സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ആതിഥേയരായതു കൊണ്ട് മാത്രം ഇക്കുറി ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയ ടീമാണ് റഷ്യ. എന്നാല്‍, കളിച്ച രണ്ട് മത്സരങ്ങളിലും ആധികാരികമായി തന്നെ ജയിച്ച ആതിഥേയര്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി മാറി. രണ്ട് എതിരാളികളുടെയും വല ഗോളുകള്‍ കൊണ്ട് നിറച്ച് തലയെടുപ്പോടെ തന്നെയാണ് റഷ്യ അവസാന പതിനാറിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.

ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മത്സരത്തില്‍ വലിയ പ്രതീക്ഷകളുമായി വന്ന ഈജിപ്തിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റഷ്യ തുടര്‍ച്ചയായ രണ്ടാം ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ അവര്‍ സൗദി അറേബ്യയെ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.

സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല പരിക്കില്‍നിന്ന് മുക്തനായി തിരിച്ചെത്തിയതില്‍ വലിയ പ്രതീക്ഷയിലായിരുന്നു ഈജിപ്ത്. പക്ഷേ, അതു ഗ്രൗണ്ടില്‍  പൊലിഞ്ഞുവീഴുന്നതാണ് കണ്ടത്. എണ്ണമറ്റ അവസരങ്ങളാണ് സലയ്ക്കും കൂട്ടുകാരന്‍ ട്രസഗെയ്ക്കും ലഭിച്ചത്. ബോക്‌സില്‍ കയറി മേയാന്‍ അധികമൊന്നും വിട്ടില്ല റഷ്യന്‍ പ്രതിരോധ ഭടന്മാര്‍. ഒരിക്കലാണ് നന്നായി ഒന്ന് കയറാന്‍ കഴിഞ്ഞത്. അതുവഴി ഒരു പെനാല്‍റ്റി സമ്പാദിക്കാനും ആശ്വാസഗോള്‍ നേടാനും കഴിഞ്ഞു. മറ്റുള്ളപ്പോഴെല്ലാം നിരാശാജനകമായരുന്നു സലയുടെയും ട്രസഗെയുടെയും ഫിനിഷിങ്. വീണു കിട്ടിയ അസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ, അവര്‍ റഷ്യയെ മലര്‍ത്തിയടിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലായിരുന്നു. 

റഷ്യയാവട്ടെ ആദ്യ പകുതിയില്‍ ഈജിപ്ഷ്യന്‍ പ്രതിരോധത്തില്‍ വട്ടംകറങ്ങിപ്പോയെങ്കിലും രണ്ടാം പകുതിയില്‍ മറന്നുപോയ സ്‌കോറിങ് പാടവം പൊടിതട്ടിയെടുത്തു. നാലു മിനിറ്റിനുള്ളിലാണ് അവര്‍ രണ്ട് ഗോളും അടിച്ചത്. ചെറിഷേവും സ്യൂബയുമായുരുന്നു ആ ഗോളുകള്‍ക്ക് പിന്നില്‍. 

ക്യാപ്റ്റന്‍ ഫാത്തിയുടെ ഒരു സെല്‍ഫ് ഗോളിലാണ് ഈജിപ്തിന്റെ പതനം ആരംഭിച്ചത്. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിലാണ് ഈജിപ്തിന് ആദ്യ ഷോക്കേറ്റത്. ബോക്‌സില്‍ നിന്ന് സോബ്‌നിന്‍ എടുത്തത് ഒരു ദുര്‍ബലമായ ഷോട്ടായിരുന്നു. എന്നാല്‍ അത് ക്ലിയര്‍ ചെയ്യുന്നതിനിടെ ഫാത്തിക്ക് പിഴച്ചു. സ്യൂബയ്ക്ക് മുന്നില്‍ നിന്ന് ആയാസപ്പെട്ട് ക്ലിയര്‍ ചെയ്യുന്നതിനുള്ള ശ്രമത്തിനിടെ പന്ത്  മുട്ടിലിടിച്ച്   നേരെ വലയിലേയ്ക്ക്. ഈജിപ്തിനെ ഞെട്ടിച്ച ഗോള്‍. 

പിന്നീട് അമ്പത്തിയൊന്‍പതാം മിനിറ്റില്‍ ചെറിഷേവിന്റെ ഊഴമായിരുന്നു. ആദ്യ പകുതിയില്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്കൊരു പരിഹാരം. റഷ്യ മെനഞ്ഞെടുത്ത മനോഹരമായ നീക്കത്തിനൊടുവില്‍ ചെറിഷേവിന്റെ ക്ലിനിക്കല്‍ ഫിനിഷ്. ഈജിപ്ത് തരിച്ചടിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങും മുന്‍പ് അറുപത്തിരണ്ടാം മിനിറ്റില്‍ സ്യൂബയും വല ചലിപ്പിച്ചു. ബോക്‌സിലേക്ക ഉയര്‍ന്നു കിട്ടിയ പന്ത് നെഞ്ച് കൊണ്ട് നിയന്ത്രിച്ച ശേഷം സ്യൂബയുടെ ഷോട്ട് വലയിലേക്ക്. പിന്നീട് 73-ാം മിനിറ്റില്‍ സലയുടെ പെനാല്‍റ്റി ഗോളെത്തി. 

ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ പകുതി. ഈജിപ്തിന്റെ പ്രതിരോധത്തില്‍ കോട്ട കെട്ടി ഡിഫന്‍ഡര്‍ അലി ഗാബറും ഗോള്‍കീപ്പര്‍ മുഹമ്മദ് എല്‍ ഷെനാവിയും അണിനിരന്നതോടെ ചെറിഷേവിന്റെയും സ്യൂബയുടേയും ആക്രമണത്തിന്റെ മുനയൊടിഞ്ഞു. മറുവശത്ത് സലയുടെ മികച്ചൊരു ഷോട്ട വന്നത് 42-ാം മിനിറ്റിലാണ്. റഷ്യയുടെ ഡിഫന്‍ഡറെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കി സല തൊടുത്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

മത്സരത്തിന്റെ ലൈവ് അപ്‌ഡേറ്റ്‌സിലേക്ക്‌...

LIVE BLOG STATISTICS LINE-UPS

Loading Live Blog..

Content Highlights: Russia vs Egypt World Cup 2018