കലിനിന്‍ഗാര്‍ഡ്: മൊറോക്കോ അട്ടിമറി പ്രതീക്ഷിച്ച മത്സരത്തില്‍ അവസാന നിമിഷം സമനിലഗോള്‍ നേടി സ്‌പെയിന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇഞ്ചുറി ടൈമിലായിരുന്നു മൊറോക്കൊയോട് സമനില പിടിച്ചത്‌. കോര്‍ണര്‍ കിക്കില്‍ നിന്ന് ഇയാഗോ ആസ്പസ് നേടിയ സമനില ഗോള്‍ ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചെങ്കിലും വാറിലൂടെ ഗോളാണെന്ന് കണ്ടെത്തുകയായിരുന്നു. മൊറോക്കയെ ആക്രമിച്ച് കീഴടക്കാനുള്ള സ്‌പെയിന്‍ കോച്ച് ഹെയ്‌റോയുടെ തീരുമാനം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. 

പതിനാലാം മിനിറ്റില്‍ ഗോള്‍ നേടി ഖാലിദ് ബൗത്തെയ്ബിലൂടെയാണ്  മൊറോക്കോ സ്‌പെയിനിനെ ഞെട്ടിച്ചത്. സ്പാനിഷ് പിന്‍നിരയില്‍ റാമോസും ഇനിയേസ്റ്റയും തമ്മിലുള്ള ആശയക്കുഴപ്പമാണ് മൊറോക്കോയ്ക്ക്‌ ഗോള്‍ സമ്മാനിച്ചത്. പന്ത് പിടിച്ചെടുത്ത ബൗത്തെയ്ബ് അവസരം പാഴാക്കിയില്ല. പിക്ക്വെ പിറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ഡേവിഡ് ഡി ഗിയയുടെ കാലുകള്‍ക്ക് ഇടയിലൂടെ ഒരു ഷോട്ട്. സ്‌പെയിനിനെ ഞെട്ടിച്ചുകൊണ്ട് മൊറോക്കൊ മുന്നിലെത്തി. 1-0

എന്നാല്‍, ഈ ഞെട്ടലില്‍ നിന്ന് ക്ഷണത്തില്‍ തന്നെ സ്‌പെയിന്‍ മുക്തരായി. പ്രതിരോധത്തിലെ പിഴവിന് ആന്ദ്രെ ഇനിയേസ്റ്റ തന്നെയാണ് പിഴ തീര്‍ത്തത്. ബോക്‌സില്‍ ഇടതുഭാഗത്തേയ്ക്ക് പോയി മൂന്ന് ഡിഫന്‍ഡര്‍മാരെ തന്നിലേയ്ക്ക് ആകര്‍ഷിച്ചശേഷം പോസ്റ്റിന് മുന്നില്‍ നിന്ന ഇസ്‌ക്കോയ്ക്ക് ഒന്നാന്തരമായി ടാപ്പ് ചെയ്ത് കൊടുക്കുകയായിരുന്നു ഇനിയേസ്റ്റ. ഇസ്‌ക്കോ അവസരം നഷ്ടപ്പെടുത്തിയില്ല. മത്സരം സമനിലയില്‍. 1-1

എന്നാല്‍, എണ്‍പത്തിയൊന്നാം മിനിറ്റില്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ യൂസഫ് എല്‍ നെസിരിയാണ് മൊറോക്കോയെ വീണ്ടും മുന്നിലെത്തിച്ചത്. 72-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ബൗത്തെയ്ബിന് പകരക്കാരനായി എത്തിയതാണ് എല്‍ നെസിരി. 2-1.

ഹക്കീം സിയേഷിന് ഗോളെന്നുറച്ചൊരവസരം പാഴായതിന്റെ പിന്നാലെയാണ് ഈ ഗോള്‍ പിറന്നത്. സിയേഷ് പോസ്റ്റിലേക്ക് തൊടുത്ത പന്ത് പീക്കെയുടെ ശരീരത്തില്‍ തട്ടി കോര്‍ണറിലേക്ക് പോകുകയായിരുന്നു. ഫജ്ര്‍ എടുത്ത ഈ കോര്‍ണര്‍ കിക്കാണ് നെസിരി ഗോളാക്കി മാറ്റിയത്.

ഡാനിയല്‍ കാര്‍വജിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് 93-ാം മിനിറ്റില്‍ ഇയാഗോ ആസ്പസ് സ്‌പെയിനിന്റെ മാനം രക്ഷിച്ച ഗോള്‍ കണ്ടെത്തിയത്. 2-2

പന്ത് കൈയടക്കം വെക്കുന്നതില്‍ വിജയിച്ച സ്‌പെയിന്‍ പക്ഷേ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. അതേ സമയം കുറഞ്ഞ സമയം മാത്രമെ മൊറോക്കന്‍ താരങ്ങളുടെ കാലില്‍ പന്ത് നിന്നുള്ളുവെങ്കിലും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്കായി.

ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട മൊറോക്കോയ്ക്ക് ശക്തരായ സ്‌പെയിനോട് സമനില പിടിക്കാനായതിന്റെ ആശ്വാസത്തില്‍ റഷ്യയില്‍ നിന്ന് മടങ്ങാം.  മൊറോക്കോയും സ്‌പെയിനും ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ പോര്‍ച്ചുഗലാണ് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടിറില്‍ കടന്ന മറ്റൊരു ടീം.

തത്സമയ വിവരണങ്ങൾക്ക്

LIVE BLOG STATISTICS LINE-UPS

Loading Live Blog..