മോസ്‌കോ: ലോകകപ്പിലെ ബ്രസീലിന്റെ ആദ്യമത്സരംമുതല്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് നെയ്മറുടെ കളത്തിലെ പ്രതികരണങ്ങള്‍. എതിരാളികളുടെ ചെറിയ ഫൗളുകളില്‍പ്പോലും നെയ്മര്‍ അമിതമായി പ്രതികരിക്കുവെന്നായിരുന്നു വിമര്‍ശനം. 

ഈ ലോകകപ്പില്‍ ഇതുവരെ 14 മിനിറ്റാണ് നെയ്മര്‍ മൈതാനത്ത് വീണു കിടന്നത് 14 മിനിറ്റ്. ഇന്‍ജുറി ടൈം കണക്കാക്കാതെ നോക്കിയാല്‍, നാല് മത്സരങ്ങളിലായി നെയ്മര്‍ കളിച്ചത് 360 മിനിറ്റ്. അതായത് ഒരു കളിയില്‍ ശരാശരി മൂന്നര മിനിറ്റ് നെയ്മര്‍ വീണു കിടക്കുകയായിരുന്നു. 

ഇതിനെതിരേ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന താരങ്ങളടക്കം രംഗത്തെത്തി. കണക്കിന് ട്രോളും വാങ്ങിച്ച് കൂട്ടി. ഇപ്പോഴിതാ നെയ്മര്‍ക്കെതിരേ മുട്ടന്‍ ട്രോളുമായി എത്തിയിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഒരുകൂട്ടം കുട്ടികള്‍. 

പന്തു തട്ടിവരുന്ന കുട്ടികള്‍ നെയ്മര്‍ എന്ന് കേള്‍ക്കുന്നതോടെ നെയ്മറെ അനുകരിച്ച് ഗ്രൗണ്ടില്‍ വീണുരുളുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍.