മോസ്‌കോ: ഏഷ്യന്‍ പ്രതീക്ഷയായി ലോകകപ്പിനെത്തിയ ദക്ഷിണികൊറിയന്‍ താരങ്ങള്‍ക്ക് കോച്ച് ഷിന്‍ ടൈ യോങിന്റെ വ്യത്യസ്തമായ പരിശീലനം.  താരങ്ങളുടെ ജഴ്‌സി പരസ്പരം മാറ്റിക്കൊണ്ടാണ് മത്സരത്തിന് മുന്നോടിയായി ഇവര്‍ പരിശീലനം നടത്തുന്നത്. സ്വീഡനുമായി ഇന്നവര്‍ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ എതിരാളികളെ ആശയ കുഴപ്പത്തിലാക്കാനാണ് പരിശീലകന്റെ ഈ ശ്രമം.

പടിഞ്ഞാറന്‍ ജനതയ്ക്ക് ഏഷ്യക്കാരുടെ മുഖമെല്ലാം ഒരുപോലെയിരിക്കുമെന്ന് താന്‍ പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ പരിശീലിപ്പിച്ചതെന്നും ഷിന്‍ ടൈ യോങ് പ്രതികരിച്ചു.

അതേ സമയം ലോകകപ്പിന് മുന്നോടിയായ ദക്ഷിണകൊറിയന്‍ ടീം ഓസ്ട്രിയയില്‍ പരിശീലനം നടത്തുമ്പോള്‍ അവിടേക്ക് സ്വീഡിഷ് ചാരന്‍മാര്‍ കടന്നെത്തിയതായി ആരോപണമുയര്‍ന്നിരുന്നു. സ്വീഡിഷ് പരിശീലക അംഗങ്ങളില്‍ ഒരാളാണ് ചാരനായി എത്തിയതെന്നായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്ന് കര്‍ശന നിരീക്ഷണത്തിലും സുരക്ഷയിലുമാണ് ദക്ഷിണ കൊറിയ പരിശീലനം നടത്തി വന്നിരുന്നത്.

സ്വീഡനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അവരുടെ മുഖ്യപരിശീലകന്‍ ജാന്നീ ആന്‍ഡേഴ്‌സണ്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. എതിരാളികളെ  ബഹുമാനിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മറിച്ചൊരു കാര്യം ഞങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു.