ജിയോ അഗ്യൂറോയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഗാര്‍ഡിയോള വരുന്നത് മെസ്സിയുടെ കൂടി സമ്മതത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ 2021 വരെ ഗാര്‍ഡിയോളക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുണ്ട്. അതുകൊണ്ടു തന്നെ സിറ്റിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവേണം ഗാര്‍ഡിയോളക്ക് അര്‍ജന്റീനയുടെ പരിശീലക കുപ്പായമണിയാന്‍. ഇതില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലപാട് കൂടി വന്നാല്‍ മാത്രമേ അന്തിമ തീരുമാനത്തിലെത്താനാകൂ. 

Content Highlights: The AFA to offer Pep Guardiola to leave Man City and take job