റിയാദ്: ഫുട്‌ബോള്‍ ലോകകപ്പില്‍നിന്ന് കേരളത്തിലേക്ക് ഏറെ ദൂരമുണ്ട്. എന്നാല്‍ റഷ്യന്‍ ലോകകപ്പിനുള്ള സൗദി അറേബ്യന്‍ ടീമിലൂടെ 'മലയാളം' ആഗോളവേദിയിലെത്തിയിരിക്കുന്നു. റഷ്യ ലോകകപ്പിനുള്ള സൗദി അറേബ്യ ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് സൗദി ദേശീയ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ മലയാളവും ഇടംപിടിച്ചു.

സൗദിയുടെ ജീവിതവും സംസ്‌കാരവും പശ്ചാത്തലമാകുന്ന വീഡിയോയില്‍ 23 താരങ്ങളെയും വ്യത്യസ്ത രീതിയിലാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മധ്യനിര താരം അബ്ദുല്‍ മാലിക് അല്‍ഖൈബരിയെ പരിചയപ്പെടുത്തത് മലയാളത്തിലാണ്.

'ലോകകപ്പിനുള്ള സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ബൈരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?' എന്ന് ബാര്‍ബര്‍ ഷോപ്പിലെ റേഡിയോയില്‍ മലയാളത്തില്‍ അറിയിപ്പ് വരുന്നതായാണ് വീഡിയോയിലുള്ളത്. മറ്റു താരങ്ങളെ ഇതുപോലെ വ്യത്യസ്തരീതിയിലാണ് അവതരിപ്പിക്കുന്നത്. പല രാജ്യങ്ങളും ടീം പ്രഖ്യാപനത്തിനായി വ്യത്യസ്ത വീഡിയോകള്‍ പുറത്തിറക്കിയിരുന്നു.