ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും അവരുടെ കോച്ചിനും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണം. ഫിഫ പ്രസിഡന്‍ഡ് ഗിയാനി ഇന്‍ഫന്റിനോയാണ് ഇവരെ റഷ്യയില്‍ നടക്കുന്ന ഫുഡ്‌ബോള്‍ ലോകകപ്പിന്റെ ഫൈനല്‍ കാണാന്‍ ക്ഷണിച്ചത്. 

ജൂലായ് 15 നാണ് ഫൈനല്‍ നടക്കുക. അന്ന് ലോകപ്പ് ഫൈനല്‍ വേദിയില്‍ പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ഇവരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. തായ്‌ലന്‍ഡ് ഫുട്ബോള്‍ അസോസിയേഷന് നല്‍കിയ കത്തിലാണ് ഗിയാനി ഇവരെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്.

തായ്‌ലന്‍ഡ് യൂത്ത് ഫുട്‌ബോള്‍ ടീമംഗങ്ങളാണ് ഗുഹയില്‍ കുടുങ്ങിയത്. ജൂണ്‍ 23നാണ് കോച്ചടക്കുന്ന 13 അംഗസംഘം കനത്ത മഴയെ തുടര്‍ന്ന് ഗുഹക്കുള്ളില്‍ കുടുങ്ങിയത്.

രക്ഷാപ്രവര്‍ത്തകര്‍ ഇവരെ ജൂലായ് മൂന്നിന് കണ്ടെത്തിയെങ്കിലും കനത്ത മഴയും ഓക്സിജന്റെ കുറവും മറികടന്ന് ഇവരെ പുറത്തെത്തിക്കുക എന്ന കഠിനമായ ലക്ഷ്യമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്. അതേസമയം വ്യവസായിയായ ഇലോണ്‍ മസ്‌ക് രക്ഷാപ്രവര്‍ത്തര്‍ക്ക് സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.