ലണ്ടന്‍: ഇംഗ്ലണ്ടിനെ ലോകകപ്പ് ക്വാര്‍ട്ടര്‍ വരെ എത്തിച്ച പരിശീലകന്‍ ഗരെത്ത്  സൗത്ത്‌ഗേറ്റാണിപ്പോള്‍ ഇംഗ്ലീഷുകാരുടെ ഹീറോ. സൗത്ത്ഗേറ്റിന്റെ വെയ്സ്റ്റ് കോട്ട് ബ്രിട്ടീഷുകാരുടെ ഹൃദയത്തില്‍ അതിനേക്കാള്‍ ഇടംപിടിക്കുകയും ചെയ്തു. വെസ്റ്റ്കട്ട്‌ (waistcoat)വില്പന പൊടിപൊടിക്കുകയാണിപ്പോള്‍ അവിടെ. റഷ്യന്‍ ലോകകപ്പ് തുടങ്ങിയത് മുതല്‍ ഇതുവരെ കോട്ട് വില്പനയില്‍ 35 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. 

ഇംഗ്ലണ്ട് പൂര്‍ണമായും പരിശീലകന്‍ സൗത്ത്ഗേറ്റിന്റെ ടീമാണെന്നാണ് അറിയപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലേതുപോലെ വമ്പന്‍താരങ്ങളുടെ സാന്നിധ്യമില്ലാത്ത ടീം.

നായകന്‍ ഹാരി കെയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോളടിയന്ത്രമാണെങ്കിലും ഫുട്ബോളിന്റെ വമ്പന്‍ പേരുകളില്‍ ആദ്യം ചേര്‍ക്കപ്പെടുന്നയാളല്ല. പ്രീമിയര്‍ ലീഗില്‍ പയറ്റിത്തെളിഞ്ഞ ഒരു സംഘം യുവകളിക്കാരാണ് സൗത്ത്ഗേറ്റിന്റെ ശക്തി. ഒരോ പൊസിഷനിലും മികച്ച കളിക്കാരും അവര്‍ക്കൊത്ത പകരക്കാരും.