ലണ്ടന്‍: നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ ഈജിപ്തിന് കനത്ത തിരിച്ചടിയായി മുഹമ്മദ് സലായുടെ പരിക്ക്. സലാ പരിക്കില്‍ നിന്ന് മോചിതനാകാന്‍ ഇനിയും മൂന്ന് മുതല്‍ നാല് ആഴ്ചവരെ വേണ്ടി വരുമെന്ന് ലിവര്‍പൂള്‍ ഫിസിയോ അറിയിച്ചു. പരിക്കില്‍ നിന്ന് മോചിതനാകുമ്പോഴേക്കും സലായ്ക്ക് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍മാഡ്രിഡുമായുള്ള മത്സരത്തിനിടെയാണ് സലായ്ക്ക് പരിക്കേറ്റത്. റയല്‍ ക്യാപ്റ്റന്‍ സര്‍ജിയോ റാമോസ് പന്തിനായുള്ള പോരാട്ടത്തില്‍ സലായെ വലിച്ചിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തോളിനാണ് പരിക്കേറ്റത്. സലായുടെ പരിക്ക് ഗുരതരമാണെന്നും ഈ സീസണില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും മത്സരശേഷം ലിവര്‍പൂള്‍ കോച്ച് ജര്‍ഗന്‍ ക്ലോപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചെത്തുമെന്ന പ്രത്യാശയിലായിരുന്നു സലായും ഈജിപ്തുകാരും. പരിഹാരത്തിനായി ഇപ്പോള്‍ വിശ്രമമാണ് വേണ്ടത്. ഫൈനല്‍ മത്സരത്തിന് ശേഷം അദ്ദേഹത്തിന് സ്വന്തമായി ഡ്രസ് മാറ്റാന്‍ പോലും സാധിച്ചിരുന്നില്ല. ഞങ്ങളുടെ സഹായത്താലാണ് വിമാനത്താവളം വരെ എത്തിയതെന്നും ലിവര്‍പൂള്‍ ഫിസിയോ വ്യക്തമാക്കി.

ചികിത്സയ്ക്കായി ഞങ്ങള്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് നാല് ആഴ്ച ഇതിനായി വേണ്ടിവരും. ഇതിന്റെ സമയപരിധി കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രയാസകരമായിരിക്കുമെന്നും ഫിസിയോ അറിയിച്ചു.